Google+ Followers

2014, ജനുവരി 29, ബുധനാഴ്‌ച

മുടി കാണാത്തെരുവില്‍ ,മുല്ലപ്പൂ വില്‍ക്കുന്നവള്‍......


    നിങ്ങള്‍ ഒരു തെരുവില്‍ ഭീതിയാണ് വിതക്കുന്നതെങ്കില്‍ ,
    വിചാരിക്കുന്നതിലിരട്ടി വേഗത്തില്‍ നിങ്ങള്‍ക്ക്  ലക്ഷ്യത്തിലെത്താം .

അതായിരുന്നു ആ അക്രമി സംഘത്തിന്റെ ആപ്തവാക്യം.അവര്‍ക്കും ആകാശാത്തിനും ചോട്ടിലിരു ന്നാണ് പൂവമ്മ ഇതൊന്നുമറിയാതെ മുല്ലപ്പൂ വിറ്റിരുന്നത്.

അന്നും പൂവമ്മ ആ പെണ്‍കുട്ടിയ്ക്ക് മുല്ലപ്പൂ മുറിച്ചു കൊടുത്തു. ചിലര്‍ക്ക് പൂവ് മുറിച്ചു കൊടുക്കുമ്പോള്‍ അറിയാതെ തന്നെ  ഒരു സന്തോഷം ഉള്ളില്‍ കത്തിപ്പിടിക്കും . പൂവമ്മയുടെ കൈയില്‍ നിന്ന് സ്ഥി രം മുല്ലപ്പൂ വാങ്ങിക്കുന്നവരിലൊരാളാണീ പെണ്‍കുട്ടി. അവിടെ തന്നെ നിന്ന് അവളതു മുടിയില്‍ ചൂ ടും. പൂവമ്മ അവള്‍ പൂ ചൂടി സ്കൂള്‍ ഗെയ്റ്റും കടന്നു പോകുന്നതും നോക്കി കുറെ നേരം നില്‍ക്കും. അത്രയ്ക്ക് ചന്തമാണ് നീണ്ടു, ഇത്തിരി ചുരുണ്ട് കിടക്കുന്ന അവളുടെ മുടിയില്‍ മുല്ലപ്പൂ കിടക്കുന്നത്
കാണാന്‍ . സ്കൂളിലെ മറ്റു കുട്ടികള്‍ക്കൊന്നും ഇത്രയ്ക്ക് മുടിയില്ല . അധികം പേരും മുടി മുറിച്ചവരാ ണ്. കുട്ടികളെ എല്ലാവരെയും പൂവമ്മയ്ക്ക് വലിയ ഇഷ്ടമാണ് . പൂ വാങ്ങിച്ചാലും ഇല്ലെങ്കിലും . കുട്ടി കളുടെ പ്രസരിപ്പ് കണ്ട് കണ്ടാണ്‌ തനിക്കിങ്ങനെ ജില്ജിലാന്നു ഓടി നടന്നു പണി ചെയ്യാന്‍ പറ്റുന്ന തെന്ന് പൂവമ്മ ചിലരോടൊക്കെ ഏറ്റു പറഞ്ഞിട്ടുമുണ്ട് .

 ഇവര്‍ പൂവമ്മ ........
പട്ടണത്തിലെ ഒരു സ്കൂളിനടുത്ത് മുല്ലപ്പൂ വിറ്റു ജീവിക്കുന്നു. പെണ്‍കുട്ടികളോട് അതീവ  വാത്സല്യ മാണ് . ചിലപ്പോഴെല്ലാം അവര്‍ക്ക് കുറഞ്ഞ പൈസയ്ക്കും , ചിലര്‍ക്കെല്ലാം വെറുതെയും  മുല്ലപ്പൂ കൊടുക്കും . തമിഴ്നാട്ടിലാണ് ജനിച്ചത്. തട്ടിമുട്ടി മലയാളത്തിലെത്തിയെന്നു പൂവമ്മ പൊട്ടിച്ചിരി ക്കും  . തൊട്ടു മുന്നിലിരിക്കുന്ന മുല്ലപ്പൂവിനേക്കാള്‍ അഴകാണ് പൂവമ്മയുടെ ചിരിയ്ക്ക് .പൂവ് വിറ്റ് കഴിഞ്ഞാല്‍ അവര്‍ പട്ടണത്തിനോട് ചേര്‍ന്നുള്ള തന്‍റെ ഒറ്റ മുറിയിലെത്തും. ചങ്ങാതിയായ കടല ക്കാരനില്‍ നിന്ന് വാങ്ങിയ കടലപ്പൊതി അയല്‍പ്പക്കത്തെ കുട്ടികള്‍ക്ക് കൊടുക്കും . അവരുടെ  സന്തോഷത്തില്‍ നിറയും. മുറിയിലെത്തി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിക്കും . "ഇതെന്ത് കറി'' എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരു പേരും ഉണ്ടാക്കി പറയും. കല്യാണം കഴിഞ്ഞ താണോ എന്ന് എനിക്ക് തന്നെ നല്ലയോര്‍മ്മയില്ലെന്ന് ചിലപ്പോള്‍ ഓര്‍മ്മയില്‍ തപ്പി നോക്കിച്ചിരി ക്കും. ഒട്ടിയ വയറില്‍ തടവി ,''ഇതിനകത്ത് കിടന്നാരും ഇളം കാലാല്‍ ചവിട്ടിക്കുതിച്ചില്ലെന്നും '',''ആര്‍ക്കും മുലപ്പാല്‍ കൊടുത്തില്ലെന്നും'' കുട്ടികളില്ലെന്ന് ഉറപ്പിക്കും . എങ്കിലും ഏതെങ്കിലും വൈകുന്നേര ങ്ങളില്‍ വര്‍ത്തമാനം കാടു കയറി തമിഴകത്തെത്തി, ജനിച്ച മണ്ണിലും വേരുകളിലു മൊക്കെ ചെന്ന് കയറി, കുരുങ്ങിക്കിടന്നു പൂവമ്മയെ സങ്കടപ്പെടുത്താന്‍ തുടങ്ങിയാല്‍ പൂവമ്മ കടലക്കാരന്‍ ചങ്ങാ തിയെ ഫോണ്‍ വിളിക്കും. രാത്രി വളരെ വൈകി, അയാള്‍ കതകില്‍ മുട്ടുമ്പോള്‍ വാതില്‍പ്പൊളി തുറന്നു പൂവമ്മ ചിരി തൂകുന്ന നിലാവിനും  നക്ഷത്രങ്ങള്‍ക്കും  കീഴെ അയാളെ സ്വീകരിക്കും . ചങ്ങാ തി കരുതിയിരുന്ന സിഗരറ്റും മദ്യവും അവര്‍ പങ്കു വെച്ച് കഴിക്കും.പിറ്റേന്ന്, കാക്ക കരയും വരെ അവരിരുവരും കഥ പറഞ്ഞിരിക്കും.

ഇങ്ങനെയൊക്കെയാണ് പൂവമ്മ .
അന്നും പെണ്‍കുട്ടി പൂ ചൂടുന്നതും നോക്കി ഇത്തിരി നേരം പൂവമ്മ നിന്നു.
''ഇന്നെന്താ ഇത്ര നേരത്തെ? '' ന്ന്‍  പൂവമ്മ .
''ഒക്കെണ്ട് പൂവമ്മെ, ഞാന്‍ നാടകത്തിനു ചേര്‍ന്നിട്ടുണ്ട്.റിഹേഴ്സലുണ്ട് . നാളെ കഴിഞ്ഞാല്‍ കലോ ത്സവമാണ് . ഈ പൂവമ്മേടെ ഒരു മറവി ......''എന്ന് പറഞ്ഞു അവള്‍ പൂവമ്മയുടെ തലയിലൊന്നു തൊട്ട് , ചിരിച്ചു ,പോകാന്‍ തിടുക്കം കൂട്ടി.
''ഉം ...ഉം... നടക്കട്ടെ '' എന്ന് പൂവമ്മയുടെ മറുപടി നടത്തത്തിനിടയില്‍ അവള്‍ കേട്ടുവോ  ആവോ?
നടന്നു പെണ്‍കുട്ടി സ്കൂളിനടുത്തെത്താറായപ്പോഴേക്കും കുറച്ചു ചെറുപ്പക്കാര്‍, രണ്ടു മൂന്നു സ്കൂട്ടറുക ളിലായി,വളരെ വേഗത്തില്‍ വന്നു, അവളെ പോകാനനുവദിക്കാതെ  തടഞ്ഞ്  നിര്‍ത്തുന്നത് പൂവമ്മ കണ്ടു. എന്തെല്ലാമോ ഉറക്കെ പറഞ്ഞു  അവര്‍ വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി..........
പൂവമ്മയുടെ ഉള്ളില്‍ ഒരു കിരുകിരുപ്പ്‌ കയറാന്‍ തുടങ്ങി. സാരി ഒന്നെടുത്തു കുത്തി അവര്‍ അങ്ങോ ട്ടേക്ക് കുതിച്ചു .
അപ്പോഴേയ്ക്കും കൈയ്യില്‍ കരുതിയിരുന്ന വലിയ ചൂരല്‍ കൊണ്ട് ആ അഞ്ചു പേര്‍ ചേര്‍ന്ന്
പെണ്‍കുട്ടിയെ അടിയ്ക്കാന്‍ തുടങ്ങിയിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നതിനാല്‍ അടി യേറ്റും ആട്ടേറ്റും അവള്‍ വേച്ച് വീഴാന്‍ തുടങ്ങുകയായിരുന്നു . അതിലേക്കാണ് പൂവമ്മ ഓടിയണ ഞ്ഞത്, ചാടി വീണത്‌, അവളെ പൊതിഞ്ഞു നിന്നത്.......
അപ്പോള്‍ അവര്‍ക്ക് മേലേക്ക് പയ്യെപ്പയ്യെ മഴ ചാറാന്‍ തുടങ്ങി. പൂവമ്മയുടെ കൈയ്യില്‍ നിന്ന്
പെണ്‍കുട്ടിയെ അടര്‍ത്തിയെടുത്ത് ഒരുത്തന്‍ അവളുടെ നീണ്ടു കിടക്കുന്ന മുടി മുറിച്ചു.
കൂടെയുള്ളവര്‍ ആക്രോശിച്ച് അവനു ഹരം പകര്‍ന്നു.....
മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. മഴവെള്ളത്തില്‍ മുടിച്ചുരുളുകളും മുല്ലപ്പൂവും കെട്ടു പിണഞ്ഞ് കിട ന്നു. മഴയിലും ഇടിയിലും അകപ്പെട്ട രണ്ടു പേര്‍ പരസ്പരം താങ്ങാവാന്‍ , വീഴാതെ നില്ക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു .
പൂവമ്മയുടെ നാഭിക്കേറ്റ തൊഴിയില്‍ അവരിരുവരും കൂടി മറിഞ്ഞു വീഴുന്നത് കണ്ടപ്പോള്‍ മാത്രമാ ണ്  ആ അക്രമി സംഘം കലിയൊഴിഞ്ഞു കളം വിട്ടത്.
മഴ തോരാന്‍ തുടങ്ങി. ഭയന്ന് അകന്നു മാറി നിന്നിരുന്ന ആളുകള്‍ പതുക്കെ അടുത്ത് വരാന്‍ തുടങ്ങി.
ബോധം അമ്പേ പോയിരുന്ന പെണ്‍കുട്ടിയെ വന്നവരെല്ലാം ചേര്‍ന്ന് ഹോസ്പിറ്റലില്‍ കൊണ്ട് പോയി. കണ്ടാലറിയുന്ന ചിലര്‍ക്കെതിരെ കേസെടുത്തു.....തെരുവില്‍ മാത്രം അലതല്ലുന്ന സമരങ്ങ
ളുണ്ടായി. .......
പെണ്‍കുട്ടി മുല്ലപ്പൂ ചൂടി തലമുടി വിടര്‍ത്തിയിടുന്നതും, പാട്ട് പാടി നടക്കുന്നതും, നാടകം കളിക്കുന്നതു മൊന്നും ഇഷ്ടപ്പെടാതിരുന്ന ഒരു സംഘം ആ പട്ടണത്തിലുണ്ടായിരുന്നത്രെ . അവരാദ്യം പെണ്‍ കുട്ടിയുടെ വീട്ടുകാരോട് ഇതെല്ലാം അവസാനിപ്പിക്കാന്‍ പറഞ്ഞു , ഭീഷണിപ്പെടുത്തി......അതിനു ശേഷമാണീ ചൂരല്‍ പ്രയോഗവും, മുടിവെട്ടും . പെണ്‍കുട്ടിയും വീട്ടുകാരും ഇതിനെയെല്ലാം അതേ
നാണയത്തില്‍ തന്നെയെടുത്തു . മേല് വേദന പോയപ്പോള്‍ തന്നെ മുറിച്ച മുടിയിലിത്തിരി മുല്ലപ്പൂ
ചൂടി അവള്‍ പഴയതിലും ഉത്സാഹത്തോടെ പള്ളിക്കൂടത്തിലെത്തി.
ഈ സംഭവത്തോടെ പൂവമ്മ വലിയ വലിയ ചിന്തയിലകപ്പെട്ടു ,മനസ്സിന് മുറിവേറ്റു . രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് പോയി........
മുടി കാണിക്കാതെ മൂടിക്കെട്ടി പോകുന്ന കുറെ രൂപങ്ങളും ആരും വാങ്ങാനില്ലാതെ വാടിക്കരിഞ്ഞു
പോകുന്ന മുല്ലപ്പൂക്കളുമൊക്കെയായി പൂവമ്മയുടെ ചില്ല് മനസ്സില്‍ കോറലുകള്‍ വീഴ്ത്തിക്കൊണ്ടി രുന്നു.
അനക്കമറ്റു , ഒറ്റ സ്ത്രീ പോലും കടന്നു വരാത്ത ഒരു തെരുവിലിരുന്നു മുല്ലപ്പൂ വില്‍പ്പന നടത്തുന്ന തും , വരുന്നവര്‍ പൂവിലേക്കൊന്നു നോക്കാതെ , വാങ്ങാതെ കടന്നു പോകുന്ന ദിനങ്ങള്‍ കിനാക്കളാ യി പൂവമ്മയെ വിതുമ്പിച്ചു, വീര്‍പ്പു മുട്ടിച്ചു .
അതിനൊടുവില്‍ പൂവമ്മ ഒന്നും കഴിക്കാതെയായി .......കുടിയും കുളിയും മറന്നിരിപ്പായി.......
കടലക്കാരന്‍ ചങ്ങാതിയെത്തി പൂവമ്മയെ ആശുപത്രിയിലാക്കി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എങ്ങ നെയോ  കേട്ടറിഞ്ഞ് പൂവമ്മയെ ആശുപത്രിയില്‍ ചെന്ന് കണ്ടു. അവര്‍ പിന്നീട് പൂവമ്മയുടെ കാര്യ
ങ്ങളില്‍ ഇടപെടാന്‍ തുടങ്ങി .ദിവസങ്ങളും  മാസങ്ങളും .........അല്ല, കുറച്ചു കാലം പൂവമ്മ അങ്ങനെ
ആശുപത്രിയില്‍ ചിലവഴിച്ചു.
എത്രയെന്നു തിട്ടമില്ലാതെ......
മനസ്സ് സമനിലയിലെത്താന്‍ , തെരുവ് കണ്ടാല്‍ തിരിച്ചറിയാന്‍, പേടിച്ചോടി അകത്തു കയറി ഒളി ക്കാതിരിക്കാന്‍ ഒരുപാട് ദിനങ്ങളെടുത്തു.
ഒരു ദിവസം പതിവ് ചെക്കപ്പിനു വന്ന ഡോക്ടറോട് ,''എനിക്കാ പെണ്‍കുട്ടിയെ ഒന്ന് കാണണം ''
എന്നവരാവശ്യപ്പെട്ടു .
''ആവാലോ '' എന്ന് ഡോക്ടര്‍ ഉറപ്പു കൊടുത്തു. അന്ന് വൈകുന്നേരം പെണ്‍കുട്ടി മാതാപിതാക്കള്‍
ക്കൊപ്പം വന്നു പൂവമ്മയെ കണ്ടു.
പൂവമ്മ അവളുടെ തലയില്‍ തലോടി.......മുറിച്ച മുടിപ്പാടുകള്‍ തിരഞ്ഞു.........അതിലൂടെ തന്‍റെ ഓര്‍ മ്മയെ തിരികെ കൊണ്ടുവരാന്‍ നോക്കി.....
പെണ്‍കുട്ടിയെ കാണുമ്പോള്‍ പതുക്കെ പതുക്കെ കരുത്താര്‍ന്ന നിറജീവിതം പൂവമ്മയ്ക്ക് മുന്നില്‍ തുളുമ്പി നിന്നു .
അവളെ കാണുമ്പോള്‍ അവര്‍ പെട്ടെന്ന് കര കയറി വരുന്നു എന്നറിഞ്ഞ ഡോക്ടര്‍ പെണ്‍കുട്ടി യോട് ഇടയ്ക്കിടെ ഒന്ന് വരാന്‍ ആവശ്യപ്പെട്ടു. ആ വരവിലൂടെ കിണറിലകപ്പെട്ട ഒരു ജീവനെ കയറാല്‍ വലിച്ചെടുക്കും വേഗതയില്‍ പൂവമ്മയെ ആ കുടുംബം ഉശിരുള്ള, പഴയ, ആ പൂവമ്മ തന്നെയാക്കി . 
ആശുപത്രിയില്‍ നിന്ന് പൂവമ്മ മടങ്ങിയത് പെണ്‍കുട്ടിയുടെ വീട്ടിലേക്കായിരുന്നു. പിന്നീട് വീടിനോ ട് ചേര്‍ന്നുള്ള ഒരു മുറിയിലേക്കവര്‍ താമസം മാറ്റി. അധികം വൈകാതെ പൂവമ്മ തെരുവിലേക്കിറ ങ്ങി.
ആളുകളും വാഹനങ്ങളും മത്സരിച്ചോടുന്നത് കണ്ടു നിന്നു.......കടലക്കാരനില്‍ നിന്ന് കടല വാങ്ങി കൊറിച്ചു .......ഒച്ചയനക്കങ്ങളൊന്നുമില്ലാത്ത ഒരു തെരുവിനെക്കാള്‍ , ഈ ചലനങ്ങള്‍ തന്‍റെ മന സ്സില്‍ സംഗീതം നിറക്കുന്നു എന്നവര്‍ക്ക് ബോധ്യപ്പെട്ടു.   
തെരുവുകളുഴുത് മറിച്ച് ആരൊക്കെ ഭീതി വിതച്ചാലും ഈ തെരുവിന് ആ ഭീതികളെയൊന്നും  മുളപ്പി
ക്കാനും വളര്‍ത്താനുമാവില്ലെന്നു പൂവമ്മയ്ക്ക് തോന്നി ......
ജീവനുള്ള തെരുവ് പൂവമ്മയ്ക്ക് പുതു ജീവന്‍ നല്‍കി ......
പൂവമ്മ വീണ്ടും മുല്ലപ്പൂവുമായി തെരുവിലിറങ്ങി.....
ഒരു വേള, ഒറ്റയാളും ആ തെരുവില്‍ കടന്നു വരില്ല എങ്കിലും, ഒരു സ്ത്രീയും മുല്ലപ്പൂ വാങ്ങിയില്ലെങ്കി
ലും, പൂവമ്മ മുല്ലപ്പൂക്കളുമായി അങ്ങനെ ആ തെരുവിലിരിക്കും .
അതാണ് പൂവമ്മയുടെ വഴി .......
അവര്‍ക്ക് മുന്നില്‍ വേറെ വഴികളില്ല ......
എന്തെന്നാല്‍ പൂവമ്മ ആ തെരുവുമായി അത്രമാത്രം പ്രേമത്തിലാണ് .   

           

         

6 അഭിപ്രായങ്ങൾ:

 1. എന്നാല്‍ ആ തെരുവില്‍ ഒരു മുല്ലപ്പൂവിപ്ലവം നടക്കട്ടെ

  കഥയില്‍ വ്യത്യസ്തവഴി തേടുന്ന കഥാകാരിയ്ക്ക് അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. ശരിക്കും ഹൃദ്യമായ കഥ,അവതരണം. മുല്ലപ്പൂവില്‍ക്കാനിരിക്കുന്ന ഒരു സ്ത്രീയും ഏകാന്തമായൊരു തെരുവും എന്റെ മനസ്സില്‍ തെളിയുന്നു..പാരഗ്രാഫുകള്‍ അല്‍പ്പം സ്പെയിസ് ഇട്ടെഴുതുകയാണെങ്കില്‍ കാഴ്ചയ്ക്കും വായനയ്ക്കും സുഖകരമായിരിക്കും..

  മറുപടിഇല്ലാതാക്കൂ
 3. നാമെന്താകണമെന്നു
  നാമാണ് തീരുമാനം..
  പിന്നെ ദൈവ ഹിതവും!
  അല്ലാതെ തെരുവിലലയും
  പേപ്പട്ടികളല്ല!! rr

  മറുപടിഇല്ലാതാക്കൂ
 4. വളരെ വ്യത്യസ്തമായ വിഷയവും നല്ല എഴുത്തും

  പൂവംമയെ പരിചയപ്പെടുത്തുന്നതു മറ്റും കഥയിലേക്ക്‌ സ്വാഭാവികമായി അവതരിപ്പിച്ചിരുന്നു എങ്കില്‍ കഥ ആഖ്യാനം കുറച്ചുകൂടി മികവില്‍ ആക്മയിരുന്നു

  മറുപടിഇല്ലാതാക്കൂ
 5. അജിത്‌,ശ്രീക്കുട്ടന്‍, റിഷാ,സാജന്‍........നന്ദി.

  മറുപടിഇല്ലാതാക്കൂ