Google+ Followers

2014, മേയ് 11, ഞായറാഴ്‌ച

കയ്പ്പിലകളിലൂടെ ഉപ്പു രുചികളും ,വഴികളും അറിഞ്ഞത് ... .........

 

   തലേന്ന് ഓഫീസ് വിട്ടു വന്നപ്പോള്‍ തന്നെ അവനു നല്ല പണിയുണ്ടായിരുന്നു . ഒന്നിനും ഒരു രുചി തോന്നുന്നുമില്ല . കുറച്ചു ചോറെടുത്ത് കഴിച്ചുവെന്നു വരുത്തിത്തീര്‍ത്തു. വ്യാഴാഴ്ചയായതി നാല്‍ കുറെ നേരമിരുന്നു, പനിച്ച്  സിനിമ കണ്ടു. വെള്ളിയാഴ്ച അവധിയാണ് . കാലത്ത് തിരക്ക്
പിടിച്ചു എണീക്കേണ്ട.

      കഴിഞ്ഞ ഒന്നര വര്‍ഷമായി , ഒമാനിലെ അല്‍-ഖൂദ് സൂക്കിലാണ് അവന്‍റെ  താമസം. നല്ല ഒന്നാന്തരം അങ്ങാടി,  മലയാളം മണക്കുന്ന തെരുവ്.   അയല്പ്പക്കമായി ഒരു തമിഴ് കുടുംബം, ഹൈദരാബാദ് കുടുംബം..........അങ്ങനെ തെക്കെ ഇന്ത്യയുടെ ഒരു ചെറിയ പതിപ്പിലെ ഒരു ഫ്ലാറ്റ് . സൂക്കായതിനാല്‍ അവരുടെ മുന്നിലുള്ള റോഡിലൂടെ  വളരെ പതു ക്കെ മാത്രമേ വാഹനങ്ങള്‍ കടന്നു പോകൂ . പാത മുറിച്ചു നടക്കുന്നവരെ ബഹുമാനിച്ചു, സാവധാനത്തില്‍  കടന്നു പോകുന്ന വണ്ടികള്‍ , തുടക്കത്തില്‍ അവളെ അതിശയിപ്പിച്ചിട്ടുണ്ട് . ഒരുപാട് തിരക്കുകളുണ്ടെങ്കിലും  തിടുക്കപ്പെടാതെ കടന്നു പോകുന്ന വഴികളും, വഴിപോക്കരും. സൂക്കിന്റെ മാത്രം അടയാളമാണ് ഈ ആലസ്യം. സൂക്കിലെ ജീവിതത്തിനും ആളുകള്‍ക്കുമെല്ലാം ഇത്തരത്തില്‍ ദിനങ്ങളും കാലങ്ങളുമൊക്കെ പതുക്കെ നുകരുന്നതിന്റെ ഒരു ഭാവമാണെന്നു അവള്‍ക്കു തോന്നിയിട്ടുണ്ട് . സൂക്കിനു പുറത്ത് വാഹനങ്ങളും മനുഷ്യരുമെല്ലാം ഇതിന്റെ നാലിരട്ടി വേഗതയിലാണ് കാലത്തെ കവച്ചു വെച്ചു കടന്നു പോകുന്നതെന്നും   അവള്‍ക്കു തോന്നി .
     
       വെള്ളിയാഴ്ച്ച രാവിലെ പനി പ്രമാണിച്ച് കഞ്ഞി കുടിക്കുന്നതിനിടയിലാണ് അവളതു ശ്രദ്ധി ച്ചത് ........ അവന്‍റെ പുറത്ത് നാലഞ്ചു പൊള്ളകള്‍. ചുമന്നു, തുടുത്തത്......ഒന്നുകൂടി വിശദമായി നോക്കി , ദീനം സ്ഥിരീകരിച്ചു .......ചിക്കന്‍ പോക്സ്. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങള്‍. നല്ല തണുപ്പില്‍
നിന്ന് കുത്തനെ കൂടുന്ന ചൂടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കാലം കാണുന്നവരിലെല്ലാം വിതറുന്നത് . ഏതായാലും പണി കിട്ടി .

      കഴിഞ്ഞ മൂന്നു മാസമായി അവനു ജോലിയേയുള്ളൂ , കൂലിയില്ല . അവള്‍ക്കു ജോലിയുമില്ല, കൂലിയുമില്ല . അക്കൌണ്ടും, അടുക്കളയുമൊക്കെ കാലിയായി കിടപ്പാണ് . മേലാസകലം ഇങ്ങ നെ  കായ്കള്‍ വന്നു പഴുത്താല്‍,നല്ലോണം കായ്‌-കനികള്‍ ഭക്ഷിക്കണം എന്നാണ്.അടുത്ത വീ
ട്ടിലെ ചേച്ചിയില്‍ നിന്ന് പണം കടം വാങ്ങി അവള്‍ പുറത്തിറങ്ങി , നല്ലോണം വെള്ളമുള്ള  ഇളനീരും തണ്ണിമത്തനുമെല്ലാം വാങ്ങി വന്നു. ആദ്യത്തെ രണ്ടു ദിവസത്തിനകം ശരീരം നൂറു മേനി
വിളഞ്ഞ പാടം പോലെ കിടപ്പായി. അടി തൊട്ട് മുടി വരെ ചുവന്നു ,പഴുത്ത കായ്‌കള്‍ . മൂന്നാം നാള്‍ തൊട്ടു ദീനത്തിന്റെ ഭാവം മാറി. കണ്ണ് ചുട്ടു പൊള്ളുന്ന അടുപ്പു കണക്കെയായി . തല വെട്ടിപ്പൊളിച്ചു മാറ്റുമ്പോലെയുള്ള വേദനയാല്‍ അവന്‍ കിടന്നു ഞരങ്ങി. മേല് മുഴുവന്‍ വന്ന കായ്കളുടെ വേര് ചെന്നെത്തുന്നിടം വരെയുള്ള കാണാ മുറിവുകളാല്‍, എല്ല് നുറുങ്ങി അവന്‍  പുളഞ്ഞു.വെള്ളമിറക്കു മ്പോള്‍ തൊണ്ടയിലെ കുരുക്കള്‍ കലമ്പല്‍ കൂട്ടിയത് കാരണം വെള്ളമിറക്കാന്‍ പറ്റാതായി .രാത്രി യില്‍ പനിച്ചും, ഉറക്കമില്ലാതെയും പിച്ചും പേയും  പറയാന്‍ തുടങ്ങി . അവള്‍ പേടിച്ചു മേലെ ആകാശവും താഴെ ഭൂമിയുമുണ്ടെന്ന വിശ്വാസത്തിലിരിപ്പായി . പുലര്‍ച്ചെ എണീറ്റ്‌ പോയി കണ്ട ഹോമിയോ ഡോക്ടര്‍ വേദനയുണ്ടാവും എന്ന ഉറപ്പിച്ചു പറഞ്ഞപ്പോള്‍ സൂര്യന്‍ അവളെ നോക്കി ച്ചിരിക്കും പോലെ അവള്‍ക്ക് തോന്നി.

 ചിക്കന്‍ -പോക്സ് എന്നറിഞ്ഞപ്പോള്‍ തന്നെ തമിഴ് കുടുംബം ആര്യവേപ്പിലകള്‍ കുറെ കൊണ്ട് വന്നു
കൊടുത്തു . അവന്‍റെ ഒന്ന് രണ്ടു സുഹൃത്തുക്കള്‍ വിളിച്ചു എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദി ച്ചു. അവളത് സ്നേഹപൂര്‍വ്വം നിരസിച്ച് കരുതല്‍ ധനമായി എടുത്തു വെച്ചു . വഴിയില്‍ ആവശ്യമുണ്ടാ കും, മുന്നില്‍ പൊള്ളിക്കുന്ന മണലുള്ള ഒരു നാട്ടില്‍ പ്രത്യേകിച്ചും. ഇവിടെ ആരും കാണാനൊന്നും വരില്ല , വന്നു അസുഖം പകര്‍ന്നാല്‍ നഷ്ടമാകുന്നത് അനവധി ജോലി ദിവസ ങ്ങള്‍ , റിയാലുകള്‍ , വീട്ടിലെല്ലാവര്‍ക്കും വന്നാലുണ്ടാവുന്ന പുകിലുകള്‍ ,  വീട് ഒന്ന് രണ്ടു മാസം തല കുത്തനെ നില്‍ക്കുന്നത് അതൊന്നും ആര്‍ക്കും അത്ര ഇഷ്ടമല്ലാത്തതിനാല്‍ രോഗിയെ സന്ദര്‍ശിക്കുക , തൊട്ടു തടവുക ഇത്യാദി നാടകം കളിയൊന്നും പതിവില്ല .

  അങ്ങനെ ആര്യവേപ്പിലകള്‍ തീര്‍ന്നപ്പോള്‍ അവള്‍  കയ്പ്പിലകള്‍ തേടിയിറങ്ങി. ഈ തെരുവില്‍  ധാരാളം വേപ്പ് മരങ്ങളുണ്ട്.കയ്പ്പിലകള്‍ മുറ്റി വളരുന്നവ . അടുത്തുള്ള ഒരു വേപ്പ് മരത്തിന്റെ ചോ ട്ടിലെത്തി അവള്‍ രണ്ടു മൂന്നു തണ്ടുകള്‍ പൊട്ടിച്ചു . അത് മതിയാവില്ല,കിടത്തവും കുളിയുമെല്ലാം
ഈ ഇലകളിലാണ്‌ . കയ്പ്പിലകളില്‍ അഭയം. മുകളിലെ ഇലകളും ,കൊമ്പുകളും, ചില്ലകളുമെ ല്ലാം  അവളെ കൊതിപ്പിച്ചു നിന്നു . ആരെങ്കിലും ആ  വഴി ഇപ്പൊ വരുമെന്നു കരുതി അവളവിടെ ത്തന്നെ നിന്നു.
 
 വന്നത് ഒരു പാകിസ്ഥാനിയാണ്. മരം പോലൊരുത്തന്‍. ദൂരെ നിന്നേ കണ്ടു.അയാളുടെ കൈ യില്‍ തൂങ്ങിയാടി വാ തോരാതെ പറഞ്ഞും ചിരിച്ചും ഒരു പെണ്‍കിടാവുമുണ്ട് .മുകളില്‍ പകലോന്‍
പകലിനെ ആവോളം പൊള്ളിച്ച് ചുവന്നു തുടുത്തു പടിഞ്ഞാട്ടെത്തിയിരിക്കുന്നു . പരിചയക്കാരാ രെങ്കിലും വരും എന്ന് വെച്ച് കാത്ത് നില്‍ക്കാവുന്ന നാട്ടുവഴിയല്ല ഇത് . ഉള്ള ഭാഷ വെച്ച് മനുഷ്യ രോട് മിണ്ടുകയും പറയുകയും ചെയ്യേണ്ട ഭൂമിയിലെ ഒരിടം, ഒരുള്‍ വഴി.

    അന്യ ഭാഷ നന്നേ കുറവാണവള്‍ക്ക് , എന്നാലും അയാള്‍ അടുത്ത് വന്നപ്പോള്‍ എന്തും വരട്ടെ എന്ന് കരുതി,  ആകാശം നോക്കി അവള്‍ ചോദിച്ചു ;
''പതി കൊ ചിക്കന്‍ -പോക്സ് ഹെ.ഇസ് നീം കാ കുച്ച് പത്തല്‍ ''......... എന്നും പറഞ്ഞ് അവള്‍ മുക ളിലേക്ക് നോക്കി. അവളുടെ തൊണ്ടക്കുഴിയിലൂടെ വെള്ളമിറങ്ങി. ആ പാകിസ്ഥാനിയുടെ മുഖത്തും അസ്തമന സൂര്യന്‍ ചുവപ്പ് ഉരുക്കിയൊഴിച്ചു കൊണ്ടിരുന്നു. പൊള്ളുമെന്ന് തോന്നി ,അവള്‍ക്ക്. പകല്  മുഴുവന്‍ പണിയെടുത്തെന്ന ഭാവമല്ലാതെ മറ്റൊന്നും പുറത്ത് കാണിക്കാത്ത , മറ്റെല്ലാം ഉള്ളിലൊളിപ്പിക്കുന്ന അനേക മുഖങ്ങളിലൊന്ന്. അയാളൊന്ന് കൂടി തറപ്പിച്ചു നോക്കി , വഴിയിലുടക്കി നിന്നപ്പോള്‍ , അവളുടെ തൊണ്ടയിലെ വെള്ളം വറ്റി . തെരുവിലേക്ക് കൂടി ചേരുന്ന ആ ഉള്‍ വഴിയില്‍ ,അവളും അവളുടെ തൊട്ടു മുന്നിലായി എന്തിനും പോന്ന ഒരു പാകിസ്ഥാനിയും , കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയും . ആ നിമിഷത്തില്‍ ,ആ വഴിയില്‍ മറ്റാരുമില്ല . ഒന്നായും പിന്നീട് പിരിഞ്ഞ് , അതിര്‍ത്തി പങ്കിട്ടും തമ്മില്‍ തല്ലുന്ന രണ്ടു രാജ്യങ്ങളുടെ ഭൂപടവും കമ്പി വേലിയും വെ
ടി വെപ്പുമെല്ലാം  അവളുടെ കാലിലൂടെ മുകളിലേക്ക് കയറാന്‍ തുടങ്ങി .അതിര്‍ത്തി കാക്കുന്ന ഇരുമ്പ് കമ്പികളില്‍ പെട്ടെന്ന് ചെന്ന് കുടുങ്ങിയ പോലെ അവളുടെ കണ്ണ് നിറഞ്ഞ് കവിയാന്‍
തുടങ്ങി . പാട്പെട്ട് രണ്ടു വാക്കുകളെ കൂടി പുറത്തേക്ക് ഉന്തി വിട്ടു ;
''സച്ച്  ഹെ ,മേം സച്ച് ബോല്‍താ ഹെ ''.അവള്‍ മരത്തിനെയും മാനത്തെയും നോക്കി അയാളോട് കേണു , കെഞ്ചി.
     
       ചുവന്ന സൂര്യന് താഴെ അയാളലിയുന്നത് അവളറിഞ്ഞു . തൂങ്ങിയാടുന്ന പെണ്‍കുട്ടിയെ വിട്ട് അയാള്‍ മരത്തിനടുത്ത് വന്ന്, ചില്ലകള്‍ പൊട്ടിക്കാന്‍ തുടങ്ങി. ആ പാകിസ്താനി  പെണ്‍കുട്ടി
അവളെ നോക്കി ചിരിച്ചു കൊണ്ട് നിന്നു . അവളിലെ ഭാഷയും, രാജ്യവും,  മതവുമെല്ലാം അതിനു
മുന്നില്‍ തല താഴ്ത്തി നിന്നു.

''മതി'' യെന്ന വാക്കിന് ഹിന്ദി പരതുമ്പോഴേക്കും അയാളൊരു ചെറിയ വേപ്പ് മരമായിക്കഴിഞ്ഞി രുന്നു.
കയ്പ്പിലകളാല്‍ ആശ്വാസം നിറയ്ക്കുന്ന വേപ്പ് മരം.
ഇലകളും ചില്ലകളും എന്നിലേയ്ക്ക് ചൊരിഞ്ഞു , ''ഓര്‍ ചാഹിയെ ''? എന്നയാള്‍. വേണ്ട, ഇത്
ധാരാളമാണ് .അവള്‍ക്കും , വരാനിരിക്കുന്ന അവളുടെ തലമുറകള്‍ക്കും.
  ''ഭൈയ്യാ .......ബസ് . ബഹുത് ശുക്രിയാ ....''അവള്‍ക്കത് അവസാനിപ്പിക്കാനായില്ല .അവള്‍ ശുക്രിയാ , ശുക്രിയാ എന്ന് പിറുപിറുത്തു കൊണ്ടേയിരുന്നു .
ഒന്നും മിണ്ടാതെ അയാളാ പെണ്‍കുട്ടിയെയും പിടിച്ചു നടന്നകന്നു പോയി.
പെണ്‍കുട്ടി പിന്‍ തിരിഞ്ഞ് അവളെ  നോക്കി ചിരിക്കുന്നുണ്ടായിരുന്നു .
അപരിചിത മുഖങ്ങള്‍ മാത്രം നിറയുന്നൊരു തെരുവില്‍ ഒരു ബാപ്പയും മകളും അവളെ  കീഴടക്കി
കടന്നു പോകയായിരുന്നു . ആ പെണ്‍കുട്ടിക്ക്  നേരെ അവള്‍  ഇലകള്‍ നിറഞ്ഞ കൈയുയര്‍ ത്തി സന്തോഷത്തില്‍  വീശി കാണിച്ചു.

      കടന്നു വരാനും ആശ്വസിപ്പിക്കാനും ആരുമില്ലാത്ത ഒരു തെരുവില്‍, അവള്‍ക്കു ഇലകളായി,  അവളിലേക്ക്‌ വന്ന  ആ ബാപ്പയോടും മകളോടും, അവള്‍ക്കു ,ജന്മ നാട്ടിലെ നടന്നു തേഞ്ഞ വഴിക ളില്‍ ,കാലങ്ങളായി  കാണുന്ന , സ്നേഹിക്കുന്നവരോടുള്ള ഒരടുപ്പം തോന്നി.ഒരു  തെരുവില്‍ വേര റ്റു  കിടക്കുകയാണെന്ന അവളുടെ വേദനയുടെ കൂര്‍ത്ത അറ്റത്തെ അയാളേതോ നന്മയാല്‍ കൂട്ടി ക്കൊരുത്ത പോലെ .അവള്‍ക്കാ തെരുവില്‍ നിന്ന് , കാലം അവളില്‍ അലിയിച്ചു ചേര്‍ത്ത ബന്ധ ങ്ങളില്‍ മനുഷ്യ നന്മ വെളിച്ചം വിതറുന്നത് കണ്ട് ഉറക്കെ കരയണമെന്നു തോന്നി.

       വീട്ടിലേക്കു തിരിച്ചു നടക്കുമ്പോഴും അവള്‍ വിതുമ്പുന്നുണ്ടായിരുന്നു . നിന്‍റെ ചുറ്റും മനുഷ്യരുള്ളി ടത്തോളം കാലം നീ നന്മ എവിടെയെങ്കിലും കണ്ടെത്തുക തന്നെ ചെയ്യുമെന്ന് വേപ്പ് മരം അവ ളോട്‌ പറയുന്ന പോലെ അവള്‍ക്കു തോന്നി . അപ്പോള്‍ തെരുവിലേക്ക് തുറക്കുന്ന ഒരു മലയാളി
വീട്ടില്‍ നിന്ന് തെരഞ്ഞെടുപ്പു വാര്‍ത്തകള്‍ ഒരു റിപ്പോര്‍ട്ടര്‍ ശ്വാസം വിടാതെ പറയുന്നുണ്ടായിരുന്നു ഇന്ത്യന്‍ തെരുവിലും, രാഷ്ട്രീയത്തിലുമെല്ലാം മതം അതിന്‍റെ അടയാളങ്ങളും , നിറങ്ങളും വാരി വിതറി, ആഘോഷത്തിലാറാടി , ജനങ്ങളെ ഓരോരോ തൊഴുത്തിലേക്കോടിച്ചു കയറ്റി , പരസ്പര  മകറ്റി ,കെട്ടിപ്പൂട്ടാനുള്ള തത്രപ്പാടിലാണെന്ന് ആ  വാര്‍ത്ത അടിവരയിട്ടു  പറയുന്നുണ്ടായിരുന്നു .

  തെരെഞ്ഞെടുപ്പില്ലാത്ത , പങ്കാളിത്തമില്ലാത്ത, വേര് പൊട്ടുന്നുവോ എന്ന് സംശയം മാത്രമുള്ള  ഒരു തെരുവിലൂടെ , വേപ്പിലകളുമായി നടക്കുമ്പോള്‍ പാകിസ്താനിലെ ഏതോ ഒരു ഗ്രാമത്തിലെ
ആ ബാപ്പയും മകളും അവള്‍ക്കു ജീവിതത്തിന്റെ ഉപ്പു വഴികളെ കാണിച്ചു കൊടുത്തു കഴിഞ്ഞിരുന്നു .
ജീവിതത്തിനു , മനുഷ്യരായി പിറന്നവരെല്ലാം നല്‍കേണ്ട ഉപ്പു രുചികളെ പറ്റി ഓര്‍ത്താണ് അവള്‍ മുകളിലേക്ക് കയറിയത്. ബന്ധുക്കള്‍ അകന്നു മാറി നടക്കുകയും ,സൗഹൃദങ്ങള്‍ ഫോണ്‍
തലപ്പിലെ ഒലിപ്പ് മാത്രമാവുകയും ചെയ്യുന്ന വഴികളില്‍ ഇതിലൊന്നിലും പെടാതെ വേരാഴ്ത്തി നിന്ന് നന്മ പൊഴിക്കുന്ന മരങ്ങളുടെയും ,മനുഷ്യരുടെയും ആ തെരുവ് അവള്‍ക്കന്ന് മതിയാവോളം   തണവു നല്‍കിയിരുന്നു . 

   

 
              
   

4 അഭിപ്രായങ്ങൾ:

 1. "ചുറ്റും മനുഷ്യരുള്ളി ടത്തോളം കാലം നീ നന്മ എവിടെയെങ്കിലും കണ്ടെത്തുക തന്നെ ചെയ്യുമെന്ന്...." നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 2. നിന്‍റെ ചുറ്റും മനുഷ്യരുള്ളി ടത്തോളം കാലം നീ നന്മ എവിടെയെങ്കിലും കണ്ടെത്തുക തന്നെ ചെയ്യുമെന്ന് വേപ്പ് മരം അവ ളോട്‌ പറയുന്ന പോലെ അവള്‍ക്കു തോന്നി .

  >> അതാണ്. അങ്ങനെ പറയുന്ന മരങ്ങളേയും കിളികളേയും പുൽകൊടികളേയും ആ മനുഷ്യരെയും കണ്ടെത്തുകയേ വേണ്ടു. പക്ഷേ നമ്മുടെ നാവുകൾ, നമ്മുടെ ചെവികൾ, നമ്മുടെ കണ്ണുകൾ നമ്മുടെ തന്നെ അപകർഷങ്ങളിലേക്കാണല്ലോ ആണ്ടു പോകുക..

  ഭംഗിയായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 3. ഉപ്പ് രുചികളെ കുറിച്ച് വളരെ കേമമായി തന്നെ എഴുതി. വളരെ നന്നായിയിരിക്കുന്നു.
  ജീവിച്ചുപോകുന്ന സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന സ്നേഹ സാമീപ്യങ്ങളെക്കുറിച്ച നിരീക്ഷണങ്ങളും ഇനിയും തീരെ വറ്റിയിട്ടില്ലാത്ത സ്നേഹത്തിന്റെ ഉറവയും എല്ലാം നന്നായെഴുതി.
  ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 4. റാംജി,വിദ്ദീ ,മുബി,.......എല്ലാവര്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ