2014, ഫെബ്രുവരി 5, ബുധനാഴ്‌ച

വീണു പോയത്

മഴക്കാലമാണ് .അമ്മമ്മ ബസ്സില്‍ കയറുമ്പോഴേ ,മഴയിത്തിരി കനത്തില്‍ ചാറുന്നുണ്ട്. ബസ്സില്‍ തിരക്കുണ്ട്‌ . അവര്‍ ഡ്രൈവറുടെ പിന്നിലായി , കുടയും പിടിച്ചു ഒതുങ്ങി നിന്നു . പിന്നെ തിരക്കില്‍ നീങ്ങി, നീങ്ങി, ബസ്സിന്റെ അരികിലെത്തി അവിടെ കമ്പിയും പിടിച്ചു നില്‍പ്പായി .
ഇടയ്ക്ക് മഴ അവരുടെ  കണ്‍പീലികളെ നനയ്ക്കുന്നുണ്ട് .
ചിരി തൂകി അവരത് മായ്ച്ചു കളയും.......
കുട നനഞ്ഞിട്ടുണ്ട് .എന്നാലും അവരത് താഴെ വെച്ചില്ല.
ബസ്സ്‌ നല്ല സ്പീഡിലായിരുന്നു.ഇടയ്ക്കൊരു വളവിലെത്തിയപ്പോള്‍ എല്ലാരും കൂടെ അമ്മമ്മടെ
മേലേയ്ക്കു ഒന്ന് ചാരി.......അമ്മമ്മടെ കമ്പിയിലെ പിടുത്തവും ,കുടയിലെ പിടുത്തവും രണ്ടും  ഒന്നിച്ചു പോയി .
കുട ദാ കെടക്കുന്നു , റോഡില്‍.
"അയ്യോ , ന്‍റെ കൊടപോയല്ലോ ........ഒന്ന് നിര്‍ത്തണേ.......ന്‍റെ കൊട ''.അവര് ബസ്സില്‍ ബഹളം
വെയ്ക്കാന്‍ തുടങ്ങി.
ബസ്സ് നിന്നു. അവരിറങ്ങി .
''പുത്യേ തരാണ്. നല്ല വേലേംണ്ട് '' ഇതും പറഞ്ഞു മകള്‍ കുട കൊണ്ട് തരുമ്പോള്‍ ഇതും കൂടി കള ഞ്ഞാല്‍ ഇനീള്ള കാലം മഴേം  കൊണ്ട് നടക്കേണ്ടി വരും എന്നൊരു ഭീഷണിയുണ്ടായിരുന്നു. അല്ലെങ്കിലും പെണ്മക്കള്‍ ടീച്ചറായാല്‍ കഴിഞ്ഞു......ഭീഷണി ,പഠിപ്പിക്കല്‍ .....ഇതൊക്കെ തന്നെ
നിത്യവും......നടക്കുന്നതിനിടയില്‍ അവരോര്‍ത്തു.
അമ്മമ്മയ്ക്ക് മറവിയിത്തിരി കൂടുതലാണ് . വെച്ചതൊന്നും ഓര്‍മ്മയുണ്ടാവില്ല .
വെച്ചാല്‍ വെച്ചതെല്ലാം അവിടെ തന്നെയിരിക്കും . തിരിച്ചെടുക്കാന്‍ മറക്കും.
അത് കൊണ്ടാണ് കുട എവിടേം വെയ്ക്കാതെ ചേര്‍ത്ത് പിടിച്ചു നിന്നത് .
അപ്പഴിതാ , വഴിയിലും വീണു.
അവരെയിറക്കി ബസ്സ് , നിര്‍ത്തിയ ഒരു നിമിഷത്തിനെ തിരിച്ചു പിടിക്കാനുള്ള പാച്ചില്‍ തുടങ്ങി......
കുടയ്ക്കും അവര്‍ക്കും തമ്മില്‍ കുറച്ചു ദൂരമുണ്ട്..........
ഒരു കുടയല്ലേ എന്ന് കരുതി ഡ്രൈവര്‍ ഓടിച്ചു പോയ ദൂരം.......
ഏതായാലും ദാ , കുട അവടെ തന്നെ കെടപ്പുണ്ട്. അവര്‍ കുട ലക്ഷ്യം വെച്ച് നടന്നു തുടങ്ങി. വേഗം
നടക്കാനൊന്നും പറ്റ്ണില്ല്യ.......കാല്‍ മുട്ടിനൊക്കെ നല്ല വേദനണ്ട് .
ന്നാലും അവര്‍ ആഞ്ഞു നടന്നു.
അവരെ ,അരികിലേക്ക് തള്ളി ഒരു ഓട്ടോ , അതിവേഗതയില്‍  കടന്നു പോയി.
''ഈശ്വരാ ......ഈ കുട്ട്യോള്‍ക്ക് ഇത്തിരി പതുക്കെ പോയാലെന്താ ?''
അവര്‍ ഓര്‍ക്കുന്നതിനിടയില്‍ അവരുടെ ഓര്‍മ്മയെ തടഞ്ഞ് കുറച്ചു ദൂരെയായി കുടയ്ക്കരികെ  ആ
ഓട്ടോ നിന്നു .
റോഡില്‍ ആരുമില്ലാതെ, ആരുടെതുമല്ലാതെ ഒരു കുട. മഴക്കാലം.
ഓട്ടോയില്‍ നിന്ന് ഒരാളിറങ്ങി, കുടയെടുത്തു , വണ്ടിയില്‍ കയറി. ഒരു മുച്ചക്ര വണ്ടിയ്ക്കാവും വിധം  വേഗത്തില്‍ അതും പാഞ്ഞു പോയി.
ഇതെല്ലാം  അമ്മമ്മ ഒരു കാലടി എടുത്തു വെയ്ക്കുന്നതിനിടയില്‍ കഴിഞ്ഞതാണ്......
''അയ്യോ ......അതെന്റെ കൊടയാ .......അതെടുക്കല്ലേ ........''
ആരും കേട്ടില്ല ,തേഞ്ഞ്, തകര്‍ന്ന ,എത്ര ശക്തിയെടുത്തലും പൊങ്ങാത്ത അവരുടെ വാക്കുകളെ ....
അപേക്ഷയെ.
ചാറ്റല്‍ മഴ അവരില്‍ സാരല്ല്യാ ന്ന് പെയ്തു കൊണ്ടിരുന്നു.
കാറ്റ് അവരുടെ വാക്കുകളെയും പെറുക്കി ആരിലെങ്കിലുമെത്താന്‍ തിടുക്കപ്പെട്ടു.
റോഡിനിരുവശവും ഞാറ് നട്ട കണ്ടങ്ങള്‍ ഇളം  പച്ചപ്പായി അവര്‍ക്ക് ചുറ്റും കിടന്നു.
ഒരു മരം, കുടയില്ലാത്തവര്‍ക്ക് ഒന്ന് കേറി നില്‍ക്കാനായി കുട വിരിച്ചു നില്‍പ്പുണ്ട്....
പറ്റിയത്, ഒന്ന് പറഞ്ഞു തീര്‍ക്കാന്‍ പോലും ആരുമില്ല അവരുടെയടുത്ത്....
അവരാ മരച്ചുവട്ടില്‍ ഇത്തിരി നേരം  പിറുപിറുത്ത് കൊണ്ട് നിന്നു. മരവും, അതിനു മേലെ ആകാശവും അവര്‍ക്കായി കുട നിവര്‍ത്തി നില്‍ക്കുന്നതായി  അവര്‍ക്കനുഭവപ്പെട്ടു.
അവര്‍ക്കരികില്‍, ഒറ്റക്കല്ലില്‍ ,ഒരു തവള അവരെയും നോക്കിയിരിപ്പുണ്ട്‌ . അമ്മമ്മയ്ക്ക് ടീച്ചറ മ്മയെ , മകളെ ഓര്‍മ്മ വന്നു. എന്തു പറയും?
ആ.......എന്തെങ്കിലുമൊക്കെ പറയാം.പ്രായവും മറവിയും കൂടി ഇഴ ചേര്‍ന്ന് കിടക്കുന്നതിനാല്‍ മറു
പടി പറയല്‍ എളുപ്പമാണ് . അതു പോട്ടെ, പൊടി മോളെത്തുന്നതിനു മുന്‍പ് വീടെത്തണം .
''ബസ്സില്‍ന്ന് എറങ്ങണ്ടേര്ന്നില്ല്യ .മഴ കൊണ്ടത്‌ മിച്ചം . ഇനിപ്പോ ഇവടെ ബസ്സും നിര്‍ത്തില്ല്യ.''
അവര്‍ തുമ്മാന്‍ തുടങ്ങി.പനി ഒറപ്പ് .
ബസ്സ് കിട്ടാന്‍ ഇങ്ങട്ട് നടക്കണോ , അങ്ങട്ട് നടക്കണോ ന്ന് ആലോചിച്ച് കുറച്ചു നേരം അവരാ ആകാശച്ചോട്ടില്‍, ഒറ്റയ്ക്ക് മഴ കൊണ്ട് നിന്നു .
കണ്ണെത്തും ദൂരത്തെങ്ങുമില്ല, ബസ്സ്‌ സ്റ്റോപ്പ്‌.
അവര്‍ മെല്ലെ നടന്നു. ചാറ്റല്‍ മഴ അവരുടെ വേഷ്ടിയേയും ബ്ലൗസിനേയും, അടിപ്പാവാടയേയു മെല്ലാം നനച്ച്  കുതിര്‍ത്ത് അവരുടെ നടത്തത്തെ അസാധാരണമാം വിധം സാവധാനത്തിലാക്കി .   

 


     
 

8 അഭിപ്രായങ്ങൾ:

  1. കഥ ഇടയ്ക്കിടെ മുറിഞ്ഞു പോകുന്നുണ്ടോ എന്നൊരു സംശയം.

    മറുപടിഇല്ലാതാക്കൂ
  2. നല്ല എഴുത്ത്
    തുടരുക
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. ബീനയുടെ കഥകളെല്ലാം മനസ്സില്‍ ചില നൊമ്പരച്ചിന്തകളുണര്‍ത്തുന്നുണ്ട്. നന്നായി എഴുതുന്നുണ്ട് കേട്ടോ. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  4. കഥ നന്നായിരിക്കുന്നു..

    നല്ല രചനാ ശൈലി......

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. ഖരാക്ഷരങ്ങള്‍,ഗീത,അജിത്‌, സാജന്‍,ഐശ്വര്യാ.........എല്ലാവര്‍ക്കും എന്‍റെ സ്നേഹം.

    മറുപടിഇല്ലാതാക്കൂ