Google+ Followers

2014, ജനുവരി 6, തിങ്കളാഴ്‌ച

ഉറവ പൊട്ടുമ്പോലെയീ ഓര്‍മ്മകള്‍.....

ഭാഗം നാല്

വല്ല്യുപ്പയുടെ കഥകളില്‍ പിടിച്ചാണ് ഫിദ പിച്ച വെച്ച് നടന്ന് തുടങ്ങിയത് . വല്ല്യുപ്പയുടെ അയല്‍പ്പ ക്കങ്ങളില്‍ ചെന്നുള്ള വെറ്റില മുറുക്കലിലൂടെ , കൂടെ കൂടിയിരുന്ന ഫിദ നേടിയത് നല്ല മുറുക്കമുള്ള ,മുറി കൂടുന്ന ബന്ധങ്ങളാണ്.മതിലുകള്‍ അത്രയൊന്നും ഉയരത്തില്‍ പൊങ്ങാത്ത ഒരു കാലത്തെ യും പ്രദേശത്തെയും ജീവിതങ്ങളെയും കുറിച്ച് അമ്മമ്മയും ,വല്ല്യുപ്പയുമെല്ലാം ചേര്‍ന്ന് വരച്ചിടുന്ന 
കുറെ നല്ല ചിത്രങ്ങള്‍ ഫിദയെ നിറഞ്ഞവളാക്കി ,നിറമുള്ളവളാക്കി  ...........ഒരിക്കല്‍ വല്ല്യുപ്പയെ മറി കടന്നു ,അതിശയപ്പെടുത്തി ,വല്ല്യുപ്പ തുടങ്ങിയ കഥ പാതി വെച്ച് അവള്‍  ഏറ്റു  പറയാന്‍ തുടങ്ങി ..........കൂരിരുട്ടില്‍,ഒരു കയറില്‍ തൂങ്ങി , കിണറ്റില്‍ വീണ നായയെ അതിന്റെ  ജീവിതത്തിലേക്ക്  കൂട്ടി കൊണ്ട് വരാന്‍ പോയ അച്ഛച്ചന്‍റെ കഥ .........


 ''യ്യാ കമ്പക്കയര്‍ ഒന്ന്ങ്ങട്ട് ഇട്ത്താ , ആ വരിക്കൊട്ടേം . അച്ഛച്ചന്‍ അമ്മമ്മയോട് പറഞ്ഞു.അച്ഛച്ച ന്‍റെ നല്ല പ്രായാണ്  അന്ന് .....മല മുന്നില്‍ വന്നു നിന്നാ ഒന്ന് മുട്ടി നോക്കുന്ന പ്രായം ......പിന്നെയാ ണോ ഒരു കിണറ്റിലെ നായ എന്നൊരു ഭാവം അച്ഛച്ചന്‍റെ കണ്ണില്‍ നിന്ന് അതിനിടയില്‍ തന്നെ അ മ്മമ്മ വായിച്ചെടുത്തിരുന്നു . അമ്മമ്മ വേഗം കയറും കൊട്ടയും എടുത്തു കൊടുത്തു . കൊട്ടേം കയറും കൂടി നല്ലോണം മുറുക്കി കെട്ടി , കൊട്ടയിലൊരു കല്ലിട്ടു അച്ഛച്ചന്‍ കിണറ്റിലേക്കിറക്കി കൊടുത്തു . കൊട്ട താഴ്ന്നു ന്നാ കേറി രക്ഷപ്പെട് ന്നു പറഞ്ഞു നായയുടെ തൊട്ടടുത്ത്‌ ചെന്ന് കിടന്നു .കിണറ്റിന്‍
കരയിലെ വര്‍ത്തമാനങ്ങളും,  കുഞ്ഞുവെളിച്ചങ്ങളും, നില കിട്ടാത്ത വെള്ളവും , ഇരുട്ടുമെല്ലാം നായ
യുടെ വെപ്രാളത്തെ കൂട്ടിയിരുന്നു . കൊട്ടയില്‍ നായ കയറിയില്ല ,എന്ന് മാത്രമല്ല കൊട്ട കാണു മ്പോഴേ എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞു രക്ഷപ്പെടാനും തുടങ്ങി . കൊട്ട തിരിച്ചും മറിച്ചും ഇട്ടു കൊടു ത്തു.....കൊട്ടയില്‍ ഒരു തവണ നായ കയറിയതാണ് ,എന്നാല്‍  അതില്‍ നിന്ന് ചാടി രക്ഷപ്പെട്ടു ......കൊട്ട, തന്നെ കൂടുതല്‍ അപകടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വന്നതാണെന്ന ഒരു മട്ടായിരുന്നു നായക്ക് ........ വല്ലാത്തൊരു കരച്ചിലോടെ നായ കൊട്ടയെ മറികടന്നു തുഴഞ്ഞു കൊണ്ടിരുന്നു, കൈകാലിട്ടടിക്കല്‍ വേഗത്തിലായി......ഇടയ്ക്കു മുങ്ങിത്താഴാനും തുടങ്ങി . കരയ്ക്ക്‌ നില്‍ക്കുന്നവര്‍ പരസ്പരം നോക്കി ..........
ഞാനൊന്നു എറങ്ങി നോക്കാം .....അച്ഛച്ചന്‍ അത് പറഞ്ഞപ്പോ അമ്മമ്മടെ വയറ് കാളി.....മേല് മുഴുവന്‍ എണ്ണയാണ്....കിണറാണ് ......കണ്ണും കാതുമില്ലാത്ത രാത്രിയാണ് .....
പിന്നീട് പലപ്പോഴും ,വല്ല്യുപ്പയടക്കം പലരും, ഒരന്തൂല്ല്യാതെ അങ്ങനെ ഇരുട്ടിലേക്ക്,ഒരു നായയെ രക്ഷിക്കാന്‍ , ഇറങ്ങി പോകാന്‍  തോന്നാനെന്തേയെന്നു അച്ഛച്ചനോട്  പല വട്ടം ചോദിച്ചിട്ടുണ്ട് . അതിനു, ലോകത്തെ മുഴുവന്‍ വിശ്വാസത്തിലെടുക്കുന്ന ഒരു പത്ത് കിണറാഴത്തിലുള്ള ഒരു ചിരി യാവും എപ്പോഴുമുള്ള മറുപടി ..............
''അപ്പൊ  അങ്ങനെ തോന്നി '',''ഒരു ജീവി ജീവന് വേണ്ടി കൈ കാലിട്ടടിക്കുമ്പോ നമ്മളാല്‍ കഴീ ണത് ചെയ്യണം ന്നു തോന്നി ''എന്ന് എപ്പഴോ മന്ത്രിക്കുന്ന  മട്ടില്‍ അമ്മമ്മയോട് പറഞ്ഞിട്ടുമുണ്ട് .
അച്ഛച്ചന്‍ ഇറങ്ങിത്തുടങ്ങിയപ്പോള്‍ ''തൈലം തേച്ചിരിക്കണതാ ....വഴുക്കോ' ന്നു അമ്മമ്മ തന്നോടാ യും അവിടെ കൂടിയവരോടായും ചോദിച്ചു കൊണ്ടിരുന്നു . ആ ചോദ്യത്തിലൂടെയാണ് കരുത്തുള്ള കമ്പക്കയറിലൂടെ അച്ഛച്ചന്‍ കിണറിലേക്ക് , ആഴത്തിലേക്ക് താഴ്ന്നു താഴ്ന്നു പോയത്........
ആദ്യമാദ്യം നായ അച്ഛച്ചനും പിടി കൊടുത്തില്ല . വന്നത് ശത്രുവോ മിത്രമോ എന്ന് ഇരുട്ടില്‍ അതിനും പെട്ടെന്ന് മനസ്സിലായിക്കാണില്ല.....
കുറെ നേരത്തെ കയറില്‍ തൂങ്ങിയുള്ള അഭ്യാസം കൊണ്ട് ,നോട്ടം കൊണ്ട്,മെയ്ഭാവം കൊണ്ട് , സ്നേഹ ശബ്ദം കൊണ്ട് അച്ഛച്ചന്‍ നായയെ ഒന്ന് പാട്ടിലാക്കി ,അതിനെ  കൊട്ടയില്‍ കയറ്റിയിരുത്തി . കരയ്ക്ക്‌ നില്‍ക്കുന്നവര്‍ പെട്ടെന്ന് നായയെ വലിച്ചു കയറ്റി. പുറത്തെത്തിയ നായ നന്ദി സൂചകമായി ഒന്ന് മൂളി , ഞരങ്ങി, കവുങ്ങിന്‍ തോട്ടത്തിലെ ഇരുട്ടിലേക്കൂളിയിട്ടു.......
എല്ലാവരും നായയെ വിട്ടു....ഇനി മനുഷ്യനാണ് .....കര കയറാനുള്ളത്.....അച്ഛച്ചന്‍ കയറില്‍ മുറു ക്കി പിടിച്ചു കയറിക്കയറി വരുന്നുണ്ടായിരുന്നു.......അച്ഛച്ചന് അപ്പോഴാണത്രെ കൈയ്യിത്തിരി വഴു ക്കുന്ന പോലെ തോന്നിയത് ......കിണറില്‍ നിന്ന് ഏകദേശം പകുതി മേലേക്ക് എത്തിയതാണ് അച്ഛച്ചന്‍ . പെട്ടെന്ന് പിടി വിട്ടു.......അച്ഛച്ചന്‍ വീണ്ടും വെള്ളത്തിലായി .......
''അയ്യോ ,....വഴുക്ക്ണ്ടാ .....അയ്യോ എന്താ പ്പൊ ചെയ്യാ ന്നുള്ള അമ്മമ്മടെ ചോദ്യത്തിനു മേലേക്ക് മഴ ചാറാന്‍ തുടങ്ങി.......വേഗം എന്തേലും ചീയണല്ലോ....മഴേം വര്ണ്ടാ ന്നു പറഞ്ഞപ്പഴേക്കും അമ്മ മ്മയുടെ തൊണ്ടയിലെ വെള്ളം വറ്റി.....''ഒന്നും കൂടി നോക്ക് ,യ്യ്...''കരയ്ക്ക്‌ നില്‍ക്കുന്നവര്‍ വിളിച്ചു പറഞ്ഞു .....രണ്ടാമതും കയറിലൂടെ വെളിച്ചത്തിലേക്ക്  കയറി വന്ന അച്ഛച്ചന്‍ വല്ല്യുപ്പയുടെ കൈ തൊട്ടതാണ്.......വിരല് കോര്‍ക്കാന്‍ നോക്കിയതാണ്....
പക്ഷെ അപ്പഴേക്കും അച്ഛച്ചന്‍ കുഴഞ്ഞു വീണ്ടും ആ ഇരുട്ടിലേക്ക് തന്നെ കൂപ്പു കുത്തി . ''അച്ഛാ ''
എന്ന് കുട്ടികള്‍ ആര്‍ത്തു കരയാന്‍ തുടങ്ങി.......ആ നിലവിളി  കിണറും ഇരുട്ടുമൊക്കെ ഏറ്റു പിടി ക്കാന്‍ തുടങ്ങിയപ്പോഴേക്കും അച്ഛച്ചന് തല ചുറ്റാന്‍ തുടങ്ങിയിരുന്നു. ''എന്തേല്വന്ന് ചീയണം .....നിക്ക് നല്ലോണം തല ചുറ്റ്ണ്ണ്ട് ..''അച്ഛച്ചന്‍ ഇത് കൂടി വിളിച്ചു പറഞ്ഞപ്പോള്‍ അമ്മമ്മടെ സകല ധൈര്യോം പോയി, അമ്മമ്മേം കുട്ട്യേളെ പോലെ ഒറക്കെ നെലോളിക്കാന്‍ തുടങ്ങി...... ............കൂട്ടക്കരച്ചിലായി.
വെളിച്ചമേകിയിരുന്ന ഒന്ന്,രണ്ടു മൂട്ട വിളക്കുകളില്‍  ചാറ്റല്‍ മഴ ധിക്കാരം കാണിച്ചു ........
അത്രത്തോളമായപ്പോള്‍ പിന്നെ ആളുകള്‍ കാത്തു നിന്നില്ല...............
മഴയ്ക്കും ഇരുട്ടിനും മീതെ മനുഷ്യരുടെ കനത്ത ശബ്ദം വന്നു വീഴാന്‍ തുടങ്ങി........
''വേഗം കസേര കൊണ്ട് വാ '', ''ഓന്റെ കുടീന്ന് ടോര്‍ച്ച് ചോയ്ക്ക് '', ''ആ...... കയര്‍ അവടെ ണ്ടാവും''
അങ്ങനെ  മഴയോട് മത്സരിച്ചായി പിന്നത്തെ നീക്കങ്ങള്‍........
ഞൊടിയിട കൊണ്ട് ഒരു കസേര കിണറ്റിലേക്കിറക്കി.................കൂടെ മറ്റൊരു കയറില്‍ വല്ല്യുപ്പയും
ഇറങ്ങിച്ചെന്നു......ചെന്ന പാടെ അച്ഛച്ചനെ താങ്ങി കസേരയിലിരുത്തി.ആ നേരം അച്ഛച്ചന്‍ നോ ക്കിയ ഒരു നോട്ടം പിന്നീട് തന്‍റെ ജന്മത്ത് തനിക്കു ഒരു മനുഷ്യനില്‍ നിന്നും കിട്ടിയിട്ടില്ലെന്നു വല്ല്യുപ്പ തന്‍റെ കഥകളില്‍ കൂട്ടിച്ചേര്‍ത്തു.......ജലത്തിലേക്ക്  അടര്‍ന്നു വീണു പോകുന്ന ജീവനെ തിരിച്ചു പിടി ച്ചു , ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വരുന്ന  ആ നിമിഷങ്ങളില്‍ ഒരാള്‍ മറ്റൊരാളെ നോക്കുന്ന ഒരു
നോട്ടം.........അത് വല്ലാത്തൊരു നോട്ടാണ് ........മറ്റൊരിടത്തും തിരഞ്ഞാല്‍ കിട്ടാത്തതുമാണ് ........... .........മനസ്സില്‍ വല്ലാതെ ഒട്ടിപ്പിടിച്ചിരിക്കുന്നതിനാല്‍ പറിച്ച്, പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .
അച്ഛച്ചന്‍ കസേരയിരുന്നും , വല്ല്യുപ്പ കയറിലാടിയും പതുക്കെ  കിണറ്റിന്‍ കരയിലെത്തിയപ്പോഴാ ണ് ശ്വാസം നേരെ വിട്ടതെന്ന് അമ്മമ്മ ചിരിച്ചു കൊണ്ട് പറയും . അമ്മമ്മ ചൂട് കഞ്ഞി വെള്ളം കൊ ടുത്ത് അച്ഛച്ചന്‍റെ തണുപ്പകറ്റി. ഒരന്തവുമില്ലാതെ നായയുടെ പിന്നാലെ കിണറ്റിലേക്കിറങ്ങിപ്പോയ
തനിക്കു വേണ്ടി നാട്ടുകാരും കൂട്ടുകാരും പെടാപ്പാടു പെട്ടത് കണ്ടു അച്ഛച്ചന്‍റെ തല കുനിഞ്ഞു....... വീണ്ടും വല്ല്യുപ്പയില്‍ കണ്ണുകളുടക്കി........''പിടിച്ചാ, പിടി കിട്ട്ണ് ല്ല്യ ,കയറ് മ്പ് ല് ......''വഴുക്ക് ന്നെ''
കൈ വിട്ടു പോയ പ്രാണനെ പറ്റി അച്ഛച്ചന്‍ പറയാന്‍ തുടങ്ങിയപ്പോഴേ വല്ല്യുപ്പ തടഞ്ഞു ,''ഇപ്പൊ
കൊയപ്പൊന്നു ല്ലല്ലോ.......വേം മേലിത്തിരി ചൂട് വെള്ളോഴിച്ച് ചോറ് തിന്നു കെടന്നോ ......മേല് വേ ദന ണ്ടാവും .നേരം കൊറേയീലെ '' ന്നും പറഞ്ഞു വല്ല്യുപ്പ പടി കയറിപ്പോയി . അതിനു പിന്നാലെ ഇറങ്ങി വന്നവരെല്ലാം ഓരോന്നും പറഞ്ഞു കയറിപ്പോയി . ''ങ്ങള് പേടിച്ചാ ന്നു മക്കളോട് ചോദിച്ച്
വീട്ടിലേക്കു തിരിച്ചു നടക്കുമ്പോ തൊട്ടടുത്ത കവുങ്ങിന്‍ തടത്തിലെ ഇരുട്ടില്‍ നിന്ന് രണ്ടു കണ്ണുകള്‍
തീ പോലെ തിളങ്ങി .......അതിലേക്കു അച്ഛച്ചന്‍ വിളക്ക് കാണിച്ചപ്പോള്‍..............വെള്ളമിററിറ്റു
വീണു അതേ നായ ..........നന്ദിയാല്‍ കൂമ്പിയൊതുങ്ങി നില്‍ക്കുന്നു ..........തന്നെ കാത്ത് ആ നായ
അത്രയും നേരമവിടെ ചുറ്റിപ്പറ്റി നില്‍പ്പുണ്ടായിരുന്നു എന്നത് അച്ഛച്ചന്‍റെ കരളലിയിച്ചു .... ........ മറ്റുള്ളവരുടെ കണ്ണ് നിറച്ചു ......പിടഞ്ഞു  ചത്തു പൊങ്ങുമായിരുന്ന തന്നെ ചേര്‍ത്ത് പിടിച്ചു കൊട്ട യിലെടുത്ത് വെച്ച് രക്ഷിച്ചയാള്‍ക്ക് നേരെ ഒന്ന് നോക്കി , നല്ലോണമൊന്നു മുരണ്ട് , ആട്ടിത്തീരാ ത്ത പോലെ വാലാട്ടി ,ആ നായ ഇരുട്ടിലേക്കോടിപ്പോയി .
വല്ല്യുപ്പക്ക് നേരെ വാക്കുകള്‍ക്കായി പിടഞ്ഞു നില്‍ക്കുന്ന അച്ഛച്ചനും, ഒരു വാക്ക് പോലും വരാത്ത ആ നായയുമെല്ലാം ജീവന്റെ വിലയറിഞ്ഞു തിരികെ വന്നവരാണെന്ന് അമ്മമ്മ .....
അവര്‍ക്ക് ,രക്ഷപ്പെടുത്തിയവര്‍ക്ക് മുന്‍പില്‍ വാക്കുകളോ , പൊങ്ങച്ചം പറച്ചിലുകളോ കാണില്ല ....
മന്ത്രിക്കലും, നോട്ടവും, തൊട്ടു തലോടലും  ................അങ്ങനെ മനസ്സില്‍ നിന്നടരുന്നതിനാല്‍ ചോര പൊടിയുന്ന എന്തെങ്കിലുമൊക്കെയെ കാണൂ ......''
ഫിദ പറഞ്ഞു നിര്‍ത്തിയപ്പോള്‍ പൊടിമീന്‍ കൂട്ടം തോട്ടിന്നാഴത്തിലേക്ക് ഒന്നിച്ചു ,പിടഞ്ഞു കുതിച്ചു .
ആകാശത്ത് നിന്ന് അവസാനത്തെ കിളിയും കൂട് തേടിപ്പോയി.....
വല്ല്യുപ്പ എണീറ്റ്‌ ,''പൂവാം'' എന്ന് ഫിദയുടെ കൈ പിടിച്ചപ്പോള്‍ അവര്‍ക്ക് നേരെ വന്നു കൊണ്ടിരു ന്ന ഒരാമ പെട്ടെന്ന് തല ഉള്ളിലേക്ക് വലിച്ചു .........അത് ഫിദയെ ആരെയെല്ലാമോ ഓര്‍മ്മപ്പെടുത്തി യതിനാല്‍ ഫിദ തല അല്പം പൊക്കിപിടിച്ച് നടക്കാന്‍ തുടങ്ങി......  
   
    

       
                   
  

1 അഭിപ്രായം:

  1. ആകാശത്ത് നിന്ന് അവസാനത്തെ കിളിയും കൂട് തേടിപ്പോയി.

    ഫിദയും വല്ല്യുപ്പ യും..വളരെ മനോഹരമായ കഥാഖ്യാനം ആയിരുന്നു.ഉറവ പോട്ടുമ്പോലെയീ ഓര്‍മ്മകള്‍ എന്ന തലകെട്ടും ഏറെ യോജിച്ചു..

    എഴുത്തും ഭാഷയും രചനാ ശൈലിയും എല്ലാം ഏറെ നന്നായി.കഥയുടെ ഒഴുക്ക് കുറച്ചു പതുക്കെ ആയി പോയോ എന്നൊരു സംശയം,പക്ഷെ എഴുത്തിന്റെ മികവ് നിലനിര്‍ത്തിയാണ് ഓരോ വരികളും..

    എഴുത്ത് തുടരുക..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ