Google+ Followers

2013, ഡിസംബർ 31, ചൊവ്വാഴ്ച

ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍ ......

ഭാഗം  രണ്ട്

                  "എന്നത്തന്തി അന്നും, പണി കയ്ഞ്ഞ്, കുടീല് വന്നൊരു ചായേം കുടിച്ചു, ഓന്‍, അന്റ്ച്ഛ ച്ചന്‍,  പീട്യേല് പോയി, ചില്ലറ സാമാനങ്ങളൊക്കെ വാങ്ങി മടങ്ങിപ്പോന്ന്‍.ഞാനും കൂടി ഓന്റൊപ്പം, വെര്‍തായ്ലെ ഓന്റെ കുടീലും ഒന്ന് കേറി.  കടലാസ്സില്‍  പൊയ്ഞ്ഞ് , ചാക്ക് നൂലോണ്ട് കെട്ടി കൊ ണ്ടന്ന പഞ്ചാര, ചായിപ്പൊടി, മൊളു,അങ്ങനള്ളതൊക്കെ കെട്ടയ്ച്ച് ഓന്റെ പെണ്ണുങ്ങള്   ഓരോ  പാത്രങ്ങളിലാക്കി. അയിന്റെടേല് ഓന്റെ പെമ്മക്കള് രണ്ടാളും  കൊണ്ടന്ന കടലാസിലെ പോട്ടം കാണാന്‍ പിടി വലി തൊടങ്ങി.അപ്പൊ, അന്റ്ച്ഛച്ചന്‍ മക്കള് മൂന്നാള്‍ക്ക്വായി കൊണ്ടന്ന മുട്ടായി
മടിക്കുത്തഴിച്ച് കൊടുത്ത്. അതൊക്കെ എന്നും പതിവിള്ളതാ . പാരീസ് മുട്ടായി .മുട്ടായി കിട്ട്യേ ഹരത്തില് ഓല് മൂന്നാളും ഒറക്കൊറക്കെ വായിച്ച്. അത് കേട്ടും കൊണ്ടാണ് എന്നത്തേയും ഓന്റെ
തൈലം തേപ്പ് . മക്കളെ  ആരെങ്കിലും വിളിച്ച് പൊറത്തും തൈലം തേച്ച് കയ്ഞ്ഞാ പിന്നെ ചൂട്
വെള്ളത്തിലൊരു  കുളി. അത്  കയ്ഞ്ഞാ പകുതി കേട് മാറും ........ആകപ്പാടെ ഒന്നുസാറാവും . പകലന്ത്യോളം തടിട്ടൊടക്ക്ണതല്ലേ .......പിറ്റന്നും തല പൊന്തണ്ടേ ? പണിക്ക്  പോണ്ടേ ? ഓന്റെ
പെണ്ണുങ്ങള് മീന്‍ നന്നാക്കാന്‍ തൊടങ്ങ്യെപ്പോ ന്നാ നാളെ കാണാം ന്നും പറഞ്ഞു ഞാങ്ങട്ട് പോന്ന്."

വല്ല്യുപ്പ നിര്‍ത്തി . ഫിദ പക്ഷെ പോന്നില്ല . വല്ല്യുപ്പയോളം തന്നെ അടുപ്പമുണ്ട് ഫിദയ്ക്ക് അമ്മമ്മ യോട്......ആ വീട്ടിലെ ചേച്ചിമാരോട് ,ഏട്ടനോട് ,അച്ഛച്ചനോട്. അമ്മമ്മ അവളോടീ കാര്യങ്ങളൊ ക്കെ പറഞ്ഞിട്ടുമുണ്ട്, കഥയാക്കിയും അല്ലാതെയും .

എല്ലാത്തിലും പൊന്നുരുക്കി തേച്ച് ,എല്ലാറ്റിനെയും സൌന്ദര്യമുള്ളതാക്കി സൂര്യന്‍ പതുക്കെ മറ യാന്‍  തുടങ്ങുകയായിരുന്നു . അന്തിച്ചോപ്പില്‍ വല്ല്യുപ്പാന്റെ മുഖം കണ്ടപ്പോള്‍ ഇതിനേക്കാള്‍ ചന്തമുള്ള തൊന്നും താന്‍ വേറെയെവിടെയും കണ്ടിട്ടില്ലല്ലോ എന്നോര്‍ത്തു, ഫിദ .മുറുക്കിച്ചോന്ന ചുണ്ടുകള്‍ അസ്തമയ സൂര്യനെക്കാള്‍ ചുവന്ന്, കനലിനെക്കാള്‍ തുടുത്തതായി അവള്‍ക്കു തോന്നി ..........
വല്ലുപ്പാന്റെ മുറുക്കലിലൂടെയാണ് ഫിദ അയല്‍പ്പക്കങ്ങളിലെത്തപ്പെട്ടത് ..........അവരുടെയെല്ലാം
അകങ്ങളിലെത്തിയത് ........അടുക്കളയിലെത്തിയത്............. അടുപ്പക്കാരിയായത്‌ .

 "ഈ കഥ അമ്മമ്മ ഒരിക്കലെനിക്ക് പറഞ്ഞ് തന്ന്ണ്ട് , വല്ല്യുപ്പാ ......." . അത് കേട്ടപ്പോള്‍ വല്ല്യുപ്പ യ്ക്ക്‌ നല്ല രസം തോന്നി .......കഥകള്‍ നിറഞ്ഞ ഒരു നാട് .........ഒരു പാടം............. .പാടത്തും പറ മ്പിലുമായി നിറയെ  കഥകള്‍ നിറയുന്നു .......വിളയുന്നു ..........ഒരു പെണ്‍ കിടാവ് കഥ കൊയ്യാന്‍ എല്ലായിടത്തും  ഓടി നടക്കുന്നു......എല്ലാത്തിന്റെയും ഉള്ളു തേടി , അകവും പൊരുളുമറിഞ്ഞു.........  .ഊഞ്ഞാലാട്ടി വല്ല്യുപ്പ പറഞ്ഞു കൊടുക്കുന്ന കഥയുടെ ബാക്കി അമ്മമ്മക്കഥയായി പേരക്കുട്ടിയില്‍ വന്നു നിറയുന്നതും അവള്‍ നിറവുള്ളവളായി വളരുന്നതും വല്ല്യുപ്പ കണ്‍നിറഞ്ഞു കണ്ടു .........ആകാ ശക്കൊമ്പത്ത് നിന്നൊരു   കഥയൂഞ്ഞാല്‍ വല്ല്യു പ്പയുടെ മുന്നില്‍ കിടന്നാടിക്കളിക്കാന്‍ തുടങ്ങി..... ..........ഊഞ്ഞാല്‍ കയറില്‍ പൂക്കളും തുമ്പികളും പൂമ്പാറ്റകളും പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു......... ..........ഫിദയെ കണ്ട മാത്രയില്‍ തുമ്പികളും പൂമ്പാറ്റകളും പാറിവന്നു ഫിദയെ ഊഞ്ഞാലില്‍ കയറി യിരിക്കാന്‍ സഹായിച്ചു . വല്ല്യുപ്പ വളരെ മെല്ലയാണ് ആട്ടിത്തുടങ്ങിയതെങ്കിലും ഇടയ്ക്ക് വെച്ച് കാറ്റും കിളികളും ചേര്‍ന്ന് ഉന്തിയതിനാല്‍ ഊഞ്ഞാല്‍ വളരെ ഉയരത്തില്‍ ആടിക്കളിക്കാന്‍ തുടങ്ങി ...........അവള്‍ കായല്‍ കടന്നു ,കടല്‍ കടന്നു സൂര്യനെ തൊടാന്‍ ആയുന്നത് വല്ല്യുപ്പയറിഞ്ഞു...... ..........തുഞ്ചത്തെത്തുമ്പോഴുള്ള ആഴത്തിലുള്ള ഫിദയുടെ ചിരിയാല്‍ ആ പാടം മുഴുവനുണര്‍ന്നു..... .........അവളെ ഞാനാദ്യം തൊടുമെന്ന് വെള്ളവും ഞാറും തമ്മില്‍ മത്സരമായി ........ ..ആമ്പലും താമരയും അവള്‍ വീണാല്‍ പിടിക്കുവാനെന്നോണം മേലേക്ക് മേലേക്ക് പോയി വിടര്‍ന്നു നിന്നു..... ........... അവളെ കാത്ത് അങ്ങേ അറ്റത്ത്‌ അമ്മമ്മ നില്‍ക്കുന്നുണ്ട് ..........പതിയെ അടര്‍ന്നു  വീണു കൊണ്ടിരിക്കുന്ന ഇരുട്ടിനടിയിരുന്ന് ഫിദ എല്ലാവരോടുമായി ,അവള്‍ക്കു ചുറ്റും കാതോര്‍ത്തു നില്‍ക്കു ന്ന എല്ലാത്തിനോടുമായി  ആടിക്കൊണ്ടേയിരിക്കുന്ന ഒരൂഞ്ഞാലിലിരുന്നു ഒരു കഥ ഉറക്കെയുറക്കെ ഉരുവിടുന്നതു പോലെ വല്ല്യുപ്പാക്ക് തോന്നി.........     
     

2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍ .....

"ഇരുട്ടിന് ഒരോട്ട തൊളച്ച്  വെളിച്ചത്തിലേയ്ക്കു ഒരു കയറിന്റെ ബലത്തില്‍ ഓന്‍  കയറി വന്ന ആ വരവ് എനിക്കിപ്പഴും നല്ല ഓര്‍മ്മണ്ട്........ഞാന്‍ മരിച്ചാലും മറക്കൂല .....ആ വരവും ,പിടി വിട്ട്ള്ള  ആ പോക്കും .''
"വെളിച്ചം ന്ന് പറഞ്ഞാ അത്രക്കൊന്നുല്ല.......ഒരു നാലഞ്ച് ചിമ്മിനി വിളക്ക്ണ്ട് ......കിണറിനു നാലു
പൊറും .....ഒറ്റ ടോര്‍ച്ചൂണ്ടായിര്ന്ന്...അലവിടെര്ത്ത് .''
"ഓന്‍ നല്ലോനാണ് .....നല്ല മന്ശന്‍......ജനിക്കുമ്പോ  മാത്രല്ല ......ജീവിക്കുംബ്ലും ".
അടുത്ത വീട്ടിലെ അച്ഛച്ചനെ പറ്റി പറയുമ്പോള്‍ വല്ല്യുപ്പ എപ്പഴും ഇങ്ങനേണ് ന്നു ഫിദ മനസ്സില്‍ കരുതി.പറഞ്ഞു തീരല്ലില്ല.....മമ്മദും പേരക്കുട്ടിയും വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയതാണ്. വൈകുന്നേരത്തെ ഈ നടത്തത്തിലൂടെയാണ്  ഫിദ അവള്‍ കാണുന്ന ഈ  ആളുകളെല്ലാം എത്ര മാത്രം കഥ യുള്ളവരാണ് എന്ന് മനസ്സിലാക്കുന്നത്‌......
ഓരോ കൊട്ട കഥയും പേറി നടക്കുന്നവര്‍ .........
എന്നാലോ , ഒരു കഥയുമില്ലാത്തവന്‍ എന്ന് അറിയപ്പെടുന്നവര്‍........അവരെ പറ്റിയാണ് വല്ല്യുപ്പ യ്ക്ക് കൂടുതല്‍ പറയാനുണ്ടാവുക......ഒന്ന്,  നാലും കൂട്ടി മുറുക്കി വല്ല്യുപ്പ കഥ പറയാന്‍ തൊടങ്ങ്യാല്‍
ഫിദ വായും തുറന്നിരിക്കും ,മുന്നില്‍ തന്നെ.പലപ്പോഴും ഉമ്മ വന്നു "ഈച്ച കടക്കണ്ടടീ '' ന്നു പറ ഞ്ഞു  വായ അടയ്ക്കും .അപ്പോള്‍ ഇത്തിരി നേരം അനുസരണയാല്‍ വായ അടച്ചു വെയ്ക്കും ... ..കഥയില്‍ മുഴുകിയാല്‍ പിന്നെയും വായ പതിയെ തുറന്നു വരും......അങ്ങനെയാണ് ഫിദ കഥകള്‍
തിന്നു വയറ് നിറച്ചിരുന്നത്.....

                                 


         ചെമ്മണ്‍പാതയിലൂടെ  നടന്നു നടന്നു അവരൊരു തോടിനരികെയുള്ള സിമന്റു സീറ്റിലിരുന്നു. പുഞ്ച പ്പാടത്ത് നിന്ന് വരുന്ന ഇളം കാററ് ഇരുവരെയും ഒരുമിച്ചു തഴുകി കടന്നു പോയി.അവര്‍ തോട്ടിലേ യ്ക്കു നോക്കിയിരിക്കെ തോട്ടില്‍ നിന്ന് ഒരു പരല്‍ മീന്‍ റോട്ടിലേക്ക് ചാടി ."ഹൂയ്" പറഞ്ഞു ഒറ്റച്ചാ ട്ടത്തിനു ഫിദ മീനിനരികില്‍ എത്തി .....നല്ല വെളുത്ത് ,പരന്ന, പള്ള ങ്ങനെ കാണിച്ച് ഒരു മീന്‍
നല്ല ചെമന്ന മണ്‍ പാതയില്‍ കെടന്ന് ങ്ങനെ പെടയാ .......   മഴയും, വെള്ളത്തിന്റെ കുത്തിയൊലി ച്ചുള്ള വരവും,ചെറു കാറ്റും  കണ്ടു നില വിട്ടു ചാടിക്കളിച്ചതാണ് ........ വെള്ളം വിട്ടു ചാടി എന്നറി
ഞ്ഞാല്‍ പിന്നെ കുറച്ചു നേരത്തേയ്ക്ക് അത് നിര്‍ത്താതെ, വേഗത്തില്‍ പിടഞ്ഞു കൊണ്ടിരിക്കും. പിന്നീട് ഒന്ന് നിര്‍ത്തി വല്ല രക്ഷയുമുണ്ടോ എന്ന വിധം ഇത്തിരി നേരം ചിന്തയിലാണ്ടു കിടക്കും . അപ്പോള്‍ അതിന്റെ കണ്ണുകളിലേക്കു നോക്കിയാല്‍ നിങ്ങളുടെ അകം മുഴുവന്‍ ആ കണ്ണുകളില്‍ വിടര്‍ത്തിയിട്ടിരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും .അപ്പോള്‍ നിങ്ങള്‍ക്കകത്ത് ഒരു കുഞ്ഞ് ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍,  നിങ്ങള്‍ക്കതിനെ രക്ഷിക്കാന്‍ ,അതിന്റെ ഉല്ലാസങ്ങളിലേക്ക് ഒഴുക്കി വിടാന്‍ തോന്നും......അവസാനം നമ്മളെല്ലാം മനുഷ്യര്‍ കൂടിയാണല്ലോ .......എന്നത് കൊണ്ട് .ഫിദ അതിനെയെടുത്ത് തോട്ടിലെക്കിറങ്ങി......വല്ല്യുപ്പയും കൂടെയിറങ്ങി.തോട്ടില്‍ നിന്ന് മുഖം കഴുകി കയറി വന്ന മമ്മദിന് തന്‍റെ കൂട്ടുകാരനെ വീണ്ടും  ഓര്‍മ്മ വന്നു....... പാതിരാവില്‍ , ചാറല്‍ മഴയില്‍ കുതിര്‍ന്നു, തന്‍റെ ജീവന്‍ രക്ഷിച്ച ആള്‍ കിണര്‍ കയറി വരുന്നതും കാത്തു നിന്ന ഒരു നല്ല നായയെ ഓര്‍മ്മ വന്നു ....
വല്ല്യുപ്പ നാലും കൂട്ടി മുറുക്കാന്‍ തുടങ്ങിയപ്പഴെ ഫിദയുടെ  വായ താനേ  തുറക്കാന്‍ തുടങ്ങിരുന്നു .........
വല്ല്യുപ്പയില്‍ നിന്ന്  നല്ലൊരു കഥയുടെ പൂമണം അവിടെയെല്ലാം പരന്നൊഴുകും പോലെ അവള്‍ക്കു തോന്നി .............      
       2013, ഡിസംബർ 9, തിങ്കളാഴ്‌ച

നില തെറ്റിക്കുന്ന മുകള്‍നിലകള്‍ .......

    നാലു വയസ്സുകാരന്‍ അമന്റെ മുന്നിലപ്പോള്‍,ടിവി സ്ക്രീനില്‍ സ്പൈഡര്‍ മാന്‍ താഴ്ന്നു പറക്കു
കയായിരുന്നു.ആ രംഗം കണ്ടാല്‍ പലപ്പോഴും അവനു ഇരിപ്പുറക്കാറില്ല. അവന്‍ എണീറ്റ്‌ നിന്ന് കൈ രണ്ടും പൊക്കി,ഒരു ചാട്ടം ചാടി ''ഹൂയ്'' വിളിച്ചു.വല്ലാത്ത വിശപ്പ്‌ .......
''അമ്മേ, നിയ്ക്കെന്തെങ്കിലും താ.......''
മറുപടി കിട്ടാന്‍ കുറച്ചധികം നേരം കാത്തെങ്കിലും, കാണാഞ്ഞ്‌ അമന്‍ അടുക്കളയിലേക്ക് നടന്നു.
ബിസ്കറ്റ് തിന്നുന്നതിനിടയിലാണ് ചേച്ചിയെ സ്കൂള്‍ വണ്ടി കയറ്റാന്‍ ''അമ്മ ദാ ,ഇപ്പ വരാം'' ന്നു
പറഞ്ഞു അമ്മയും ചേച്ചിയും ബൈ പറഞ്ഞു പോയതോര്‍മ്മ വന്നത്.പെട്ടെന്ന് അമന് അവരെ ഇരുവരെയും കാണാന്‍ തോന്നി. ബെഡ് റൂമിലെ  ജനല്‍ വിരി മാറ്റി,  അമന്‍ താഴെയ്ക്കൊന്നു പാളി നോക്കി. അമനപ്പോള്‍ കെട്ടിടത്തിലെ ഏറ്റവും മുകളില്‍, എട്ടാംനിലയിലാണ്. ചേച്ചിയും അമ്മയും താഴെ വാച്ച്മേനോട് എന്തോ സംസാരിച്ചു കൊണ്ട് നില്‍ക്കുന്നു.ഒരു നായക്കുട്ടി ചേച്ചിയുടെ അരികിലേയ്ക്ക് നടന്നു വരുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടതപ്പോഴാണ്.  ഒരു കസേര വലിച്ചിട്ടു
അമന്‍ ജനലിന്റെ ഗ്ലാസ്സ് നീക്കി. അവന്‍റെ കുഞ്ഞു മുഖത്തേയ്ക്കു കാറ്റ് കുളിര്‍ ചൊരിഞ്ഞു. വാതിലിനെക്കള്‍ വിശാലമായി ആകാശത്തേക്ക് തുറക്കുന്ന ജനല്‍പ്പാളികള്‍ ......അവനിപ്പോള്‍ കാറ്റിനെ തൊടാം.....വെളിച്ചത്തെ പിടിക്കാന്‍ നോക്കാം ......എന്ത് രസാ ........അമ്മ തുറക്കാനേ
സമ്മതിക്കാത്ത ഈ ജനലുകള്‍ തുറക്കുമ്പോള്‍ .....
ഒറ്റയഴി പോലുമില്ലാത്ത ചില്ലു ജനാല അമന്റെ പരിമിതിയും സാധ്യതയുമൊക്കെയായി പലപ്പോഴും
അടഞ്ഞു കിടപ്പായിരുന്നു.........അമന് മുന്‍പില്‍.
കാറ്റ് നവോന്മേഷം നിറച്ചതോടെ അമന്റെ മനസ്സിലേക്ക് സ്പൈഡര്‍ മാന്‍ പാറിപ്പറന്നു നടക്കു ന്നത് കാറ്റിനേക്കാള്‍ ശക്തിയോടെ തള്ളിക്കയറി.
ജനല്‍ തുറന്നു അമന്‍ കുനിഞ്ഞു നോക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അമ്മ, മുകള്‍ നിലയില്‍ ഒറ്റയ്ക്കാക്കി പോയ മകനെ പിടിക്കാന്‍ കാറ്റിനേക്കാള്‍ വേഗതയില്‍ കുതിച്ചു.
ചേച്ചിയും ,വാച്ച്മേനും മറ്റാരെല്ലാമോ ചേര്‍ന്ന് ''നൊ...'' ന്നു വിളിച്ചു കൂവാന്‍ തുടങ്ങി. 
അമനപ്പോള്‍ പെട്ടെന്ന്‍ അവരുടെ അടുത്തേക്ക് പറന്നിറങ്ങാന്‍ തോന്നി .
അപകടം മണത്ത വാച്ച്മാന്‍ എവിടെ നിന്നൊക്കെയോ ഒരു സോഫയും , വിരികളുമെല്ലാം
വലിച്ചു വാരി കൊണ്ട് വന്നു സിമന്റ് തറയില്‍ വിരിച്ചു .......
അമ്മ നില തെറ്റി മുകള്‍ നിലയിലേക്ക് ഓടിയോടി കയറി കൊണ്ടിരുന്നു ..........
ചേച്ചി വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി.......
നായക്കുട്ടി ,ദൂരെ മാറി കണ്ണും ചിമ്മി കിടന്നു .........
ആരൊക്കെയോ കൈ വീശി അരുതരുതെന്നു കാണിക്കുന്നു .......
ഇവര്‍ക്കിടയിലേക്ക് അമന്‍ തന്‍റെ കുഞ്ഞു കൈകള്‍ ആഞ്ഞു വീശി പറക്കാന്‍ തുടങ്ങി .....
ഈ രക്തത്തില്‍ തനിക്കു പങ്കിലെന്നു വാച്ച്മാന്‍ കണ്ണ് പൊത്തി നിന്നു ........
ഉയര്‍ത്തിയിട്ടു കളിക്കുമ്പോള്‍ കൃത്യമായി തന്‍റെ കൈയിലേക്ക്‌ വന്നു ചേരാറുള്ള അനിയന്  നേരെ കൈ കാട്ടി ചേച്ചി നിലവിളിച്ചോടി.......
താന്‍ വിരിച്ചതിലൊന്നും കിടക്കാതെ,കുസൃതി നിറഞ്ഞ ഭാവത്തോടെ , രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു കുരുന്നിനെ എടുത്തു മാറ്റി കിടത്താനൊരുങ്ങുമ്പോഴാണ് അമ്മ , മകനരികില്‍
വന്നു വീണു ചങ്ക് തകര്‍ന്നു കിടപ്പായത് ......
അമ്മയുടെ കൈകളപ്പോഴും മകനെ അണച്ച്  പിടിക്കാന്‍ വേണ്ടിയെന്നോണം അമന് നേരെ വിടര്‍ന്നു നീണ്ടു വരുന്നുണ്ടായിരുന്നു.........
പറന്നു പോയ മകനെ ,കാറ്റിലെവിടെയെങ്കിലും വെച്ച് പാറിപ്പറന്നു പിടിക്കാം എന്ന നില തെറ്റിയ തോന്നലാല്‍ പറന്നതാണ് ആ അമ്മ .......
മകന്‍ ,താഴ്ച്ചകളില്‍ ചെന്ന് ചാടി അപകടം പറ്റുന്നത് തടയാന്‍ അണച്ച് പിടിക്കാനുള്ള വെമ്പ ലാല്‍ അമ്മക്ക് ഒരിത്തിരി നേരത്തേക്ക് മുകള്‍ നിലയും സമ നിലയും നഷ്ടപ്പെട്ടതാണ് ........
തന്നില്‍ നിന്ന് എന്നെന്നേയ്ക്കുമായി പാറിപ്പോകുന്ന മകനടുത്തെത്താന്‍, ഒന്ന് തൊടാന്‍ ഞാനാദ്യം എന്ന് വ്യഗ്രത പൂണ്ട മനസ്സില്‍ മറ്റു ലോകവും മനുഷ്യരുമെല്ലാം ഒരു നിമിഷം  മങ്ങിയ ചിത്രങ്ങളായി .............
മകനെ തന്നോട് ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കുന്ന ഒരമ്മയും, അമ്മയെ തോല്‍പ്പിച്ച് കടന്നു പോയ മകനും രണ്ടു മൃത ശരീരങ്ങള്‍ മാത്രമായി വാച്ച്മാന്റെ പിന്നീടുള്ള കാഴ്ചകളെ മുറിപ്പെടുത്തിക്കൊ ണ്ടിരുന്നു ........
ചെറുനാരങ്ങ കൊണ്ട് അമ്മാനമാടിക്കളിക്കുമ്പോഴും,അമനെയും തന്നെയും മാറി മാറി ഉയര്‍ത്തിയിട്ടു
കളിക്കുമ്പോഴും ഒരു ചെറു വിരല്‍ പോലും പിഴക്കാത്ത അമ്മക്ക് എവിടെയാണ് പിഴച്ചെതെന്ന റിയാതെ ,കരുവാളിച്ചു നില്‍ക്കുകയാണ് ചേച്ചി........
കുഞ്ഞനിയനും അമ്മയും മത്സരിച്ചു, തന്നെ വിട്ടു,  തന്നെ കൂട്ടാതെ പോയ അന്നാള്‍ തൊട്ടു ചേച്ചി
മുകളിലേക്കോ , താഴേക്കോ കയറിയിറങ്ങി പോകാത്ത ഒരു കോണിപ്പടിയ്ക്കരികില്‍ നില തെറ്റി യിരിപ്പാണു ..........