Google+ Followers

2014, ജനുവരി 1, ബുധനാഴ്‌ച

ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍ .........

ഭാഗം മൂന്ന്

         ''അമ്മമ്മ അടുപ്പത്ത് മീഞ്ചട്ടി വെച്ച് കൂട്ടാന് കത്തിക്കായിരുന്നു. കവുങ്ങിന്‍ പട്ടയാണ് . ഒപ്പം
ആളിരിക്കണം . അല്ലെങ്കില്‍ ആളോടൊപ്പം പോരും,  തീ . അതിനിടയില്‍ കുറെ നായകള്‍ വരി
വരിയായി അടുക്കളയ്ക്കടുത്ത് കൂടെ ഓടിപ്പോകുന്നതു അമ്മമ്മ കണ്ടു . കവുങ്ങിന്‍ തോട്ടത്തിലിറങ്ങി ചിലത് ഓളിയിടാനും തുടങ്ങി . ''പോടാ നായെ'' ന്നുള്ള ആട്ടലും കല്ലെറിഞ്ഞോടിക്കുന്നതിന്റെ ഒച്ച യും മീന്‍ തിളയ്ക്കുന്നതിനിടയില്‍ ആവിയായിപ്പോയി . നായ്ക്കള്‍ പരക്കം പായുന്നതിന്റെ ശബ്ദം
വളരെ അടുത്ത് നിന്നെന്ന പോലെ കേട്ടു . കന്നിമാസാണ്........വേളിക്കാലം......അമ്മമ്മ പറഞ്ഞു
കൊണ്ടിരുന്നു .

അമ്മമ്മടെ വീടിനു തൊട്ടടുത്തായാണ് കദീജുമ്മടെ വീട് . ഒരു മണ്ണഴുവാണ് അതിരായുള്ളത്,കാല്
കവച്ചു വെച്ചാല്‍ കദീജുമ്മടെ  പറമ്പിലെത്താം. കദീജുമ്മടെ അടുക്കളയോട് ചേര്‍ന്നൊരു കിണറു ണ്ട് നല്ല ആഴത്തില്‍ , നല്ലോണം വെള്ളമുള്ളത്. കിണറിനു ആള്‍മറയോ,വേലിയോ , മതിലോ ഒന്നു മില്ല. ഇടയ്ക്കിടയ്ക്ക് കോഴി , പൂച്ച , പെരുച്ചാഴി എന്നിവയൊക്കെ മാറി മാറി തരാതരം ഉമ്മടെ കിണറ്റില്‍ ചെന്ന് ചാടും . ഒരു വള്ളിക്കൊട്ട കയറിട്ടിറക്കി കദീജുമ്മ തന്നെ എല്ലാത്തിനെയും ജീവ നോടെയോ അല്ലാതെയോ കരക്കെത്തിക്കും . അതിനു ശേഷം കുറച്ചു ഉമിയിട്ടു കിണറ്റിലെ വെള്ളം പരിശുദ്ധമായതായി പ്രഖ്യാപിക്കും . ചെറിയ കുട്ടികളൊന്നും കിണറ്റില്‍ വീഴാതെ പടച്ചോന്‍
കാക്കും .

അമ്മമ്മ കൂട്ടാന്‍ ചട്ടി ഇറക്കി വെച്ചു. അടുപ്പിലെ തീ ശബ്ദം നിലച്ചപ്പോള്‍ കിണര്‍ വെള്ളത്തില്‍
ആരോ കിടന്നു കൈ കാലിട്ടടിക്കുന്നതിന്റെ ശബ്ദം  അമ്മമ്മ ശ്രദ്ധിച്ചു . കിണറ്റിന്‍ കരയില്‍ നിന്ന്
കദീജുമ്മേം കുട്ട്യോളും ഒറക്കെ വര്‍ത്താനം പറയുണൂണ്ട് ....ഇതിനെല്ലാം മേലെ കൂടി ഒരു നായയുടെ
അതീവ ദയനീയ നിലവിളി എല്ലാവരുടെയും ഉള്ളുലച്ചു ,ഒന്ന് വയറ് കാളിച്ചു , അവിടെ മുഴങ്ങാന്‍ തുടങ്ങി .
''നായ കിണറ്റീ ചാടീന്നാ തോന്നണ്........അമ്മമ്മ എല്ലോവരോട്വായി പറഞ്ഞു. അമ്മമ്മടെ വീട്ടിലു ള്ളവരെല്ലാം ചെവി വട്ടം പിടിച്ചു നിന്നു.കൂറ്റാക്കൂരിരുട്ടാണ്.......ചിമ്മിനി വിളക്കിന്റെ നാലു പുറത്തുള്ള
തൊഴികെ മറ്റൊന്നും ആര്‍ക്കും കാണാനില്ല ......കദീജുമ്മടെ ഒറക്കെയുള്ള വര്‍ത്താനം കിണറ്റിന്‍ ക രയില്‍ നിന്ന് കേള്‍ക്ക്ണണ്ട് ......
''എന്താ ബദരീങ്ങളെ , ഈ രാത്രി പ്പൊ നി ചെയ്യാ ......''
പുസ്തകങ്ങളെല്ലാം അവിടെ തന്നെ നിരത്തിയിട്ടു അച്ഛച്ചന് പിന്നാലെ എല്ലാരും പുറത്തിറങ്ങി .
''എന്താന്നും '' ന്നു അമ്മമ്മ വിളിച്ചു ചോദിച്ചു .
കദീജുമ്മടെ കൈയ്യിലുള്ള ചിമ്മിനി വിളക്കിലെ തിരി ഇരുട്ടിനോടും കാറ്റിനോടും മല്ലിട്ട് മങ്ങിയും മു
നിഞ്ഞും ഇടയ്ക്കൊന്ന് പാളിയും കത്തുന്നുണ്ട് . അങ്ങനെ പാളിക്കത്തുമ്പോള്‍ കദീജുമ്മേം അവരെ
വട്ടമിട്ടു നില്‍ക്കുന്ന അഞ്ചാറ് കുട്ട്യോളേം, കെട്ട്യോനേമൊക്കെ അമ്മമ്മ ഇങ്ങേവീട്ടിലെ ഇത്തിരി വെ ട്ടത്തില്‍ നിന്ന് കണ്ടു.
''ഒരു നായി ചാടി ....എന്താ പ്പൊ ചീയ്യാ ''....കദീജുമ്മ ആകപ്പാടെ എടങ്ങറായ മട്ടാണ്  ....ആയ കാലം തൊട്ടേ നായി ഹറാമ്മാണ് .......ദ്ദ്പ്പോ കുടി വെള്ളത്തിലാ ചാടീര്ക്ക്ണ് ......
അച്ഛച്ചന്‍റെ തൈലം തേപ്പ് പൂര്‍ത്തിയായിട്ടില്ല. തൈലം തേക്കുമ്പോ ഒരു തോര്‍ത്ത്‌ മാത്രേ ഉടുക്കൂ . ''യ്യ്, ആ മുണ്ട് ങ്ങട്ട് ഇട്ക്ക് .....''അച്ഛച്ചന്‍ ധൃതി കൂട്ടി . അമ്മമ്മ നീട്ടിയ മുണ്ടുടുത്ത്  അച്ഛച്ചന്‍ വേഗം അയല്‍പ്പക്കത്തിലെ കിണറ്റു കരയിലെത്തി. ഒപ്പം അമ്മമ്മേം കുട്ട്യോളും . കിണറ്റില്‍ ഒരഞ്ചെട്ടാള്‍
താഴ്ച്ചക്കുള്ള വെള്ളത്തില്‍ കിടന്നൊരു നായ കൈ കാലിട്ടടിക്കുന്നു .....കിണറ്റിലേക്കിത്തിരി ഇറ ങ്ങി അരികില്‍ വളര്‍ന്നു നില്‍ക്കുന്ന പാറകത്തിന്റെയും ഭ്രാന്തന്‍ ചെടിയുടെയും ഇലകള്‍ ഇടയ്ക്ക്
കിണറിലേയ്ക്കുള്ള കാഴ്ച്ചയെ മറയ്ക്കുന്നു ......അസ്വസ്ഥപ്പെടുത്തുന്നു .......ഇലകള്‍ക്കിടയിലും
പുല്‍പ്പടര്‍പ്പിനടിയിലുമായി പാമ്പിന്‍ മാളവും, ഊരിയിട്ട ഉറയും ഇരുട്ടിലേക്ക് വായ തുറക്കുന്നു.....തിള
ങ്ങുന്നു .......കുട്ടികളില്‍ പേടി വിതറുന്നു.........കിണറിനു തൊട്ടടുത്തായി കദീജുമ്മയുടെ ഓര്‍ക്കാപ്പുളി
മരം നല്ലോണം കായ്ച്ചു നില്‍പ്പുണ്ട് .....എല്ലാവരും എന്ത് ചെയ്യുമെന്ന ആധിയില്‍ കിണറ്റിലെ ഇരുട്ടിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ചക്ക പോലുള്ള ഓര്‍ക്കാപ്പുളികള്‍ മരത്തിലെ പിടി വിട്ട്
ബ്ലിങ്ങസ്സ്യാ ന്നു വെള്ളത്തിലേക്ക് കൂപ്പു കുത്തുന്നു .......കുറച്ചു കഴിഞ്ഞ് വെള്ളപ്പരപ്പിലേക്ക് പൊങ്ങി
വന്നു ചീയും വരെ ഞാനുമുണ്ട് കൂടെയെന്ന് നായയോട്‌ ഐക്യപ്പെടുന്നു......ചിമ്മിനി വിളക്കിലെ
വെളിച്ചം കിണറിലെ താഴ്ച്ചയിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. അപ്പഴേക്കും കിണറിനു ചുറ്റും ആള്
കൂടിയത് കണ്ടു വഴിപോക്കര്‍ ഓരോരുത്തരായി അവിടെക്കിറങ്ങിത്തുടങ്ങി .........ആരോ ഒരാള്‍ ടോര്‍ച്ചടിച്ചപ്പോള്‍  എല്ലാവരും നായയെ  നല്ലോണം കണ്ടു......കിണറിനു ചുറ്റും  ആഞ്ഞു തുഴഞ്ഞു കൊണ്ടേയിരിക്കുന്നു.........ഇങ്ങനെ നീന്തിയാല്‍ കരക്കെത്തും എന്നൊരു ഉറപ്പ് ആ ജീവിക്കുണ്ടെന്ന്
കരയില്‍ നില്‍ക്കുന്നവര്‍ക്ക് തോന്നുമാറൊരു നീന്തല്‍.........വെപ്രാളം ...........ആരെങ്കിലുമൊന്നു രക്ഷിക്ക് എന്ന ദീനക്കരച്ചില്‍...........           
         

1 അഭിപ്രായം: