Google+ Followers

2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍ .....

"ഇരുട്ടിന് ഒരോട്ട തൊളച്ച്  വെളിച്ചത്തിലേയ്ക്കു ഒരു കയറിന്റെ ബലത്തില്‍ ഓന്‍  കയറി വന്ന ആ വരവ് എനിക്കിപ്പഴും നല്ല ഓര്‍മ്മണ്ട്........ഞാന്‍ മരിച്ചാലും മറക്കൂല .....ആ വരവും ,പിടി വിട്ട്ള്ള  ആ പോക്കും .''
"വെളിച്ചം ന്ന് പറഞ്ഞാ അത്രക്കൊന്നുല്ല.......ഒരു നാലഞ്ച് ചിമ്മിനി വിളക്ക്ണ്ട് ......കിണറിനു നാലു
പൊറും .....ഒറ്റ ടോര്‍ച്ചൂണ്ടായിര്ന്ന്...അലവിടെര്ത്ത് .''
"ഓന്‍ നല്ലോനാണ് .....നല്ല മന്ശന്‍......ജനിക്കുമ്പോ  മാത്രല്ല ......ജീവിക്കുംബ്ലും ".
അടുത്ത വീട്ടിലെ അച്ഛച്ചനെ പറ്റി പറയുമ്പോള്‍ വല്ല്യുപ്പ എപ്പഴും ഇങ്ങനേണ് ന്നു ഫിദ മനസ്സില്‍ കരുതി.പറഞ്ഞു തീരല്ലില്ല.....മമ്മദും പേരക്കുട്ടിയും വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയതാണ്. വൈകുന്നേരത്തെ ഈ നടത്തത്തിലൂടെയാണ്  ഫിദ അവള്‍ കാണുന്ന ഈ  ആളുകളെല്ലാം എത്ര മാത്രം കഥ യുള്ളവരാണ് എന്ന് മനസ്സിലാക്കുന്നത്‌......
ഓരോ കൊട്ട കഥയും പേറി നടക്കുന്നവര്‍ .........
എന്നാലോ , ഒരു കഥയുമില്ലാത്തവന്‍ എന്ന് അറിയപ്പെടുന്നവര്‍........അവരെ പറ്റിയാണ് വല്ല്യുപ്പ യ്ക്ക് കൂടുതല്‍ പറയാനുണ്ടാവുക......ഒന്ന്,  നാലും കൂട്ടി മുറുക്കി വല്ല്യുപ്പ കഥ പറയാന്‍ തൊടങ്ങ്യാല്‍
ഫിദ വായും തുറന്നിരിക്കും ,മുന്നില്‍ തന്നെ.പലപ്പോഴും ഉമ്മ വന്നു "ഈച്ച കടക്കണ്ടടീ '' ന്നു പറ ഞ്ഞു  വായ അടയ്ക്കും .അപ്പോള്‍ ഇത്തിരി നേരം അനുസരണയാല്‍ വായ അടച്ചു വെയ്ക്കും ... ..കഥയില്‍ മുഴുകിയാല്‍ പിന്നെയും വായ പതിയെ തുറന്നു വരും......അങ്ങനെയാണ് ഫിദ കഥകള്‍
തിന്നു വയറ് നിറച്ചിരുന്നത്.....

                                 


         ചെമ്മണ്‍പാതയിലൂടെ  നടന്നു നടന്നു അവരൊരു തോടിനരികെയുള്ള സിമന്റു സീറ്റിലിരുന്നു. പുഞ്ച പ്പാടത്ത് നിന്ന് വരുന്ന ഇളം കാററ് ഇരുവരെയും ഒരുമിച്ചു തഴുകി കടന്നു പോയി.അവര്‍ തോട്ടിലേ യ്ക്കു നോക്കിയിരിക്കെ തോട്ടില്‍ നിന്ന് ഒരു പരല്‍ മീന്‍ റോട്ടിലേക്ക് ചാടി ."ഹൂയ്" പറഞ്ഞു ഒറ്റച്ചാ ട്ടത്തിനു ഫിദ മീനിനരികില്‍ എത്തി .....നല്ല വെളുത്ത് ,പരന്ന, പള്ള ങ്ങനെ കാണിച്ച് ഒരു മീന്‍
നല്ല ചെമന്ന മണ്‍ പാതയില്‍ കെടന്ന് ങ്ങനെ പെടയാ .......   മഴയും, വെള്ളത്തിന്റെ കുത്തിയൊലി ച്ചുള്ള വരവും,ചെറു കാറ്റും  കണ്ടു നില വിട്ടു ചാടിക്കളിച്ചതാണ് ........ വെള്ളം വിട്ടു ചാടി എന്നറി
ഞ്ഞാല്‍ പിന്നെ കുറച്ചു നേരത്തേയ്ക്ക് അത് നിര്‍ത്താതെ, വേഗത്തില്‍ പിടഞ്ഞു കൊണ്ടിരിക്കും. പിന്നീട് ഒന്ന് നിര്‍ത്തി വല്ല രക്ഷയുമുണ്ടോ എന്ന വിധം ഇത്തിരി നേരം ചിന്തയിലാണ്ടു കിടക്കും . അപ്പോള്‍ അതിന്റെ കണ്ണുകളിലേക്കു നോക്കിയാല്‍ നിങ്ങളുടെ അകം മുഴുവന്‍ ആ കണ്ണുകളില്‍ വിടര്‍ത്തിയിട്ടിരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും .അപ്പോള്‍ നിങ്ങള്‍ക്കകത്ത് ഒരു കുഞ്ഞ് ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍,  നിങ്ങള്‍ക്കതിനെ രക്ഷിക്കാന്‍ ,അതിന്റെ ഉല്ലാസങ്ങളിലേക്ക് ഒഴുക്കി വിടാന്‍ തോന്നും......അവസാനം നമ്മളെല്ലാം മനുഷ്യര്‍ കൂടിയാണല്ലോ .......എന്നത് കൊണ്ട് .ഫിദ അതിനെയെടുത്ത് തോട്ടിലെക്കിറങ്ങി......വല്ല്യുപ്പയും കൂടെയിറങ്ങി.തോട്ടില്‍ നിന്ന് മുഖം കഴുകി കയറി വന്ന മമ്മദിന് തന്‍റെ കൂട്ടുകാരനെ വീണ്ടും  ഓര്‍മ്മ വന്നു....... പാതിരാവില്‍ , ചാറല്‍ മഴയില്‍ കുതിര്‍ന്നു, തന്‍റെ ജീവന്‍ രക്ഷിച്ച ആള്‍ കിണര്‍ കയറി വരുന്നതും കാത്തു നിന്ന ഒരു നല്ല നായയെ ഓര്‍മ്മ വന്നു ....
വല്ല്യുപ്പ നാലും കൂട്ടി മുറുക്കാന്‍ തുടങ്ങിയപ്പഴെ ഫിദയുടെ  വായ താനേ  തുറക്കാന്‍ തുടങ്ങിരുന്നു .........
വല്ല്യുപ്പയില്‍ നിന്ന്  നല്ലൊരു കഥയുടെ പൂമണം അവിടെയെല്ലാം പരന്നൊഴുകും പോലെ അവള്‍ക്കു തോന്നി .............      
       2 അഭിപ്രായങ്ങൾ:

  1. നല്ല എഴുത്ത്..

    മുതശന്റെയും മുത്തശിയുടെയും കഥ കേള്‍ക്കാന്‍ ഭാഗ്യമോ അല്ലെങ്കില്‍ അവസരം ഉണ്ടായാലും പഠന ഭാരത്താല്‍ അതിനൊന്നും കഴിയാത്ത ഇന്നത്തെ കുട്ടികള്‍

    മറുപടിഇല്ലാതാക്കൂ