2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

മാവേലി വരുമ്പോള്‍ നീ നാട്ടിലില്ല ,എങ്കില്‍........



        നീ അപ്പോള്‍ മരുഭൂമിയിലാണ് എങ്കില്‍ അത് നിന്നെ കരയിപ്പിക്കുക തന്നെ ചെയ്യും. ഓണക്കാലത്തിന്‍റെ എല്ലാ പൊലിമകളും ഒഴിവാക്കി ആലോചിച്ചാലും കുട്ടിക്കാലത്ത് നിന്‍റെ
മുറ്റത്ത് പാറിക്കളിച്ചിരുന്ന ഒരു ഓണത്തുമ്പി വന്നു വരുന്നില്ലേ എന്ന് നിന്നെ വിളിച്ചു കൊണ്ടിരിക്കും. തോട്ടുവക്കിലെ തുമ്പക്കുടം വെളുക്കെ ചിരിച്ചു "പൂ പൊട്ടിക്കാന്‍ പോലുമറിയില്ലയീ വികൃതികള്‍ ക്കെന്നു''നിന്നോട് പരിഭവം പറയും. കാല്‍ തൊട്ടു വണങ്ങി ഒരു മുക്കൂറ്റി,"നിന്‍റെ മുറ്റത്തിനും വേണ മല്ലേ എന്നെ '' എന്ന് വമ്പത്തിയാകും. "ഇഷ്ടത്തിന് പെറുക്കിയെടുത്തോ'' എന്ന് കോളാമ്പി വിറ പൂണ്ടു നില്‍ക്കും. തെച്ചിയും ചെമ്പരത്തിയും എന്ന് വേണ്ട മത്തന്‍പൂവടക്കം എല്ലാ പൂക്കളും  ഞാനുമുണ്ട് നിന്‍റെ പൂക്കളത്തിലേക്കെന്നു തിക്കി തിരക്കി, വരിയും നിരയുമെല്ലാം തെറ്റിച്ചു നിന്നരികിലേക്ക് വന്നു കൊണ്ടേയിരിക്കും.അപ്പോള്‍ പുറത്തു പൊള്ളുന്ന ചൂടില്‍, കറുപ്പും വെളുപ്പും മാത്രം ധരിച്ചു നിറ വൈവിധ്യങ്ങളില്ലാത്ത ഒരു ജനത ഇതൊന്നുമറിയാതെ തിരക്കുകളില്‍ മാത്രം അഭിരമിച്ചു തലയും പൂഴ്ത്തിയിരിപ്പുണ്ടാകും.
 
        നിനക്കപ്പോള്‍ മാവേലിയുടെ കുടവയറില്‍ പറ്റിച്ചേര്‍ന്ന് കിടക്കാന്‍ തോന്നും.മാവേലി
"മാനുഷരെല്ലാരുമൊന്നു പോലെ '' എന്ന് വെറുതെയൊന്നു മൂളി, നേരല്ലെന്നു തനിക്കു തന്നെ തോന്നിയതിനാല്‍, "അടുത്ത കൊല്ലമെന്ന്‍'' പുറത്തു തട്ടി പറഞ്ഞു, ധൃതിയില്‍ കടന്നു പോകും. ഈയൊരു ഭ്രമത്തില്‍ നിന്ന് അമ്മയെന്ന നേരിലേക്ക്, നേര്‍ക്കാഴ്ചയിലേക്ക് നീ പടിയിറങ്ങി
തല ചായ്ക്കാനൊരിടം തേടി ചെല്ലും . മടിയില്‍ തല ചായക്കും. തിരക്കുകള്‍ക്കിടയിലും അമ്മയുടെ
ഓണനിലാവൊളി ചിതറുന്ന ചിരി നിന്നിലെ എല്ലാ ഭാരങ്ങളെയും കാറ്റില്‍ പറത്തി നിന്നെ മറ്റൊരു അപ്പൂപ്പന്‍ താടിയാക്കി മാറ്റും. നീ പാറിച്ചെന്ന് ഒരു വാഴന്തൂമ്പിലെ അതിലോല പച്ചപ്പില്‍ അഭയം തേടും. വാങ്ങാന്‍ കിട്ടാത്ത,കാണാന്‍ പോലുമാകാതെ കാഴ്ച്ചയില്‍ നിന്നകന്നു മാറിപ്പോകുന്ന പലതുകളെയും പോലെയിതെല്ലാമെന്നു നിന്‍റെ മനസ്സിനെ നീയാശ്വസിപ്പിക്കാന്‍ ശ്രമിക്കും.

       ചില്ലലമാറയിലിരിക്കുന്ന പിസ്സയും ബര്‍ഗ്ഗറുമെല്ലാം പുളീഞ്ചിയെയും,അവിയലിനെയും, നാരങ്ങാ
ക്കറിയെയും അങ്ങനെ അനവധി വൈവിധ്യമുള്ള ഓണസ്സദ്യയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മണവും രുചിയുമായി നിന്നെ ഒരുമിച്ചുണര്‍ത്തും. അച്ഛന്‍ കൊണ്ട് വന്ന കുപ്പായമിട്ട്,വേഗം കൈ കഴുകി കൂട്ടുകാരൊത്ത് കളിക്കാനും, വലിയവരുടെ ഇടയില്‍ കിടന്നു തൃക്കാക്കരപ്പന്‍റെ മുമ്പില്‍ തുമ്പി
തുളളാനും നീ ഉത്സാഹിക്കും. വൈകുന്നേരം മഴയത്ത് "ഈ മഴയ്ക്കൊന്നും ഞാനൊലിച്ച് പോവില്ലെന്ന് ''മണ്‍ ബലത്തില്‍ ഗമ കാണിച്ചിരിക്കുന്ന തൃക്കാക്കരാപ്പന് ഒരു തൊപ്പിക്കുട വെച്ച്
കൊടുത്തു, അനിയന്‍ പൂജിക്കുന്നതും നോക്കി നീ മഴച്ചിരിയിലേക്കുളിയിടും.

     അപ്പോള്‍ നിന്നകത്തേക്ക് വല്ലാത്തൊരു ഉള്ളുരുക്കത്തോടെ, നിന്നെയുലക്കും വിധം "പൂവേ ....
പൊലി .......പൂവേ ........''എന്ന് ഈണത്തില്‍ പാടുന്നൊരു കാരണവരുടെ ഈണങ്ങള്‍ ദേശങ്ങളും
കാലങ്ങളും താണ്ടി കടന്നു വരും.
   ആ ഈണം നിന്‍റെ മറവികളെ ചേര്‍ത്ത് വെച്ച് നിനക്കൊരു ഓര്‍മ്മക്കിനാവ്‌ തുന്നിത്തരും.
    അതീവ ഭംഗിയുള്ളത് ......
    അതി ലളിതമായത്......
   നിന്നെ തൊട്ടുരുമ്മി നില്‍ക്കുന്നത് ......
അതിന്നരികു പിടിച്ചു കുഞ്ഞിത്തള്ള മുറങ്ങളുമായി കുന്നു മുറിച്ചു കടന്നു നിന്‍റെ മുറ്റത്തേക്ക് "മാളെ''
എന്ന് നീട്ടി വിളിച്ചു കയറി വരും.
ഇട്ടിച്ചിരി വലിയൊരു പഴന്തുണി കെട്ടുമായി "തച്ചു തിരുമ്പാനൊന്നും ഇനി വെയ്യെന്നു '' കിതപ്പിനിടയില്‍ പറഞ്ഞൊപ്പിച്ചു നിന്‍റെ വീട്ടുപടിയ്ക്കല്‍ അണച്ച് നില്‍ക്കും.
കുഞ്ഞിയുടെ തീരെ ചെറിയ മൂക്കുത്തിയും അതിനു താഴെയുള്ള മുറുക്കി ചുവപ്പിച്ച ചുണ്ടുകളും നിന്നില്‍ കാലം മായ്ക്കാത്ത അടയാളങ്ങളുണ്ടാക്കും. നീയവയെ പതുക്കെ തലോടും ......
കുഞ്ഞി നിവര്‍ന്നു നിന്ന് നീ കണ്ടിട്ടില്ല ........
ഒരിക്കല്‍ പോലും .......
ഞാന്നു കിടക്കുന്ന അമ്മിഞ്ഞയും അതിനെക്കാള്‍ തൂങ്ങിക്കിടക്കുന്ന ചെവികളും ആട്ടിയാട്ടി വരുന്ന
ഇട്ടിച്ചിരി ചാണകം മെഴുകിയ കോലായിലെ തണുപ്പു പറ്റി കിതപ്പാറ്റി ഇരിക്കുന്നത് നീ നിന്‍റെ കണ്ണാ ലൊപ്പിയെടുക്കും. അവര്‍ക്ക് നീ മുട്ടിക്കുടിയന്‍ മാങ്ങകള്‍ കൈ നിറയെ കൊടുക്കും. മണ്ണിന്‍ മാധുര്യം
മതി വരുവോളം മുട്ടി കുടിച്ച് അവര്‍ നിന്നെ പല്ലില്ലാ ചിരിയാല്‍ അനുഗ്രഹിക്കും. കമ്മലായ് അവര്‍
മാറി മാറിയിടുന്ന മരക്കഷ്ണങ്ങളും ചെമ്പ് തോടകളും നിന്നെ അവരുടേ കഥകളിലേക്ക് കൂട്ടിക്കൊണ്ട് പോകും.........
ഇട്ടിച്ചിരി ജാക്കറ്റിട്ടു നീ കണ്ടിട്ടില്ല ........
ഒരിക്കല്‍ പോലും ........
അങ്ങനെ ഓണത്തോടൊപ്പം വരുന്നവര്‍ നിന്‍റെ ഓണച്ചിത്രവും, ഓര്‍മ്മത്താളുമാകും......
നിന്നെ നിറവുള്ളവളാക്കും........നീ നിറ സമൃദ്ധിയാല്‍ തുളുമ്പും .......
മാവേലിയും ഓണവും വലുതാകുന്നതോടെ നീ ഒരു ചെറിയ ഗ്രാമത്തിലെ തീരെ ചെറിയ പെണ്ണാകും.
ഓണക്കുലകള്‍ "രാമാ ..പൂയ് '' എന്ന അകമ്പടിപ്പാട്ടാല്‍ ചന്തയിലേക്ക് യാത്ര തിരിക്കും .....
ഓണച്ചന്തകള്‍ വളര്‍ന്നു വളര്‍ന്നു നിന്നെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങും ......
നീ മണലിലിരുന്നു, അകന്നിരുന്നു, ചൂടാല്‍ ഉള്ളു വിങ്ങി കഥകളും കാര്യങ്ങളും പറയാന്‍ തുടങ്ങും ......
അവനവനിലേക്ക്‌ തല പൂഴ്ത്തി മണലില്‍ വേവുന്നവര്‍ നിന്നെത്തേടി തിക്കി തിരക്കി കടന്നു വരും......
വെള്ളമില്ല .......
ഭക്ഷണം തരുന്നില്ല .........
ചോര നീരാക്കി പണിതാലും കൂലിയും തരുന്നില്ല ......
നിങ്ങളെന്തിനിങ്ങോട്ടു പോന്നു എന്ന് നീയാരോടും ചോദിക്കില്ല .....
നിവന്നു നില്ക്കാന്‍ മണലൂന്നു തേടിയിവിടെ എത്തിയവരാണ് .......
മണലില്‍ നെഞ്ച് വിരിച്ചു നടക്കാനും, കാലൂന്നി നില്‍ക്കാനും വേണ്ടി വന്നവരാണ് ....
രണ്ടിനുമാവില്ലെന്നു കാലം കഴിഞ്ഞാല്‍ മാത്രം മനസ്സിലാകുന്നവരുമാണ് .....
ഒന്നും മനസ്സിലാകാതെ മരണത്തിനു കീഴ്പ്പെടുന്നവരുമാണ് .....
അവരുടേ വര്‍ത്തമാനത്തിലേക്കു നീ നിന്‍റെ നാക്കില തുറന്നു വെക്കും ......
അതില്‍ നിറയെ മണല്‍ കോരിയിടും ......
നിന്‍റെ വയര്‍ നിറയും .....
ഇല മടക്കി വെച്ച് അമ്മയോട് വെച്ച പായസത്തെപ്പറ്റിയും കഴിച്ച കറികളെ പറ്റിയും  പതിയെ പറയും ....
അമ്മ നേര് ചികഞ്ഞെടുക്കാന്‍ ശ്രമിക്കും ........
നീയെന്നെ മറന്നാലും ഞാന്‍ നിന്നിലേക്കെത്തുമെന്നു ഓണ വെയില്‍ മാത്രം ഒരു ചീളു കടുപ്പിച്ചു
നിന്നില്‍ പെയ്യാനായി ഓടി വരും....
ഓണത്തിന്‍റെ മറവികളില്‍ നിന്ന് ഓര്‍മകളിലേക്കും തിരിച്ചറിവുകളിലേക്കുമായി നീയൊറ്റക്ക് ഒരു തുഴയുമായി പാട്ട് പാടി പോകും ........
ദിക്കില്ലാതെ ........               

2 അഭിപ്രായങ്ങൾ:

  1. ഞാന്‍ ആലോചിക്കുന്നത് ,,ഇ എഴുത്തിന്റെ മാരിവില്ല് നീ എവിടെ ഒളിപ്പിച്ചു വെച്ചു എന്നാണ്..ഇത് എഴുതുമ്പോള്‍ നീ എന്ത് മാത്രം കരഞ്ഞിരിക്കില്ല എന്നും, നിവന്നു നില്ക്കാന്‍ മണലൂന്നു തേടിയിവിടെ എത്തിയവരാണ് .......
    മണലില്‍ നെഞ്ച് വിരിച്ചു നടക്കാനും, കാലൂന്നി നില്‍ക്കാനും വേണ്ടി വന്നവരാണ് .
    നിരര്‍ത്ഥകമായ ജീവിതത്തിന്‍റെ കയ്പും,സ്വപ്നങ്ങളും ഇതില്‍ പരം ഏതു വാക്കിലൂടെ ആണ് പ്രകടിപിക്കുക ...എഴുതി കൊണ്ടേയിരിക്കൂ ...മനസ്സ് നിറക്കൂ

    മറുപടിഇല്ലാതാക്കൂ