2014, ഒക്‌ടോബർ 11, ശനിയാഴ്‌ച


ഇന്നലത്തെ വാര്‍ത്ത .....

വയറ്റുവേദനയെന്നും പറഞ്ഞ് ഒരു പെണ്ണൊരുത്തി ആശുപത്രീലെത്തി .
ഒക്കെ ഭേദാവൂലോ  ന്നാര്‍ന്നു ചിന്ത .
കേമന്മാരായ ഡോക്ടര്‍മാര്‍ കണ്ട പാടെ അപ്പെന്‍ഡിക്സിന് ചികിത്സ തുടങ്ങി.
കിടത്തി ചികിത്സ .
രണ്ടൂസം കഴിഞ്ഞപ്പോ പെണ്ണിന് പ്രസവിക്കാന്‍ മുട്ടി .
ഓടി, ടോയ്ലെറ്റില്‍ കേറി .പെറ്റിട്ടു.
കുഞ്ഞിനെ അവിടെത്തന്നെയിട്ടു വീട് പിടിക്കാന്‍ തിരക്കിട്ട് നടക്കുന്നതിനിടയില്‍ മേലാസകലവും
നില്‍പ്പിലും ,നടപ്പിലും , വഴി നീളെയും ചോര.കട്ട .....കട്ട.....
ഇത് കണ്ട ജനങ്ങള്‍ അവളെ പിടിച്ചു അധികാരികളെ ഏല്‍പ്പിച്ചു .
കുഞ്ഞ് പരാതി പറയാതെ ഞങ്ങള്‍ക്കെന്നാ ചെയ്യാനൊക്കും എന്ന് അധികാരികള്‍ കൈ മലര്‍ത്തി
ക്കാണിച്ചു .
തന്തക്കു പിറക്കാത്ത ഒരു കുഞ്ഞിനെ കൂടി ജനിപ്പിച്ചതില്‍ അറമാദിച്ചു ആണൊരുത്തന്‍ ഒരു  മണ്ണി ലുമുറക്കാതെ , ഭൂമിയിലെ ഏറ്റം നല്ല പ്രദേശമന്വേഷിച്ചു നടപ്പ് തുടര്‍ന്നു .


ഇതെല്ലാം ഇന്നലത്തെ വാര്‍ത്ത.നടന്നത് ഇന്ത്യയില്‍ , കേരളത്തില്‍.
കൊല്ലങ്ങളായി കുട്ടികളെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെടുത്തി, അവരെ വിദ്യാഭ്യാസം ചെയ്യിച്ചു നല്ല മനുഷ്യരാക്കിയെടുത്ത് കൊണ്ടിരിക്കുന്നതിനു മിനിഞ്ഞാന്ന് ഇന്ത്യയിലെ ഒരു
നല്ല മനുഷ്യന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം കിട്ടിയിരുന്നു.
ഇന്നലെയും ,മിനിഞ്ഞാന്നും ഈ വാര്‍ത്തകള്‍ കിട്ടാത്തവര്‍ക്ക് ഇത് ഇന്നത്തെ ചൂട് //അല്ല ചോറിനുള്ള വാര്‍ത്ത.

അതിര്‍ത്തിയിലപ്പോള്‍,യാതൊന്നുമറിയാതെ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ മേലും , വെയില് കാഞ്ഞ് കൊണ്ടിരിക്കുന്ന വൃദ്ധരുടെ മേലും , വേവിച്ചു, വെന്തു കൊണ്ടിരിക്കുന്ന അമ്മമാരുടെ മേലും
വെടിയുതിര്‍ത്തു അയല്പക്ക സൈനികര്‍ വീര്യം കാട്ടല്‍ തുടര്‍ന്നു....

ഇതിനൊക്കെ ശേഷവും നേരമിരുട്ടി ,ഒറക്കം വന്നപ്പോ ഒറക്കം വന്നോരെല്ലാം കെടൊന്നൊറങ്ങി.
പുലര്‍ച്ചയ്ക്കു നാലു മണിയ്ക്ക് കാക്കക്കൂട്ടം കാ കാ......എന്നും അഞ്ചരയ്ക്ക് പൂവന്‍ കോഴി കൊക്കരക്കോ ......കൊക്കരക്കോ എന്നും ആളുകളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

നമ്മള്‍ ഈ മനുഷ്യനെ കുറിച്ച് അറിയാനിത്തിരി വൈകിയോ ?

   കൈലാഷ് സത്യാര്‍ത്ഥി.
   ആയിരത്തി തൊള്ളായിരത്തി അന്‍പത്തിനാലില്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനനം.
   ഇലക്ട്രിക് എഞ്ചിനീയര്‍ ബിരുദം നേടിയതിനു ശേഷം  കോളേജ് അധ്യാപകനായി ജോലിയില്‍
പ്രവേശിച്ചു .
  കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും ,ചൂഷണങ്ങളും , വിവേചനങ്ങളുമെല്ലാം പണ്ടേ മനസ്സിനെ അലട്ടിയിരുന്നതിനാല്‍ ജോലി ഉപേക്ഷിച്ച് കുട്ടികളെയും അവരുടെ കുട്ടിത്തത്തെയും പരിരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
 "ബച്ച്പ്പന്‍ ബച്ചാവോ ആന്ദോളന്‍ " എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു.
  ആയിരക്കണക്കിന് കുഞ്ഞുങ്ങളെ , അവരെ അടിമുടി ചൂഷണം ചെയ്യുന്ന തൊഴിലിടങ്ങളില്‍ നിന്ന് മോചിപ്പിച്ച്‌, അവര്‍ക്ക് വിദ്യയഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍  ഒരുക്കി.
ദാരിദ്ര്യം കൊണ്ട് മാത്രം അടിമപ്പണി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് സത്യാര്‍ത്ഥി പറയുന്നു.വീണ്ടെടുത്ത്, തിരിച്ചു കൊടുക്കുന്ന ഈ കുട്ടികളുടെ ആ കുട്ടിക്കാലവും,  അരക്ഷിതാരായ ഈ  കുട്ടികളും തന്നെയാണ് തന്‍റെ വഴിയാത്രയിലെ എക്കാലത്തെയും ഹീറോകള്‍ എന്നും അദ്ദേഹം പറയുന്നു.
 നമ്മള്‍ക്ക് അറിയേണ്ടത് തേടി നമ്മള്‍ തന്നെ നടക്കണം, അലയണം.
 നമ്മള്‍ കാണേണ്ടത്  നമ്മള്‍ തന്നെ തേടി കണ്ടെത്തണം .
 അല്ലാതെയാരും ഇവരെ പറ്റിയൊന്നും നമ്മോടു പറയില്ല. നോബേല്‍ സമ്മാനം വാങ്ങി ഞങ്ങള്‍ക്കിടയില്‍ ഇടം പിടിച്ച സത്യാര്‍ത്ഥി .......................
അറിയാന്‍ വൈകി,എങ്കിലും അഭിവാദ്യങ്ങള്‍ .

2014, ജൂൺ 1, ഞായറാഴ്‌ച

ഒരു കഥ, മൊഴിമാറ്റിയത് .......


കറുത്ത ചെമ്മരിയാട് -----ഇറ്റാലോ കാല്‍വിനോ .

              ഉള്ളവരെല്ലാം  കള്ളന്‍മാരായിരുന്ന ഒരു രാജ്യമുണ്ടായിരുന്നു.

രാത്രി,  അവിടെയുള്ളവരെല്ലാവരും കള്ളത്താക്കോലും മുനിഞ്ഞു കത്തുന്ന റാന്തല്‍ വിളക്കുമായി അയല്‍ക്കാരന്റെ വീട് തുരന്നു കൊള്ളയടിക്കാനിറങ്ങും.ഭാരിച്ച ചുമടുകളുമായി പുലര്‍ച്ചയ്ക്ക്, അവ രോരോരുത്തരുടെയും വീടുകള്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്ന  കാഴ്ചയിലേയ്ക്കു   അവരെല്ലാം   തിരിച്ച് കയറുകയും ചെയ്യും.

അങ്ങനെ എല്ലാവരുമൊത്തൊരുമിച്ചു സുഖമായി ജീവിച്ചു പോന്നു, ആരും നഷ്ടപ്പെടുത്താതെ,  ഓരോരുത്തരും മറ്റൊരാളില്‍ നിന്നും , ആ മറ്റൊരാള്‍ ഇനിയും വേറൊരാളില്‍ നിന്നും  മോഷ്ടിച്ച് , മോഷ്ടിച്ച്   ഒന്നാമനില്‍ നിന്നും  കട്ട ഒരവസാനക്കാരനില്‍ നിങ്ങളെത്തിച്ചേരും വരെ അതങ്ങനെ തുടര്‍ന്നു തുടര്‍ന്നു പോന്നു. വില്‍പ്പനക്കാരന്റെയും വാങ്ങുന്നവന്റെയും , ഇരു ഭാഗത്ത് നിന്നുമുള്ള  ചതി യില്‍ രാജ്യത്തെ കച്ചവടം അനിവാര്യമായും അകപ്പെട്ടു. സ്വന്തം ജനതയെ കട്ട് മുടിക്കുന്ന ഒരു കുറ്റ വാളി സംഘടനയായിരുന്നു , ഭരണകൂടം , ജനതയാകട്ടെ ഗവണ്മെന്റിനോട് കാപട്യം മാത്രം കാണി ച്ചു തങ്ങളുടെ താല്‍പര്യവും നിറവേറ്റി. ആരും പണക്കാരുമായിരുന്നില്ല , ആരും പാവപ്പെട്ടവരു  മായിരുന്നില്ല,  ജീവിതമങ്ങനെ  വളരെ മാധുര്യമുള്ളതായി കടന്നു പോയി.

ഒരു ദിവസം, എങ്ങനെയെന്നു നമ്മള്‍ക്കറിയില്ല , സത്യസന്ധനായ ഒരാള്‍ ആ സ്ഥലത്ത് വന്നു താമസിക്കാനിടയായി . രാത്രിയില്‍ , തന്‍റെ  ചാക്കും റാന്തലുമായി കൊള്ളയടിക്കാന്‍ പുറത്ത് പോകു ന്നതിനു പകരം അയാള്‍ പുക വലിച്ചും , നോവലുകള്‍ വായിച്ചും വീട്ടില്‍ തന്നെയിരുന്നു . 

കള്ളന്മാര്‍ വന്നു, അണയാത്ത വിളക്കുകള്‍ കണ്ട് അവരകത്തേക്ക് കയറിയില്ല .

കുറച്ചു കാലത്തേക്ക് ഇതിങ്ങനെ തുടര്‍ന്നു, പിന്നീട് അവര്‍ , അയാള്‍ യാതൊന്നും ചെയ്യാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും, മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് അവരെ തടയുന്നത് യുക്തിയല്ലെന്നു അയാളോട് വിശദീകരിക്കാന്‍ നിര്‍ബന്ധിതരായി . എല്ലാ രാത്രിയിലും  അയാള്‍ വീട്ടില്‍ തന്നെ ചെലവഴിക്കുന്നു എന്നതിന്‍റെയര്‍ത്ഥം പിറ്റേ ദിവസം ഒരു കുടുംബത്തിനു കഴിക്കാന്‍ യാതൊന്നും കിട്ടുന്നില്ല  എന്നതാണ്.

ഇത്തരം തര്‍ക്കങ്ങളെയെല്ലാം എതിര്‍ക്കാന്‍ നീതിമാനായ ആ മനുഷ്യന്‍  നന്നെ പ്രയാസപ്പെട്ടു. അവരെല്ലാം ചെയ്യും പോലെ, അയാള്‍ വൈകുന്നേരം പുറത്ത് പോകാനും , പിറ്റേന്നു രാവിലെ  തിരിച്ചു വരാനും തുടങ്ങി,  പക്ഷെ , അയാളൊന്നും മോഷ്ടിച്ചില്ല . അയാള്‍ നേരുള്ളവനായിരുന്നു , അതിനടുത്ത്  നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അയാള്‍  പാലത്തിന്‍റെ അങ്ങേയ റ്റത്ത് പോയി , അടിയിലെ വെള്ളത്തിന്റെ ഒഴുക്ക് നോക്കിക്കൊണ്ടിരുന്നു.വീട്ടില്‍ തിരിച്ചെത്തിയ പ്പോള്‍ , താന്‍ കൊള്ളയടിക്കപ്പെട്ടതായി അയാള്‍ കണ്ടെത്തി.

ഒരാഴ്ച്ചയ്ക്കകം, തന്‍റെ കൈയ്യില്‍ ഒരു നയാപൈസ പോലുമില്ലെന്ന് സത്യസന്ധനായ ആ മനുഷ്യന്‍ മനസ്സിലാക്കി , അയാള്‍ക്ക് കഴിക്കാനൊന്നുമുണ്ടായിരുന്നില്ല ,അയാളുടെ വീടും കാലി യായിരുന്നു. ഇത് പക്ഷെ,കഷ്ടിച്ചൊരു  പ്രശ്നമായിരുന്നു, അതെന്തായാലും അവന്‍റെ തന്നത്താനെ യുള്ള പിഴവുമായിരുന്നു, അതല്ല,  പ്രശ്നമായിരുന്നത് അവന്‍റെ പെരുമാറ്റ രീതികള്‍ എല്ലാത്തി നെയും ഇളക്കി മറിക്കുന്നുണ്ടായിരുന്നു എന്നതാണ്. കാരണം,ആരില്‍ നിന്നും ഒന്നും മോഷ്ടിക്കാ തെ,   അയാള്‍ അയാള്‍ക്കുണ്ടായിരുന്നത് മുഴുവന്‍ മോഷ്ടിക്കാന്‍ മറ്റുള്ളവരെ അനുവദിച്ചു ; അത് കാരണം, പ്രഭാതത്തില്‍ വീട്ടിലേക്കു കയറിച്ചെന്ന  ഏതോ ഒരാള്‍ അവരുടേ  വീട് തൊട്ടിട്ടി ല്ലെന്ന്  കണ്ടെത്തി,  അത്,  അവന്‍  തീര്‍ച്ചയായും കൊള്ളയടിക്കേണ്ട വീടായിരുന്നു. സംഗതി യെന്തായാലും കുറച്ചു കഴിഞ്ഞപ്പോള്‍ , ആരെല്ലമായിരുന്നോ  കൊള്ളയടിക്കപ്പെടാതെ പോയത്, അവരെല്ലാം തന്നെ  മറ്റുള്ളവരെക്കാള്‍ സമ്പന്നരാണെന്ന് മനസ്സിലാക്കുകയും,  കൂടുതലായെന്തെ ങ്കിലും മോഷ്ടിക്കാന്‍ ആഗ്രഹമില്ലാത്തവരായി  മാറുകയും ചെയ്തു . കാര്യങ്ങള്‍ കൂടുതല്‍ വഷളാ വാന്‍ നീതിമാന്റെ വീട്ടിലേക്കു മോഷ്ടിക്കാന്‍ ചെന്നവരാരാണോ, അവരവിടെ  എല്ലായിപ്പോഴും ശൂന്യമാണെന്ന് കാണുകയും  , അങ്ങനെ അവര്‍ പിന്നെയും പാവപ്പെട്ടവരായി പരിണമിക്കുകയും ചെയ്തു.

അതിനിടയ്ക്ക് , ആരൊക്കെയാണോ സമ്പന്നരായത് അവര്‍ക്കൊക്കെ , രാത്രിയില്‍ പാലത്തില്‍ പോയി അടിയിലൂടെ ഒഴുകുന്ന വെള്ളത്തിലേയ്ക്ക് നോക്കിക്കൊണ്ടിരിക്കുക എന്നൊരു സമ്പ്രദായം ലഭിച്ചു . ഇത് കുഴച്ചില്‍ ഒന്ന് കൂടി കൂട്ടിയതെയുള്ളൂ , കാരണം , ഇതിനാല്‍ മറ്റുള്ള കുറെ പേര്‍ പണ ക്കാരാവുകയും മറ്റനേകം പേര്‍ വീണ്ടും പാവപ്പെട്ടവരാകുകയും ഉണ്ടായി.

ഇതിനിടെ, എല്ലാ രാത്രിയിലും പാലത്തിലേയ്ക്ക് പോയാല്‍ അവര്‍ പെട്ടെന്ന് തന്നെ വീണ്ടും  ദരിദ്രരായി മാറുമെന്നു സമ്പന്നര്‍ മനസ്സിലാക്കി . അവരിങ്ങനെ ചിന്തിച്ചു : 'ഞങ്ങള്‍ക്ക് വേണ്ടി  കൊള്ളയടിക്കാന്‍   പോകാന്‍ കുറച്ചു പാവപ്പെട്ടവരെ ശമ്പളത്തിനെടുക്കാം'. അവര്‍ കരാറുകളു ണ്ടാക്കി, മാസ വേതനവും,  ശതമാനവും നിശ്ചയിച്ചു, തീര്‍ച്ചയായും അവരിപ്പോഴും കള്ളന്മാര്‍ തന്നെയായിരുന്നു , അവരപ്പോഴും പരസ്പരം വഞ്ചിക്കാന്‍ തന്നെയാണ് ശ്രമിച്ചുകൊണ്ടിരുന്നതും. പക്ഷെ,  സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായും, ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍  ദരിദ്രരായും കൊണ്ടാടാനിട യായി.

ചില പണക്കാര്‍, ഇനി  മോഷ്ടിക്കേണ്ടയാവശ്യമോ, എന്നെന്നേയ്ക്കുമായി  പണക്കാരാവാന്‍  അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ മോഷ്ടിക്കേണ്ട ആവശ്യമോ വേണ്ടാത്ത വിധം അത്ര കണ്ട് വലിയ പണക്കാരായി ത്തീരുകയുണ്ടായി.പക്ഷെ , അവര്‍ മോഷണം അവസാനിപ്പിക്കുകയാണെങ്കില്‍, അവരില്‍ നിന്നു  ദരിദ്രര്‍ കട്ടെടുക്കുമെന്നതിനാല്‍  അവര്‍ വീണ്ടും പാവപ്പെട്ടവരായി മാറും . അതിനാലവര്‍ പാവപ്പെട്ടവരിലും പാവപ്പെട്ടവര്‍ക്ക് ശമ്പളം കൊടുത്ത്  മറ്റുള്ള പാവപ്പെട്ടവരില്‍ നിന്ന് അവരുടെ  സ്വത്ത് വകകള്‍ സംരക്ഷിച്ചു , അതിന്റെ ഉദ്ദേശ്യം ഒരു പോലീസ് സേനയും ജയിലറകളും സജ്ജീകരിച്ചെടുക്കുക എന്നത് തന്നെയായിരുന്നു .

അങ്ങനെ, സത്യസന്ധനായ ആ മനുഷ്യന്‍ ആവിര്‍ഭവിച്ചു  കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജന ങ്ങള്‍,പക്ഷെ ,സമ്പന്നരെ കുറിച്ചും ദരിദ്രരെ കുറിച്ചുമല്ലാതെ  കൊള്ളയടിക്കുന്നതിനെ പറ്റിയും കൊള്ളയടിക്കപ്പെടുന്നതിനെ പറ്റിയും ഒന്നും മിണ്ടാതായത് . പക്ഷെ, അവരെല്ലാം അപ്പോഴും കള്ളന്മാര്‍ തന്നെയായിരുന്നു .

ആദിയിലുണ്ടായിരുന്ന ആ ഒരേ ഒരു സത്യസന്ധനായ മനുഷ്യന്‍ ഒരു ചെറിയ കാലത്തിനുള്ളില്‍ തന്നെ വിശപ്പിനാല്‍  മരിച്ചു .

    

2014, മേയ് 25, ഞായറാഴ്‌ച

ചിബോക്കിലെ അമ്മമാര്‍ .........

കഴിഞ്ഞ ദിവസം നാട്ടിലുള്ള എന്‍റെ അമ്മയെ വിളിച്ചപ്പോള്‍ , അമ്മ പെട്ടെന്ന്, ഇത്തിരി സങ്കടത്തി ലായി........''എന്നാ വര്ണ് ? എനിക്ക് ങ്ങളെ കാണാഞ്ഞിട്ട്‌ വയ്യ ''. ഞാന്‍ അമ്മയെ സമാധാനിപ്പിച്ചു , അടുത്ത് തന്നെ വരാം എന്ന് ഉറപ്പു കൊടുത്തു .ഏകദേശം ഒന്നര വര്‍ഷമായി ഞാന്‍ അമ്മയെ , വീ ട്ടുകാരെ ,നാടിനെ ഒക്കെ വിട്ടു പോന്നിട്ട് .അടുത്ത് തന്നെ നാട്ടിലെത്തുമെന്ന് വിശ്വസിക്കുന്നു.ഇവി ടെ കെട്ട്യോനും കുട്ടിയുമൊത്താണ്  താമസം . അതൊന്നും അമ്മയ്ക്ക് തണുപ്പേകില്ല. .......... ഇടയ്ക്കെല്ലാം കണ്‍നിറയെ കാണണം .അതാണ് അമ്മയുടെ പക്ഷം .
ഞാനും ആ പക്ഷത്താണ്.......എനിക്കും ഇടയ്ക്കെല്ലാം അമ്മയെ കാണണമെന്ന് തോന്നാറുമുണ്ട്


''എന്ന് വരും? '' എന്ന ചോദ്യത്തിനു ഉറപ്പുള്ള ഒരു തിയ്യതി കൊടുക്കാന്‍ എനിക്കായില്ല . ആ ചോദ്യത്തില്‍ പിടിച്ചു കുറച്ചു നേരമിരുന്നപ്പോള്‍, ചോദ്യചിന്ഹത്തിന്റെ ഒരറ്റത്ത് ചിബോക്കിലെ
അമ്മമാര്‍ വന്നു നില്‍ക്കുന്നത് പോലെ എനിക്ക് തോന്നി.........മറ്റേ അറ്റത്ത്‌ എവിടെയെന്നോ , വരുമെന്നോ അറിയാത്ത ഇരുനൂറില്‍പ്പരം  പെണ്‍കുട്ടികളും ......... 

ചിബോക്കുകാര്‍ കൃഷിക്കാരാണ് , പക്ഷെ ഇപ്പോള്‍ അവരെ അലട്ടുന്നത് വിശപ്പാണ് . ഉള്ള് കത്തി ക്കുന്ന വിശപ്പ്‌ . എന്നാലിപ്പോള്‍ അവര്‍ക്കൊന്നും  കൃഷിപ്പണിക്കായി പാടത്തിറങ്ങാന്‍ വയ്യെന്ന്, കുടിലിലെ തങ്ങളുടെ  കതിരെല്ലാം കൊത്തി ക്കൊണ്ടു പോയ സങ്കടത്തില്‍ ഒരു ഗ്രാമത്തിലെ അനവധി വീടുകളില്‍ , വീട്ടുകാര്‍ വാതിലടച്ചിരുന്നു തേങ്ങിക്കരയുന്നു........വാതില്‍ തുറന്നു പുറത്തേ ക്കു നോക്കിയാല്‍, പുറത്തു മുഴുവന്‍ അവരുടെ  പെണ്മക്കളുടെയും കൂട്ടുകാരികളുടെയും മുഖങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്നതായി തോന്നും.ആരോട് ചോദിച്ചാല്‍ അവരെവിടെ എന്നെങ്കിലും അറിയും,
എന്നറിയാത്തതിനാല്‍ വെളിച്ചത്തിന് നേരെ വാതിലടക്കും......ഇരുട്ടാണ്‌ ചിലപ്പോഴെങ്കിലും നല്ലതെന്നും തോന്നും.
ആ അമ്മമാര്‍ക്കിപ്പോള്‍ മറ്റൊരു കണ്ണിലേക്കും നോക്കാന്‍ വയ്യ...........നോക്കിയാല്‍ ആ കണ്ണുക ളില്‍ നിന്ന് പുറത്തേയ്ക്ക് ചാടാന്‍ വെമ്പി നില്‍ക്കുന്ന കുറെ പെണ്‍കുട്ടികളുടെ മുഖങ്ങള്‍ അവര്‍ക്ക്
നേരെ കൈ ഉയര്‍ത്തുന്നതായി അവര്‍ക്ക് തോന്നും.........ഇനി കാണാന്‍ വയ്യെന്ന് അവര്‍ , സ്വയം കണ്ണുകള്‍ ഇറുക്കിയടക്കും.
എന്നാലും, എല്ലാ പുലര്‍ച്ചകളിലും അവര്‍ പ്രതീക്ഷയാല്‍  പായ വിട്ടെണീക്കാറുണ്ട് .......''ഇന്ന് സന്ധ്യക്ക് മുന്‍പെങ്കിലും........'' എന്ന് പ്രാര്‍ത്ഥിക്കാറുമുണ്ട് .
അതിനിടയില്‍ ഹൃദയം നുറുങ്ങി ചിലര്‍ മണ്ണിലേക്ക് തിരിച്ചു പോകുന്നുമുണ്ട് . 
ജീവനോടെയില്ലെങ്കില്‍ അവരുടെ മൃതദേഹങ്ങളെങ്കിലും  ഞങ്ങള്‍ക്കൊന്നു കാട്ടിത്തരൂ ....... അതുമായി ഞങ്ങളൊന്നു പൊരുത്തപ്പെടട്ടെ എന്ന് നിലവിളിക്കുന്ന രക്ഷിതാക്കളുമുണ്ട്.
പരീക്ഷയെഴുതാനിരുന്ന മക്കളെ  സംരക്ഷിക്കാത്ത ഭരണകൂടത്തിനു എന്ത് ഉത്തരവാദിത്വമുണ്ടെ ന്നു ചിലര്‍ രോഷം കൊള്ളുന്നു........ഒന്നും രണ്ടുമല്ല ,ഇരുനൂറില്‍പ്പരം  പെണ്‍കുട്ടികളെയാണ് തോക്ക് കാട്ടി ,പിടിച്ചു കൊണ്ട് പോയത് .

പിന്നീടുണ്ടായതെല്ലാം അവരെ സംബന്ധിച്ച് കേട്ടുകേള്‍വികള്‍ മാത്രമായിരുന്നു........
വില്‍ക്കുമെന്ന് , ആരെല്ലാമോ കണ്ടെന്നു , മതം മാറ്റിയെന്നു, അങ്ങനെ അനവധി വാര്‍ത്തകള്‍......
അവരെ വിഴുങ്ങുന്ന യാഥാര്‍ഥ്യം മറ്റ് പലതുമായിരുന്നു..........

അത്,  അവരുടെ മക്കളുടെ കാല്പെരുമാറ്റത്തിനായി വീടും നാടുമെല്ലാം അതിരറ്റു മോഹിക്കുന്നു ണ്ട് എന്നതാണ് ........
രക്ഷിതാക്കള്‍,  ആ പെണ്‍കുട്ടികളുടെ ഒച്ചയനക്കത്തിനായി മാത്രം ചെവി കൂര്‍പ്പിച്ചിരിക്കുന്നുണ്ട്
എന്നതാണ്..........
ഇളയവര്‍ , നിഴല്‍ വീഴുന്ന വഴിയിലേയ്ക്കു നോക്കി നോക്കി ,നനഞ്ഞ കണ്ണുമായി  പതിയെ വീടണയുന്നു എന്നതാണ് ......... 
എങ്ങനെയോ രക്ഷപ്പെട്ട കൂട്ടുകാരികള്‍, അവരെ ഒന്ന് കണ്‍ നിറയെ കണ്ടാല്‍ മതിയെന്ന് പറഞ്ഞു ഉറക്കമിളച്ചു കാത്തിരുപ്പുണ്ട് എന്നതാണ്.........
ഒന്നമര്‍ത്തിപ്പിടിക്കാന്‍ ആ അമ്മമാരുടെ കൈകളിപ്പോഴും തരിച്ചു കിടപ്പുണ്ട് എന്നതാണ്........
ഒറ്റ രാത്രിയിലെ കാറ്റിനാല്‍ കൊമ്പടര്‍ന്നു വീണു, കണ്ണീര്‍ പൊഴിക്കുന്ന  ആ മരം, ഒരമ്മയെ പേറ്റു
നോവിന്റെ നിറവുകളിലേയ്ക്ക് കൊണ്ട് പോകുന്നുണ്ട് എന്നതാണ് ......
അടരാത്ത മറ്റൊരു ചില്ലമേല്‍ ഊഞ്ഞാല് കെട്ടി തന്‍റെ നേരെ കുതിച്ചു കൊണ്ടേയിരിക്കുന്ന ഒരു പെണ്‍ കുഞ്ഞിനെ എല്ലാ രാത്രികളിലും കിനാവ് കാണാറുണ്ട്  എന്നതാണ് ......
എല്ലാവരുമൊരുമിച്ചു തെരുവിലിറങ്ങി സമരം ചെയ്യാറുണ്ട് എന്നതാണ്.........
ലോകം കേള്‍ക്കുമാറു , കാടു കിടുങ്ങുമാറ് കരയാറുണ്ട് എന്നതാണ്.........
ഒന്നുമില്ലാത്ത , ഒരു പകല്‍ കൂടി കെട്ടടങ്ങുകയാണ്  എന്ന് ബോധ്യമായാല്‍ ,പാടത്തെയ്ക്കിറങ്ങി
ഇരുട്ട് വീഴുന്നതറിയാതെ , അപ്പോഴും പുല്ല് ചവച്ചു കൊണ്ടിരിക്കുന്ന പശുവിനെ തലോടി നേരം പോകുന്നതറിയാതെ നില്‍ക്കാറുണ്ട് എന്നതാണ്........
മുട്ടിയുരുമ്മാന്‍ വന്ന പൈക്കിടാവ് , അവരില്‍ ഓര്‍മ്മകള്‍ പെയ്യിക്കുമ്പോള്‍ '' നാളെയുമുണ്ടല്ലോ,
വേറെയുമുണ്ടല്ലോ '' എന്ന തിരിച്ചറിവിലേയ്ക്ക് അവര്‍ കരുത്തോടെ , കനത്ത കാല്‍ വെപ്പുക ളാല്‍, തിരിച്ചു നടന്നു കയറാറുണ്ട് എന്നതുമാണ്‌............................
....................................................................................................................................................................................................... 
 ...............................................................  ഞാന്‍ വേഗം അമ്മയോട് വിളിച്ചു പറയാന്‍ ഉറപ്പുള്ള ഒരു തീയതിക്കായി  കലണ്ടറില്‍ പരതാന്‍ തുടങ്ങി.   

2014, മേയ് 19, തിങ്കളാഴ്‌ച

ഒരു ജപ്പാന്‍ നാടോടി കഥ.....







  ആയിരം കണ്ണാടികളുള്ള ഒരു വീട്

                 ഗ്രാമത്തിലെ ആയിരം കണ്ണാടികളുള്ള വീട് അതീവ സന്തോഷവാനായ , ഒരു നായക്കുട്ടി  സന്ദര്‍ശിച്ചു. ഉന്മേഷത്തോടെ പടികള്‍ ഓടിക്കയറി അവന്‍ വാതില്‍ക്കലെത്തി.കാഴ്ച കണ്ട് അവ ന്‍റെ ചെവികള്‍ എഴുന്നേറ്റു നിന്നു , അവന്‍ വേഗത്തില്‍ വാലാട്ടി കൊണ്ടിരുന്നു......

അവന്‍ നോക്കുമ്പോള്‍ അവനെപ്പോലുള്ള ആയിരം നായക്കുട്ടികള്‍ വാലാട്ടി, ചെവി കൂര്‍പ്പിച്ചു, സന്തോഷത്തോടെ നില്‍ക്കുന്നു.
അവനാ കണ്ണാടികളെ നോക്കി നന്നായൊന്നു പുഞ്ചിരിച്ചപ്പോള്‍ ആയിരം സൌഹാര്‍ദ്ദ പുഞ്ചിരി കള്‍ അവനു തിരിച്ചു കിട്ടി.
ആ വീട്ടില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ അവന്‍ വിചാരിച്ചു, '' ഇത് അത്ഭുതമുള്ള ഒരു വീടും, സ്ഥല വുമാണല്ലോ ...........ഞാനിവിടെ ഇടയ്ക്കിടയ്ക്ക് വരും, തീര്‍ച്ച. ''

എപ്പോഴും മൂടിക്കെട്ടി നടക്കുന്ന ,സന്തോഷവാനല്ലാത്ത,ഒരു നായയും ആയിരം കണ്ണാടികളുള്ള ഈ വീട് സന്ദര്‍ശിച്ചു .
അവന്‍ തല താഴ്ത്തി, പതുക്കെ പടികള്‍ കയറി........
താഴേയ്ക്ക് തൂക്കിയിട്ട തലയുമായി വാതിലിലേയ്ക്ക് നോക്കി.......
ചങ്ങാത്ത ഭാവമില്ലാതെ , തുറിച്ച , മുഷിപ്പന്‍ നോട്ടവുമായി ആയിരം നായക്കുട്ടികള്‍.
കലി കയറി ,പെട്ടെന്ന് അവനൊന്നു മുരണ്ടു.
ആയിരം മുരളുന്ന നായകളെ അപ്പോളവന്‍ കണ്ടു.
തിരിച്ചു നടക്കുമ്പോള്‍ ''ഇത് ഒരു ഭീകര സ്ഥലമാണ്‌ .ഞാനൊരിക്കലുമിനി ഇവിടെയ്ക്ക് വരില്ല ''
എന്നവന്‍ ചിന്തിച്ചു.

ഒരു കണക്കിന് ലോകത്ത് കാണുന്ന മുഖങ്ങളെല്ലാം കണ്ണാടികള്‍ കൂടിയാണ് . നിങ്ങളെ പ്രതിഫ ലിപ്പിക്കുന്ന ആയിരമായിരം കണ്ണാടികള്‍.......

നാളെ പുലര്‍ച്ചയ്ക്ക് നിങ്ങളീ ആയിരം കണ്ണാടികളിലൂടെ നോക്കുമ്പോള്‍ എന്തെല്ലാമാണവിടെ
കാണുന്നത് ?
മഞ്ഞിന്‍ കണമുള്ള പൂക്കള്‍.......
തേന്‍ നിറയും പുഞ്ചിരികള്‍......
അടങ്ങിയിരിക്കാനറിയാത്ത ജീവന്‍റെ ഉന്മേഷത്തുടിപ്പുകള്‍ ...........


   

2014, മേയ് 11, ഞായറാഴ്‌ച

കയ്പ്പിലകളിലൂടെ ഉപ്പു രുചികളും ,വഴികളും അറിഞ്ഞത് ... .........

 





   തലേന്ന് ഓഫീസ് വിട്ടു വന്നപ്പോള്‍ തന്നെ അവനു നല്ല പണിയുണ്ടായിരുന്നു . ഒന്നിനും ഒരു രുചി തോന്നുന്നുമില്ല . കുറച്ചു ചോറെടുത്ത് കഴിച്ചുവെന്നു വരുത്തിത്തീര്‍ത്തു. വ്യാഴാഴ്ചയായതി നാല്‍ കുറെ നേരമിരുന്നു, പനിച്ച്  സിനിമ കണ്ടു. വെള്ളിയാഴ്ച അവധിയാണ് . കാലത്ത് തിരക്ക്
പിടിച്ചു എണീക്കേണ്ട.

      കഴിഞ്ഞ ഒന്നര വര്‍ഷമായി , ഒമാനിലെ അല്‍-ഖൂദ് സൂക്കിലാണ് അവന്‍റെ  താമസം. നല്ല ഒന്നാന്തരം അങ്ങാടി,  മലയാളം മണക്കുന്ന തെരുവ്.   അയല്പ്പക്കമായി ഒരു തമിഴ് കുടുംബം, ഹൈദരാബാദ് കുടുംബം..........അങ്ങനെ തെക്കെ ഇന്ത്യയുടെ ഒരു ചെറിയ പതിപ്പിലെ ഒരു ഫ്ലാറ്റ് . സൂക്കായതിനാല്‍ അവരുടെ മുന്നിലുള്ള റോഡിലൂടെ  വളരെ പതു ക്കെ മാത്രമേ വാഹനങ്ങള്‍ കടന്നു പോകൂ . പാത മുറിച്ചു നടക്കുന്നവരെ ബഹുമാനിച്ചു, സാവധാനത്തില്‍  കടന്നു പോകുന്ന വണ്ടികള്‍ , തുടക്കത്തില്‍ അവളെ അതിശയിപ്പിച്ചിട്ടുണ്ട് . ഒരുപാട് തിരക്കുകളുണ്ടെങ്കിലും  തിടുക്കപ്പെടാതെ കടന്നു പോകുന്ന വഴികളും, വഴിപോക്കരും. സൂക്കിന്റെ മാത്രം അടയാളമാണ് ഈ ആലസ്യം. സൂക്കിലെ ജീവിതത്തിനും ആളുകള്‍ക്കുമെല്ലാം ഇത്തരത്തില്‍ ദിനങ്ങളും കാലങ്ങളുമൊക്കെ പതുക്കെ നുകരുന്നതിന്റെ ഒരു ഭാവമാണെന്നു അവള്‍ക്കു തോന്നിയിട്ടുണ്ട് . സൂക്കിനു പുറത്ത് വാഹനങ്ങളും മനുഷ്യരുമെല്ലാം ഇതിന്റെ നാലിരട്ടി വേഗതയിലാണ് കാലത്തെ കവച്ചു വെച്ചു കടന്നു പോകുന്നതെന്നും   അവള്‍ക്കു തോന്നി .
     
       വെള്ളിയാഴ്ച്ച രാവിലെ പനി പ്രമാണിച്ച് കഞ്ഞി കുടിക്കുന്നതിനിടയിലാണ് അവളതു ശ്രദ്ധി ച്ചത് ........ അവന്‍റെ പുറത്ത് നാലഞ്ചു പൊള്ളകള്‍. ചുമന്നു, തുടുത്തത്......ഒന്നുകൂടി വിശദമായി നോക്കി , ദീനം സ്ഥിരീകരിച്ചു .......ചിക്കന്‍ പോക്സ്. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങള്‍. നല്ല തണുപ്പില്‍
നിന്ന് കുത്തനെ കൂടുന്ന ചൂടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കാലം കാണുന്നവരിലെല്ലാം വിതറുന്നത് . ഏതായാലും പണി കിട്ടി .

      കഴിഞ്ഞ മൂന്നു മാസമായി അവനു ജോലിയേയുള്ളൂ , കൂലിയില്ല . അവള്‍ക്കു ജോലിയുമില്ല, കൂലിയുമില്ല . അക്കൌണ്ടും, അടുക്കളയുമൊക്കെ കാലിയായി കിടപ്പാണ് . മേലാസകലം ഇങ്ങ നെ  കായ്കള്‍ വന്നു പഴുത്താല്‍,നല്ലോണം കായ്‌-കനികള്‍ ഭക്ഷിക്കണം എന്നാണ്.അടുത്ത വീ
ട്ടിലെ ചേച്ചിയില്‍ നിന്ന് പണം കടം വാങ്ങി അവള്‍ പുറത്തിറങ്ങി , നല്ലോണം വെള്ളമുള്ള  ഇളനീരും തണ്ണിമത്തനുമെല്ലാം വാങ്ങി വന്നു. ആദ്യത്തെ രണ്ടു ദിവസത്തിനകം ശരീരം നൂറു മേനി
വിളഞ്ഞ പാടം പോലെ കിടപ്പായി. അടി തൊട്ട് മുടി വരെ ചുവന്നു ,പഴുത്ത കായ്‌കള്‍ . മൂന്നാം നാള്‍ തൊട്ടു ദീനത്തിന്റെ ഭാവം മാറി. കണ്ണ് ചുട്ടു പൊള്ളുന്ന അടുപ്പു കണക്കെയായി . തല വെട്ടിപ്പൊളിച്ചു മാറ്റുമ്പോലെയുള്ള വേദനയാല്‍ അവന്‍ കിടന്നു ഞരങ്ങി. മേല് മുഴുവന്‍ വന്ന കായ്കളുടെ വേര് ചെന്നെത്തുന്നിടം വരെയുള്ള കാണാ മുറിവുകളാല്‍, എല്ല് നുറുങ്ങി അവന്‍  പുളഞ്ഞു.വെള്ളമിറക്കു മ്പോള്‍ തൊണ്ടയിലെ കുരുക്കള്‍ കലമ്പല്‍ കൂട്ടിയത് കാരണം വെള്ളമിറക്കാന്‍ പറ്റാതായി .രാത്രി യില്‍ പനിച്ചും, ഉറക്കമില്ലാതെയും പിച്ചും പേയും  പറയാന്‍ തുടങ്ങി . അവള്‍ പേടിച്ചു മേലെ ആകാശവും താഴെ ഭൂമിയുമുണ്ടെന്ന വിശ്വാസത്തിലിരിപ്പായി . പുലര്‍ച്ചെ എണീറ്റ്‌ പോയി കണ്ട ഹോമിയോ ഡോക്ടര്‍ വേദനയുണ്ടാവും എന്ന ഉറപ്പിച്ചു പറഞ്ഞപ്പോള്‍ സൂര്യന്‍ അവളെ നോക്കി ച്ചിരിക്കും പോലെ അവള്‍ക്ക് തോന്നി.

 ചിക്കന്‍ -പോക്സ് എന്നറിഞ്ഞപ്പോള്‍ തന്നെ തമിഴ് കുടുംബം ആര്യവേപ്പിലകള്‍ കുറെ കൊണ്ട് വന്നു
കൊടുത്തു . അവന്‍റെ ഒന്ന് രണ്ടു സുഹൃത്തുക്കള്‍ വിളിച്ചു എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദി ച്ചു. അവളത് സ്നേഹപൂര്‍വ്വം നിരസിച്ച് കരുതല്‍ ധനമായി എടുത്തു വെച്ചു . വഴിയില്‍ ആവശ്യമുണ്ടാ കും, മുന്നില്‍ പൊള്ളിക്കുന്ന മണലുള്ള ഒരു നാട്ടില്‍ പ്രത്യേകിച്ചും. ഇവിടെ ആരും കാണാനൊന്നും വരില്ല , വന്നു അസുഖം പകര്‍ന്നാല്‍ നഷ്ടമാകുന്നത് അനവധി ജോലി ദിവസ ങ്ങള്‍ , റിയാലുകള്‍ , വീട്ടിലെല്ലാവര്‍ക്കും വന്നാലുണ്ടാവുന്ന പുകിലുകള്‍ ,  വീട് ഒന്ന് രണ്ടു മാസം തല കുത്തനെ നില്‍ക്കുന്നത് അതൊന്നും ആര്‍ക്കും അത്ര ഇഷ്ടമല്ലാത്തതിനാല്‍ രോഗിയെ സന്ദര്‍ശിക്കുക , തൊട്ടു തടവുക ഇത്യാദി നാടകം കളിയൊന്നും പതിവില്ല .

  അങ്ങനെ ആര്യവേപ്പിലകള്‍ തീര്‍ന്നപ്പോള്‍ അവള്‍  കയ്പ്പിലകള്‍ തേടിയിറങ്ങി. ഈ തെരുവില്‍  ധാരാളം വേപ്പ് മരങ്ങളുണ്ട്.കയ്പ്പിലകള്‍ മുറ്റി വളരുന്നവ . അടുത്തുള്ള ഒരു വേപ്പ് മരത്തിന്റെ ചോ ട്ടിലെത്തി അവള്‍ രണ്ടു മൂന്നു തണ്ടുകള്‍ പൊട്ടിച്ചു . അത് മതിയാവില്ല,കിടത്തവും കുളിയുമെല്ലാം
ഈ ഇലകളിലാണ്‌ . കയ്പ്പിലകളില്‍ അഭയം. മുകളിലെ ഇലകളും ,കൊമ്പുകളും, ചില്ലകളുമെ ല്ലാം  അവളെ കൊതിപ്പിച്ചു നിന്നു . ആരെങ്കിലും ആ  വഴി ഇപ്പൊ വരുമെന്നു കരുതി അവളവിടെ ത്തന്നെ നിന്നു.
 
 വന്നത് ഒരു പാകിസ്ഥാനിയാണ്. മരം പോലൊരുത്തന്‍. ദൂരെ നിന്നേ കണ്ടു.അയാളുടെ കൈ യില്‍ തൂങ്ങിയാടി വാ തോരാതെ പറഞ്ഞും ചിരിച്ചും ഒരു പെണ്‍കിടാവുമുണ്ട് .മുകളില്‍ പകലോന്‍
പകലിനെ ആവോളം പൊള്ളിച്ച് ചുവന്നു തുടുത്തു പടിഞ്ഞാട്ടെത്തിയിരിക്കുന്നു . പരിചയക്കാരാ രെങ്കിലും വരും എന്ന് വെച്ച് കാത്ത് നില്‍ക്കാവുന്ന നാട്ടുവഴിയല്ല ഇത് . ഉള്ള ഭാഷ വെച്ച് മനുഷ്യ രോട് മിണ്ടുകയും പറയുകയും ചെയ്യേണ്ട ഭൂമിയിലെ ഒരിടം, ഒരുള്‍ വഴി.

    അന്യ ഭാഷ നന്നേ കുറവാണവള്‍ക്ക് , എന്നാലും അയാള്‍ അടുത്ത് വന്നപ്പോള്‍ എന്തും വരട്ടെ എന്ന് കരുതി,  ആകാശം നോക്കി അവള്‍ ചോദിച്ചു ;
''പതി കൊ ചിക്കന്‍ -പോക്സ് ഹെ.ഇസ് നീം കാ കുച്ച് പത്തല്‍ ''......... എന്നും പറഞ്ഞ് അവള്‍ മുക ളിലേക്ക് നോക്കി. അവളുടെ തൊണ്ടക്കുഴിയിലൂടെ വെള്ളമിറങ്ങി. ആ പാകിസ്ഥാനിയുടെ മുഖത്തും അസ്തമന സൂര്യന്‍ ചുവപ്പ് ഉരുക്കിയൊഴിച്ചു കൊണ്ടിരുന്നു. പൊള്ളുമെന്ന് തോന്നി ,അവള്‍ക്ക്. പകല്  മുഴുവന്‍ പണിയെടുത്തെന്ന ഭാവമല്ലാതെ മറ്റൊന്നും പുറത്ത് കാണിക്കാത്ത , മറ്റെല്ലാം ഉള്ളിലൊളിപ്പിക്കുന്ന അനേക മുഖങ്ങളിലൊന്ന്. അയാളൊന്ന് കൂടി തറപ്പിച്ചു നോക്കി , വഴിയിലുടക്കി നിന്നപ്പോള്‍ , അവളുടെ തൊണ്ടയിലെ വെള്ളം വറ്റി . തെരുവിലേക്ക് കൂടി ചേരുന്ന ആ ഉള്‍ വഴിയില്‍ ,അവളും അവളുടെ തൊട്ടു മുന്നിലായി എന്തിനും പോന്ന ഒരു പാകിസ്ഥാനിയും , കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയും . ആ നിമിഷത്തില്‍ ,ആ വഴിയില്‍ മറ്റാരുമില്ല . ഒന്നായും പിന്നീട് പിരിഞ്ഞ് , അതിര്‍ത്തി പങ്കിട്ടും തമ്മില്‍ തല്ലുന്ന രണ്ടു രാജ്യങ്ങളുടെ ഭൂപടവും കമ്പി വേലിയും വെ
ടി വെപ്പുമെല്ലാം  അവളുടെ കാലിലൂടെ മുകളിലേക്ക് കയറാന്‍ തുടങ്ങി .അതിര്‍ത്തി കാക്കുന്ന ഇരുമ്പ് കമ്പികളില്‍ പെട്ടെന്ന് ചെന്ന് കുടുങ്ങിയ പോലെ അവളുടെ കണ്ണ് നിറഞ്ഞ് കവിയാന്‍
തുടങ്ങി . പാട്പെട്ട് രണ്ടു വാക്കുകളെ കൂടി പുറത്തേക്ക് ഉന്തി വിട്ടു ;
''സച്ച്  ഹെ ,മേം സച്ച് ബോല്‍താ ഹെ ''.അവള്‍ മരത്തിനെയും മാനത്തെയും നോക്കി അയാളോട് കേണു , കെഞ്ചി.
     
       ചുവന്ന സൂര്യന് താഴെ അയാളലിയുന്നത് അവളറിഞ്ഞു . തൂങ്ങിയാടുന്ന പെണ്‍കുട്ടിയെ വിട്ട് അയാള്‍ മരത്തിനടുത്ത് വന്ന്, ചില്ലകള്‍ പൊട്ടിക്കാന്‍ തുടങ്ങി. ആ പാകിസ്താനി  പെണ്‍കുട്ടി
അവളെ നോക്കി ചിരിച്ചു കൊണ്ട് നിന്നു . അവളിലെ ഭാഷയും, രാജ്യവും,  മതവുമെല്ലാം അതിനു
മുന്നില്‍ തല താഴ്ത്തി നിന്നു.

''മതി'' യെന്ന വാക്കിന് ഹിന്ദി പരതുമ്പോഴേക്കും അയാളൊരു ചെറിയ വേപ്പ് മരമായിക്കഴിഞ്ഞി രുന്നു.
കയ്പ്പിലകളാല്‍ ആശ്വാസം നിറയ്ക്കുന്ന വേപ്പ് മരം.
ഇലകളും ചില്ലകളും എന്നിലേയ്ക്ക് ചൊരിഞ്ഞു , ''ഓര്‍ ചാഹിയെ ''? എന്നയാള്‍. വേണ്ട, ഇത്
ധാരാളമാണ് .അവള്‍ക്കും , വരാനിരിക്കുന്ന അവളുടെ തലമുറകള്‍ക്കും.
  ''ഭൈയ്യാ .......ബസ് . ബഹുത് ശുക്രിയാ ....''അവള്‍ക്കത് അവസാനിപ്പിക്കാനായില്ല .അവള്‍ ശുക്രിയാ , ശുക്രിയാ എന്ന് പിറുപിറുത്തു കൊണ്ടേയിരുന്നു .
ഒന്നും മിണ്ടാതെ അയാളാ പെണ്‍കുട്ടിയെയും പിടിച്ചു നടന്നകന്നു പോയി.
പെണ്‍കുട്ടി പിന്‍ തിരിഞ്ഞ് അവളെ  നോക്കി ചിരിക്കുന്നുണ്ടായിരുന്നു .
അപരിചിത മുഖങ്ങള്‍ മാത്രം നിറയുന്നൊരു തെരുവില്‍ ഒരു ബാപ്പയും മകളും അവളെ  കീഴടക്കി
കടന്നു പോകയായിരുന്നു . ആ പെണ്‍കുട്ടിക്ക്  നേരെ അവള്‍  ഇലകള്‍ നിറഞ്ഞ കൈയുയര്‍ ത്തി സന്തോഷത്തില്‍  വീശി കാണിച്ചു.

      കടന്നു വരാനും ആശ്വസിപ്പിക്കാനും ആരുമില്ലാത്ത ഒരു തെരുവില്‍, അവള്‍ക്കു ഇലകളായി,  അവളിലേക്ക്‌ വന്ന  ആ ബാപ്പയോടും മകളോടും, അവള്‍ക്കു ,ജന്മ നാട്ടിലെ നടന്നു തേഞ്ഞ വഴിക ളില്‍ ,കാലങ്ങളായി  കാണുന്ന , സ്നേഹിക്കുന്നവരോടുള്ള ഒരടുപ്പം തോന്നി.ഒരു  തെരുവില്‍ വേര റ്റു  കിടക്കുകയാണെന്ന അവളുടെ വേദനയുടെ കൂര്‍ത്ത അറ്റത്തെ അയാളേതോ നന്മയാല്‍ കൂട്ടി ക്കൊരുത്ത പോലെ .അവള്‍ക്കാ തെരുവില്‍ നിന്ന് , കാലം അവളില്‍ അലിയിച്ചു ചേര്‍ത്ത ബന്ധ ങ്ങളില്‍ മനുഷ്യ നന്മ വെളിച്ചം വിതറുന്നത് കണ്ട് ഉറക്കെ കരയണമെന്നു തോന്നി.

       വീട്ടിലേക്കു തിരിച്ചു നടക്കുമ്പോഴും അവള്‍ വിതുമ്പുന്നുണ്ടായിരുന്നു . നിന്‍റെ ചുറ്റും മനുഷ്യരുള്ളി ടത്തോളം കാലം നീ നന്മ എവിടെയെങ്കിലും കണ്ടെത്തുക തന്നെ ചെയ്യുമെന്ന് വേപ്പ് മരം അവ ളോട്‌ പറയുന്ന പോലെ അവള്‍ക്കു തോന്നി . അപ്പോള്‍ തെരുവിലേക്ക് തുറക്കുന്ന ഒരു മലയാളി
വീട്ടില്‍ നിന്ന് തെരഞ്ഞെടുപ്പു വാര്‍ത്തകള്‍ ഒരു റിപ്പോര്‍ട്ടര്‍ ശ്വാസം വിടാതെ പറയുന്നുണ്ടായിരുന്നു ഇന്ത്യന്‍ തെരുവിലും, രാഷ്ട്രീയത്തിലുമെല്ലാം മതം അതിന്‍റെ അടയാളങ്ങളും , നിറങ്ങളും വാരി വിതറി, ആഘോഷത്തിലാറാടി , ജനങ്ങളെ ഓരോരോ തൊഴുത്തിലേക്കോടിച്ചു കയറ്റി , പരസ്പര  മകറ്റി ,കെട്ടിപ്പൂട്ടാനുള്ള തത്രപ്പാടിലാണെന്ന് ആ  വാര്‍ത്ത അടിവരയിട്ടു  പറയുന്നുണ്ടായിരുന്നു .

  തെരെഞ്ഞെടുപ്പില്ലാത്ത , പങ്കാളിത്തമില്ലാത്ത, വേര് പൊട്ടുന്നുവോ എന്ന് സംശയം മാത്രമുള്ള  ഒരു തെരുവിലൂടെ , വേപ്പിലകളുമായി നടക്കുമ്പോള്‍ പാകിസ്താനിലെ ഏതോ ഒരു ഗ്രാമത്തിലെ
ആ ബാപ്പയും മകളും അവള്‍ക്കു ജീവിതത്തിന്റെ ഉപ്പു വഴികളെ കാണിച്ചു കൊടുത്തു കഴിഞ്ഞിരുന്നു .
ജീവിതത്തിനു , മനുഷ്യരായി പിറന്നവരെല്ലാം നല്‍കേണ്ട ഉപ്പു രുചികളെ പറ്റി ഓര്‍ത്താണ് അവള്‍ മുകളിലേക്ക് കയറിയത്. ബന്ധുക്കള്‍ അകന്നു മാറി നടക്കുകയും ,സൗഹൃദങ്ങള്‍ ഫോണ്‍
തലപ്പിലെ ഒലിപ്പ് മാത്രമാവുകയും ചെയ്യുന്ന വഴികളില്‍ ഇതിലൊന്നിലും പെടാതെ വേരാഴ്ത്തി നിന്ന് നന്മ പൊഴിക്കുന്ന മരങ്ങളുടെയും ,മനുഷ്യരുടെയും ആ തെരുവ് അവള്‍ക്കന്ന് മതിയാവോളം   തണവു നല്‍കിയിരുന്നു . 

   

 
              
   

2014, മാർച്ച് 18, ചൊവ്വാഴ്ച

രണ്ടു കുഞ്ഞു കഥകള്‍ .......

 ഒരു സെന്‍ കഥ .പഴയത്........

രാജ കൊട്ടരത്തിലേയ്ക്ക് പ്രസിദ്ധനായ ഒരു ആത്മീയ ഗുരു കടന്നു വന്നു.അദ്ദേഹം പ്രവേശിച്ച പ്പോള്‍ തന്നെ കാവല്‍ക്കാര്‍ ഭവ്യതയോടെ രാജവിനടുത്തേയ്ക്ക് അദ്ദേഹത്തെ നയിച്ചു .
''എന്താണ് താങ്കള്‍ക്ക് വേണ്ടത്?'' സന്ദര്‍ശകനെ തിരിച്ചറിഞ്ഞ രാജാവ്‌ ,പെട്ടെന്ന് ചോദിച്ചു.
''ഈ സത്രത്തില്‍ കിടന്നുറങ്ങാന്‍ എനിക്കൊരിടം വേണം ''.....ഗുരു .
''പക്ഷെ ,ഇതൊരു സത്രമല്ല''. രാജാവ്‌ പറഞ്ഞു. ''എന്‍റെ കൊട്ടാരമാണ് ''.
''ഞാനൊന്നു ചോദിക്കട്ടെ .......താങ്കള്‍ക്ക് മുന്‍പ് ഈ കൊട്ടാരത്തിന്റെ അവകാശി ആരായിരുന്നു?''
ഗുരു ചോദിച്ചു.
''എന്‍റെ അച്ഛന്‍ . അദ്ദേഹം മരിച്ചു പോയി.''....രാജാവ്‌.
''അദ്ദേഹത്തിനും മുന്‍പ് ആര്‍ക്കായിരുന്നു ഇതിന്റെ അവകാശം ?''........ഗുരു .
''എന്‍റെ മുത്തശ്ശന്. അദ്ദേഹവും മരിച്ചു പോയി.''......രാജാവ്‌ .
''അപ്പോള്‍, ഇവിടം ആളുകള്‍ കുറച്ചു കാലം മാത്രം ജീവിക്കുകയും , ശേഷം കടന്നു പോവുകയും ചെയ്യുന്ന ഒരു സ്ഥലമാണല്ലേ.........എന്നിട്ടും , അങ്ങ് ഇതൊരു സത്രമല്ലെന്നാണോ പറഞ്ഞത് ?........ഗുരു.


ചങ്ങാതിച്ചന്തം .

മരമൂത്താപ്പ എന്നും കുഞ്ഞന്‍ ചെടിയെ കളിയാക്കും.
''നീയെത്ര ചെറുതാ......''
സഹികെട്ട് ഒരു ദിവസം കുഞ്ഞന്‍ ചൊടിച്ചു......
''അതിനെന്താ .......എനിക്ക് മേലെയുള്ള ആകാശം നിന്‍റെ ആകാശത്തേക്കാള്‍ വലുതാണല്ലോ .....''
മൂത്താപ്പ അപ്പഴാണ് തല പൊക്കി ഒന്ന് മുകളിലേക്കുനോക്കിയത് .പിന്നീട് തല താഴ്ത്തി കുഞ്ഞനെ
നോക്കി ......
കുഞ്ഞന്റെ വല്ല്യെ ആകാശം ..........പരന്നു പരന്നു.......തനിക്കു താഴെയും മേലെയുമായങ്ങനെ.......
ഹമ്പമ്പോ ..........''നീയത്ര കുഞ്ഞനല്ലല്ലോ......'' മരമൂത്താപ്പ മനസ്സിലോര്‍ത്തു .
തനിക്കു താഴെ മറ്റൊരു ജീവന് ആകാശത്തണലുള്ള കാര്യം വന്‍ മരത്തിന്റെ ചിന്തയിലേ ഇല്ലായിരുന്നു ,അത്രയും കാലം.

അതില്‍ പിന്നീടാണ്‌ , വഴിയരികില്‍ നിന്ന് കട്ടുറുമ്പും ജിറാഫും നേരങ്ങളോളം നിന്ന് കിസ്സ പറയുന്നതും , കട്ടുറുമ്പിന്റെ നേരമ്പോക്ക് കേട്ട് ജിറാഫ് ചിരിച്ചു മറിയുന്നത്തിലുമൊക്കെയുള്ള
ചങ്ങാതിച്ചന്തം  മൂത്താപ്പയ്ക്ക് പിടികിട്ടിത്തുടങ്ങിയത് . 




    2014, ഫെബ്രുവരി 5, ബുധനാഴ്‌ച

    വീണു പോയത്

    മഴക്കാലമാണ് .അമ്മമ്മ ബസ്സില്‍ കയറുമ്പോഴേ ,മഴയിത്തിരി കനത്തില്‍ ചാറുന്നുണ്ട്. ബസ്സില്‍ തിരക്കുണ്ട്‌ . അവര്‍ ഡ്രൈവറുടെ പിന്നിലായി , കുടയും പിടിച്ചു ഒതുങ്ങി നിന്നു . പിന്നെ തിരക്കില്‍ നീങ്ങി, നീങ്ങി, ബസ്സിന്റെ അരികിലെത്തി അവിടെ കമ്പിയും പിടിച്ചു നില്‍പ്പായി .
    ഇടയ്ക്ക് മഴ അവരുടെ  കണ്‍പീലികളെ നനയ്ക്കുന്നുണ്ട് .
    ചിരി തൂകി അവരത് മായ്ച്ചു കളയും.......
    കുട നനഞ്ഞിട്ടുണ്ട് .എന്നാലും അവരത് താഴെ വെച്ചില്ല.
    ബസ്സ്‌ നല്ല സ്പീഡിലായിരുന്നു.ഇടയ്ക്കൊരു വളവിലെത്തിയപ്പോള്‍ എല്ലാരും കൂടെ അമ്മമ്മടെ
    മേലേയ്ക്കു ഒന്ന് ചാരി.......അമ്മമ്മടെ കമ്പിയിലെ പിടുത്തവും ,കുടയിലെ പിടുത്തവും രണ്ടും  ഒന്നിച്ചു പോയി .
    കുട ദാ കെടക്കുന്നു , റോഡില്‍.
    "അയ്യോ , ന്‍റെ കൊടപോയല്ലോ ........ഒന്ന് നിര്‍ത്തണേ.......ന്‍റെ കൊട ''.അവര് ബസ്സില്‍ ബഹളം
    വെയ്ക്കാന്‍ തുടങ്ങി.
    ബസ്സ് നിന്നു. അവരിറങ്ങി .
    ''പുത്യേ തരാണ്. നല്ല വേലേംണ്ട് '' ഇതും പറഞ്ഞു മകള്‍ കുട കൊണ്ട് തരുമ്പോള്‍ ഇതും കൂടി കള ഞ്ഞാല്‍ ഇനീള്ള കാലം മഴേം  കൊണ്ട് നടക്കേണ്ടി വരും എന്നൊരു ഭീഷണിയുണ്ടായിരുന്നു. അല്ലെങ്കിലും പെണ്മക്കള്‍ ടീച്ചറായാല്‍ കഴിഞ്ഞു......ഭീഷണി ,പഠിപ്പിക്കല്‍ .....ഇതൊക്കെ തന്നെ
    നിത്യവും......നടക്കുന്നതിനിടയില്‍ അവരോര്‍ത്തു.
    അമ്മമ്മയ്ക്ക് മറവിയിത്തിരി കൂടുതലാണ് . വെച്ചതൊന്നും ഓര്‍മ്മയുണ്ടാവില്ല .
    വെച്ചാല്‍ വെച്ചതെല്ലാം അവിടെ തന്നെയിരിക്കും . തിരിച്ചെടുക്കാന്‍ മറക്കും.
    അത് കൊണ്ടാണ് കുട എവിടേം വെയ്ക്കാതെ ചേര്‍ത്ത് പിടിച്ചു നിന്നത് .
    അപ്പഴിതാ , വഴിയിലും വീണു.
    അവരെയിറക്കി ബസ്സ് , നിര്‍ത്തിയ ഒരു നിമിഷത്തിനെ തിരിച്ചു പിടിക്കാനുള്ള പാച്ചില്‍ തുടങ്ങി......
    കുടയ്ക്കും അവര്‍ക്കും തമ്മില്‍ കുറച്ചു ദൂരമുണ്ട്..........
    ഒരു കുടയല്ലേ എന്ന് കരുതി ഡ്രൈവര്‍ ഓടിച്ചു പോയ ദൂരം.......
    ഏതായാലും ദാ , കുട അവടെ തന്നെ കെടപ്പുണ്ട്. അവര്‍ കുട ലക്ഷ്യം വെച്ച് നടന്നു തുടങ്ങി. വേഗം
    നടക്കാനൊന്നും പറ്റ്ണില്ല്യ.......കാല്‍ മുട്ടിനൊക്കെ നല്ല വേദനണ്ട് .
    ന്നാലും അവര്‍ ആഞ്ഞു നടന്നു.
    അവരെ ,അരികിലേക്ക് തള്ളി ഒരു ഓട്ടോ , അതിവേഗതയില്‍  കടന്നു പോയി.
    ''ഈശ്വരാ ......ഈ കുട്ട്യോള്‍ക്ക് ഇത്തിരി പതുക്കെ പോയാലെന്താ ?''
    അവര്‍ ഓര്‍ക്കുന്നതിനിടയില്‍ അവരുടെ ഓര്‍മ്മയെ തടഞ്ഞ് കുറച്ചു ദൂരെയായി കുടയ്ക്കരികെ  ആ
    ഓട്ടോ നിന്നു .
    റോഡില്‍ ആരുമില്ലാതെ, ആരുടെതുമല്ലാതെ ഒരു കുട. മഴക്കാലം.
    ഓട്ടോയില്‍ നിന്ന് ഒരാളിറങ്ങി, കുടയെടുത്തു , വണ്ടിയില്‍ കയറി. ഒരു മുച്ചക്ര വണ്ടിയ്ക്കാവും വിധം  വേഗത്തില്‍ അതും പാഞ്ഞു പോയി.
    ഇതെല്ലാം  അമ്മമ്മ ഒരു കാലടി എടുത്തു വെയ്ക്കുന്നതിനിടയില്‍ കഴിഞ്ഞതാണ്......
    ''അയ്യോ ......അതെന്റെ കൊടയാ .......അതെടുക്കല്ലേ ........''
    ആരും കേട്ടില്ല ,തേഞ്ഞ്, തകര്‍ന്ന ,എത്ര ശക്തിയെടുത്തലും പൊങ്ങാത്ത അവരുടെ വാക്കുകളെ ....
    അപേക്ഷയെ.
    ചാറ്റല്‍ മഴ അവരില്‍ സാരല്ല്യാ ന്ന് പെയ്തു കൊണ്ടിരുന്നു.
    കാറ്റ് അവരുടെ വാക്കുകളെയും പെറുക്കി ആരിലെങ്കിലുമെത്താന്‍ തിടുക്കപ്പെട്ടു.
    റോഡിനിരുവശവും ഞാറ് നട്ട കണ്ടങ്ങള്‍ ഇളം  പച്ചപ്പായി അവര്‍ക്ക് ചുറ്റും കിടന്നു.
    ഒരു മരം, കുടയില്ലാത്തവര്‍ക്ക് ഒന്ന് കേറി നില്‍ക്കാനായി കുട വിരിച്ചു നില്‍പ്പുണ്ട്....
    പറ്റിയത്, ഒന്ന് പറഞ്ഞു തീര്‍ക്കാന്‍ പോലും ആരുമില്ല അവരുടെയടുത്ത്....
    അവരാ മരച്ചുവട്ടില്‍ ഇത്തിരി നേരം  പിറുപിറുത്ത് കൊണ്ട് നിന്നു. മരവും, അതിനു മേലെ ആകാശവും അവര്‍ക്കായി കുട നിവര്‍ത്തി നില്‍ക്കുന്നതായി  അവര്‍ക്കനുഭവപ്പെട്ടു.
    അവര്‍ക്കരികില്‍, ഒറ്റക്കല്ലില്‍ ,ഒരു തവള അവരെയും നോക്കിയിരിപ്പുണ്ട്‌ . അമ്മമ്മയ്ക്ക് ടീച്ചറ മ്മയെ , മകളെ ഓര്‍മ്മ വന്നു. എന്തു പറയും?
    ആ.......എന്തെങ്കിലുമൊക്കെ പറയാം.പ്രായവും മറവിയും കൂടി ഇഴ ചേര്‍ന്ന് കിടക്കുന്നതിനാല്‍ മറു
    പടി പറയല്‍ എളുപ്പമാണ് . അതു പോട്ടെ, പൊടി മോളെത്തുന്നതിനു മുന്‍പ് വീടെത്തണം .
    ''ബസ്സില്‍ന്ന് എറങ്ങണ്ടേര്ന്നില്ല്യ .മഴ കൊണ്ടത്‌ മിച്ചം . ഇനിപ്പോ ഇവടെ ബസ്സും നിര്‍ത്തില്ല്യ.''
    അവര്‍ തുമ്മാന്‍ തുടങ്ങി.പനി ഒറപ്പ് .
    ബസ്സ് കിട്ടാന്‍ ഇങ്ങട്ട് നടക്കണോ , അങ്ങട്ട് നടക്കണോ ന്ന് ആലോചിച്ച് കുറച്ചു നേരം അവരാ ആകാശച്ചോട്ടില്‍, ഒറ്റയ്ക്ക് മഴ കൊണ്ട് നിന്നു .
    കണ്ണെത്തും ദൂരത്തെങ്ങുമില്ല, ബസ്സ്‌ സ്റ്റോപ്പ്‌.
    അവര്‍ മെല്ലെ നടന്നു. ചാറ്റല്‍ മഴ അവരുടെ വേഷ്ടിയേയും ബ്ലൗസിനേയും, അടിപ്പാവാടയേയു മെല്ലാം നനച്ച്  കുതിര്‍ത്ത് അവരുടെ നടത്തത്തെ അസാധാരണമാം വിധം സാവധാനത്തിലാക്കി .