2014, ഒക്‌ടോബർ 11, ശനിയാഴ്‌ച


ഇന്നലത്തെ വാര്‍ത്ത .....

വയറ്റുവേദനയെന്നും പറഞ്ഞ് ഒരു പെണ്ണൊരുത്തി ആശുപത്രീലെത്തി .
ഒക്കെ ഭേദാവൂലോ  ന്നാര്‍ന്നു ചിന്ത .
കേമന്മാരായ ഡോക്ടര്‍മാര്‍ കണ്ട പാടെ അപ്പെന്‍ഡിക്സിന് ചികിത്സ തുടങ്ങി.
കിടത്തി ചികിത്സ .
രണ്ടൂസം കഴിഞ്ഞപ്പോ പെണ്ണിന് പ്രസവിക്കാന്‍ മുട്ടി .
ഓടി, ടോയ്ലെറ്റില്‍ കേറി .പെറ്റിട്ടു.
കുഞ്ഞിനെ അവിടെത്തന്നെയിട്ടു വീട് പിടിക്കാന്‍ തിരക്കിട്ട് നടക്കുന്നതിനിടയില്‍ മേലാസകലവും
നില്‍പ്പിലും ,നടപ്പിലും , വഴി നീളെയും ചോര.കട്ട .....കട്ട.....
ഇത് കണ്ട ജനങ്ങള്‍ അവളെ പിടിച്ചു അധികാരികളെ ഏല്‍പ്പിച്ചു .
കുഞ്ഞ് പരാതി പറയാതെ ഞങ്ങള്‍ക്കെന്നാ ചെയ്യാനൊക്കും എന്ന് അധികാരികള്‍ കൈ മലര്‍ത്തി
ക്കാണിച്ചു .
തന്തക്കു പിറക്കാത്ത ഒരു കുഞ്ഞിനെ കൂടി ജനിപ്പിച്ചതില്‍ അറമാദിച്ചു ആണൊരുത്തന്‍ ഒരു  മണ്ണി ലുമുറക്കാതെ , ഭൂമിയിലെ ഏറ്റം നല്ല പ്രദേശമന്വേഷിച്ചു നടപ്പ് തുടര്‍ന്നു .


ഇതെല്ലാം ഇന്നലത്തെ വാര്‍ത്ത.നടന്നത് ഇന്ത്യയില്‍ , കേരളത്തില്‍.
കൊല്ലങ്ങളായി കുട്ടികളെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെടുത്തി, അവരെ വിദ്യാഭ്യാസം ചെയ്യിച്ചു നല്ല മനുഷ്യരാക്കിയെടുത്ത് കൊണ്ടിരിക്കുന്നതിനു മിനിഞ്ഞാന്ന് ഇന്ത്യയിലെ ഒരു
നല്ല മനുഷ്യന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം കിട്ടിയിരുന്നു.
ഇന്നലെയും ,മിനിഞ്ഞാന്നും ഈ വാര്‍ത്തകള്‍ കിട്ടാത്തവര്‍ക്ക് ഇത് ഇന്നത്തെ ചൂട് //അല്ല ചോറിനുള്ള വാര്‍ത്ത.

അതിര്‍ത്തിയിലപ്പോള്‍,യാതൊന്നുമറിയാതെ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ മേലും , വെയില് കാഞ്ഞ് കൊണ്ടിരിക്കുന്ന വൃദ്ധരുടെ മേലും , വേവിച്ചു, വെന്തു കൊണ്ടിരിക്കുന്ന അമ്മമാരുടെ മേലും
വെടിയുതിര്‍ത്തു അയല്പക്ക സൈനികര്‍ വീര്യം കാട്ടല്‍ തുടര്‍ന്നു....

ഇതിനൊക്കെ ശേഷവും നേരമിരുട്ടി ,ഒറക്കം വന്നപ്പോ ഒറക്കം വന്നോരെല്ലാം കെടൊന്നൊറങ്ങി.
പുലര്‍ച്ചയ്ക്കു നാലു മണിയ്ക്ക് കാക്കക്കൂട്ടം കാ കാ......എന്നും അഞ്ചരയ്ക്ക് പൂവന്‍ കോഴി കൊക്കരക്കോ ......കൊക്കരക്കോ എന്നും ആളുകളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

നമ്മള്‍ ഈ മനുഷ്യനെ കുറിച്ച് അറിയാനിത്തിരി വൈകിയോ ?

   കൈലാഷ് സത്യാര്‍ത്ഥി.
   ആയിരത്തി തൊള്ളായിരത്തി അന്‍പത്തിനാലില്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനനം.
   ഇലക്ട്രിക് എഞ്ചിനീയര്‍ ബിരുദം നേടിയതിനു ശേഷം  കോളേജ് അധ്യാപകനായി ജോലിയില്‍
പ്രവേശിച്ചു .
  കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും ,ചൂഷണങ്ങളും , വിവേചനങ്ങളുമെല്ലാം പണ്ടേ മനസ്സിനെ അലട്ടിയിരുന്നതിനാല്‍ ജോലി ഉപേക്ഷിച്ച് കുട്ടികളെയും അവരുടെ കുട്ടിത്തത്തെയും പരിരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
 "ബച്ച്പ്പന്‍ ബച്ചാവോ ആന്ദോളന്‍ " എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു.
  ആയിരക്കണക്കിന് കുഞ്ഞുങ്ങളെ , അവരെ അടിമുടി ചൂഷണം ചെയ്യുന്ന തൊഴിലിടങ്ങളില്‍ നിന്ന് മോചിപ്പിച്ച്‌, അവര്‍ക്ക് വിദ്യയഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍  ഒരുക്കി.
ദാരിദ്ര്യം കൊണ്ട് മാത്രം അടിമപ്പണി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് സത്യാര്‍ത്ഥി പറയുന്നു.വീണ്ടെടുത്ത്, തിരിച്ചു കൊടുക്കുന്ന ഈ കുട്ടികളുടെ ആ കുട്ടിക്കാലവും,  അരക്ഷിതാരായ ഈ  കുട്ടികളും തന്നെയാണ് തന്‍റെ വഴിയാത്രയിലെ എക്കാലത്തെയും ഹീറോകള്‍ എന്നും അദ്ദേഹം പറയുന്നു.
 നമ്മള്‍ക്ക് അറിയേണ്ടത് തേടി നമ്മള്‍ തന്നെ നടക്കണം, അലയണം.
 നമ്മള്‍ കാണേണ്ടത്  നമ്മള്‍ തന്നെ തേടി കണ്ടെത്തണം .
 അല്ലാതെയാരും ഇവരെ പറ്റിയൊന്നും നമ്മോടു പറയില്ല. നോബേല്‍ സമ്മാനം വാങ്ങി ഞങ്ങള്‍ക്കിടയില്‍ ഇടം പിടിച്ച സത്യാര്‍ത്ഥി .......................
അറിയാന്‍ വൈകി,എങ്കിലും അഭിവാദ്യങ്ങള്‍ .