2014, ജനുവരി 13, തിങ്കളാഴ്‌ച

അവളെ പാകപ്പെടുത്തിയെടുക്കുന്ന വിധം ...........

പല തരത്തിലാകാം............അതെ, പല മാതിരിയാണ് .
ഓരോ കുറ്റത്തിനും ഓരോ വീട്ടുകാരും അവരവരുടെ മനസ്സിന് തോന്നുന്ന ശിക്ഷകളാണ് വിധിക്കാറ്. 
ചുവരുകളും, ചട്ടീം, കലോം, അടുപ്പുമെല്ലാം പണ്ടേ പാകപ്പെട്ടു കഴിഞ്ഞതിനാല്‍,അവ  കണ്ടതൊ ന്നും ആരോടും മിണ്ടാറുമില്ല  ........
അകത്തെ കാര്യങ്ങള്‍ പുറത്ത് പറയാനുള്ളതല്ലെന്ന ഒരുറപ്പില്‍ മുതിര്‍ന്നവരെല്ലാം വായടച്ചും വെയ്ക്കും .
പക്ഷെ, അന്നയ്ക്കു മാത്രം അത് പറ്റിയില്ല ......വീട്ടില്‍ നടന്നത് മുഴുവന്‍ അവള്‍ കൂട്ടുകാരിയുമായി പങ്കു വെച്ചു. കൂട്ടുകാരിയിലൂടെ അത് നാട്ടുകാരറിഞ്ഞു. കുഞ്ഞുമാളെന്ന വേലക്കാരി പെണ്‍കുട്ടി മരി ച്ചതല്ല .........കൊന്നതാണ് . കുഞ്ഞുമാളില്ലാതെയായപ്പോള്‍ അന്നയ്ക്കില്ലാതായത് വീട്ടിനുള്ളിലെ കുഞ്ഞു ലോകത്തെയാണ്. വീട്ടില്‍ നിന്ന് മറ്റുള്ളവരെല്ലാം പുറത്താകുമ്പോള്‍, വേലക്കാരിയില്‍ 
നിന്നും വീട്ടുകാരിയില്‍ നിന്നും മാറി അവരിരുവരും ചേര്‍ന്ന് നെയ്തെടുത്ത കൂട്ടുകെട്ടിനെയാണ്......
എന്നെന്നേക്കുമായി കുഞ്ഞുമാള് അന്നയെ വിട്ടു പോയപ്പോള്‍ ഉണ്ടായ മരവിപ്പ് താങ്ങാനാവാതെയാ
യപ്പോളാണ് അന്ന പറയാന്‍ തുടങ്ങിയത് .......
അതില്‍ പിന്നീടാണ്‌ അന്നയുടെ അമ്മ ജയിലിലായത്......
മകള്‍ ഒറ്റു കൊടുത്ത അമ്മയായി, അന്നയുടെ അമ്മ തടവറയിലിരുന്ന് എന്ത് കൊണ്ട് അന്നയിത് മറച്ചു വെച്ചില്ല എന്ന് മകളെ കുറിച്ചോര്‍ക്കുമ്പോള്‍, ചായ്പ്പിന്റെ മുന്‍വശത്തിരുന്ന്‍ കുഞ്ഞുമാളിന്റെ 
ഉമ്മ എന്തുകൊണ്ട് മകളിതെല്ലാം മറച്ചുവെച്ചു എന്ന് നീറിപ്പുകയുകയായിരുന്നു ........
പാടവക്കത്ത് പൂത്ത് നിന്നിരുന്ന സൂര്യകാന്തി പൂക്കളെല്ലാം കൊടും വെയിലില്‍ വാടിപ്പോയിരുന്നു......
വൈകുന്നേരത്തെ ഇളം കാറ്റ് ഉമ്മയെയൊന്ന് തലോടി ധൃതിയില്‍ എങ്ങോട്ടോ പൊയ്ക്കൊണ്ടിരു ന്നു. പെട്ടെന്ന് ഉമ്മയില്‍ എന്തെന്നില്ലാത്ത സങ്കടം വന്നു നിറഞ്ഞു. ഈ കാറ്റിനോട് മത്സരിച്ചോടി 
വരാറുള്ള കുഞ്ഞുമാളിനെ ഉമ്മയിനി കാണില്ല. എല്ലാ ഓട്ടവുമവസാനിപ്പിച്ചു കുഞ്ഞുമാളിപ്പോള്‍ മണ്ണി
നടിയില്‍ അനക്കമറ്റു കിടപ്പാണ് എന്ന ഓര്‍മ്മയില്‍ അവരുടേ ദുഃഖം അണ പൊട്ടിയോഴുകാന്‍ തുട
ങ്ങി. അവര്‍ എല്ലാ നിയന്ത്രണങ്ങളും വിട്ടു നിലവിളിച്ചു കൊണ്ട്  അകത്തേക്ക് നിരങ്ങിപ്പോന്നു ........
നിരങ്ങി നീങ്ങാനേ വെയ്ക്കൂ ......കരിങ്കല്ലേറ്റുന്ന കാലത്ത് ഒന്ന് കാലുളുക്കി വീണതാണ് ........പിന്നെ 
നടന്നിട്ടില്ല. അപ്പോള്‍, നടക്കാത്ത ഉമ്മയെ ഇനിയും നടക്കുന്ന,  ജീവിച്ചിരിക്കുന്ന നാലു പെണ്‍കുട്ടി കള്‍ വന്ന്  വട്ടമിട്ട് പൊതിഞ്ഞു നില്‍ക്കും,പുറത്ത് തലോടിക്കൊടുക്കും, കരയല്ലേ ഉമ്മാ എന്ന് പതുക്കെയും തളരല്ലേ എന്ന് ഉറച്ചും പറയും.........ഞങ്ങക്ക് ഉമ്മ മാത്രല്ലേ ഉള്ളൂ എന്ന് പതിയെ പറഞ്ഞു കൊണ്ടിരിക്കും ........
ഉമ്മയപ്പോള്‍ ശബ്ദം താഴ്ത്തി കരഞ്ഞ് കുട്ടികളുടെ ഉപ്പയെ കുറിച്ചോര്‍ക്കും........കാലം അയാളുടെ 
മുഖം അവരില്‍ നിന്ന് കുടഞ്ഞു മാറ്റിയെങ്കിലും അയാളുടെ ചെയ്തികള്‍ എന്നും അവരെ ജ്വലിപ്പിച്ചു 
നിര്‍ത്താന്‍ പോന്നതായിരുന്നു ......
അഞ്ചാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോയ 
ആണൊരുത്തന്‍ .........
കെട്ട്യോന്‍ പോയാല്‍ പിന്നെ നിനക്കിവിടെന്ത് കാര്യമെന്ന് കൈ മലര്‍ത്തിയ ഭര്‍തൃ വീട്ടുകാര്‍ ........
അന്ന് മക്കളുമായി വീട്ടിലെത്തിയപ്പോള്‍ ''ഒരു ചായ്പ്പു കെട്ടിക്കോ ''ന്നു ഉപദേശിച്ചു ആങ്ങളച്ചെ ക്കന്‍. എത്ര കാലം കഴിഞ്ഞാലും നല്ല മിഴിവോടെ തന്നെയിരിക്കുന്ന ചില ഏടുകള്‍ ........
അങ്ങനെയാണ് കരിങ്കല്ലേറ്റാന്‍ തുടങ്ങിയത് .........നന്നായി പോയിരുന്നതാണ് ........അതിനിടയ് ക്കാണ് വീഴ്ച്ച .......അതോടെ കുട്ടികളുടെ പഠനം നിന്നു. ദിവസങ്ങള്‍ കഴിയുന്തോറും അവരുടെ വയറൊട്ടാനും കണ്ണുകള്‍ കുഴിയിലേക്ക് പോകാനും തുടങ്ങിയപ്പോള്‍ ഉമ്മയ്ക്കൊരു തീരുമാനത്തി ലെത്തേണ്ടി വന്നു.......ആയിടയ്ക്ക് ഒരു പരിചയക്കാരി ഒന്ന് വീണപ്പോള്‍ സഹായിക്കാന്‍ പോയ താണ് മൂത്തവള്‍ ......മക്കളില്‍ മൂന്ന് പേരങ്ങനെ വീട്ടുവേലക്കാരായി .........
മറ്റുള്ളവര്‍ക്ക് വെച്ചു വിളമ്പി അവരുമ്മാന്റെ വിശപ്പകറ്റി. ആരാന്‍റെ പാത്രം കഴുകിയും എച്ചിലെടു ത്തും അവരുമ്മാന് തണലേകാന്‍ നോക്കി.......അവര്‍ തനിക്കു പുറത്തിറങ്ങാന്‍ വീല്‍ചെയര്‍ വാങ്ങിത്തന്നു........തന്നെ സന്തോഷിപ്പിക്കാന്‍ നോക്കി. അപ്പോഴും  ചില വീട്ടുടമസ്ഥരുടെ ക്രൂരതകളും, ദേഷ്യവും,തുറിച്ച  നോട്ടവും, പീഡന കഥകളുമെല്ലാം  ഉമ്മയുടെ ഉറക്കം കെടുത്താന്‍ പോന്നതായിരുന്നു...............
ഏഴാംതരം കഴിഞ്ഞപ്പോഴാണ് കുഞ്ഞുമാള് അടുക്കളപ്പണിക്ക് പോയ്ത്തുടങ്ങിയത്. ആദ്യമാദ്യം അവള്‍ ദിവസോം വന്നിരുന്നു. പിന്നീടത്‌ ആഴ്ച്ചയിലൊരിക്കലായി. ........പിടിപ്പതു പണിണ്ടവടെ
എന്ന പതിവ് പല്ലവിയാണ് പലതിനുമുള്ള മറുപടി. 
അത്രയുമാലോചിച്ചപ്പോള്‍ ഉമ്മ പിന്നെയുമൊന്നു വിങ്ങിപ്പൊട്ടി. കരിങ്കല്ല് തകര്‍ത്ത തന്‍റെ കാലിലെ
എല്ലിനെ ചൂഴ്ന്നു ഒരു വേദന മിന്നിക്കയറി. ......
പാതിബോധത്തില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മകള്‍ പറഞ്ഞ കഥകള്‍ ആ ഉമ്മയുടെ മന സ്സിനെ മാത്രമല്ല തകര്‍ത്തത് ഉമ്മ എന്ന നിലയെയും നിലനില്‍പ്പിനെയും കൂടിയാണ് ..........ആ കഥ
കള്‍ കേട്ട് ഉമ്മ തകര്‍ന്ന്, നുറുങ്ങു ,നുറുങ്ങായി ചിതറിപ്പോയി .......ഒരിക്കലും കൂടിച്ചേരാനാവാത്ത വിധം .
വീട്ടുജോലിക്കാരിയായെങ്കിലും കുട്ടിക്കളിയും കുസൃതിയുമൊന്നും മാളൂനെ  കൈയൊഴിഞ്ഞിരുന്നില്ല . 
ഇടയ്ക്ക് ടി.വിയില്‍ പാട്ട് കേട്ടാലവളൊന്നു പാളി നോക്കും. അതിനും കിട്ടുമത്രേ ഇരുമ്പ് വടി കൊണ്ടടി .ഓടാതിരിക്കാന്‍ കെട്ടിയിടും . അവളെ കെട്ടിയിട്ടടിച്ചിരുന്ന കയറും വടിയുമെല്ലാം പോലിസ് കണ്ടെടുത്തിരുന്നു .........അവയില്‍ കുഞ്ഞുമാളിന്റെ ചോരയും മണവും കട്ട പിടിച്ചു  വേര്‍ 
തിരിച്ചെടുക്കാനാവാത്ത വണ്ണം കിടപ്പുണ്ടായിരുന്നു. ചോര മണക്കുന്നതെല്ലാം പോലീസ് കൊണ്ടു
പോയപ്പോള്‍ മാളൂന്റെ മണമുള്ള ഉടുപ്പുകളില്‍ ഉമ്മയും ഇത്താത്തമാരും മാളൂനെ കണ്ടുറങ്ങി ......
 ഇത്താത്തമാരെ അവളിനി ഉശിര് പിടിപ്പിക്കില്ലെന്നു .........
അവളുടെ സ്വപ്‌നങ്ങള്‍ ഇനിയീ   വീടിനു ചിറകുകള്‍ നല്‍കില്ലെന്ന് ........
അവളുടെ പാദസ്വരം ഇവിടെയിനി കിലുങ്ങില്ലെന്നു .........
മല പോലുള്ള ഒരു നഷ്ടം വന്നു തന്നെ മൂടുന്നത് പോലെ ഉമ്മയ്ക്ക് തോന്നി........എന്ത് കൊണ്ട് നികത്തും താനീ നഷ്ടമെന്നറിയാതെ വിതുമ്പി........
കുഞ്ഞുമാളിനെ കൊന്ന സ്ത്രീയെ ജയിലിലാക്കിയിരുന്നു . പോലീസിനോടവര്‍ കുഞ്ഞുമാളിന്റെ മോഷണക്കഥകളാണ് പറഞ്ഞത് .........
അവളെടുത്ത അമ്പതു രൂപയ്ക്കു വേണ്ടിയാണെങ്കില്‍ ഞങ്ങളഞ്ചു പേരുണ്ടായിരുന്നല്ലോ മടക്കി ത്തരാന്‍?
അവളെടുത്ത ഇത്തിരി പഞ്ചാരയ്ക്കും അരിയ്ക്കും വേണ്ടിയാണെങ്കില്‍ ഞങ്ങള്‍ നാലിത്തമാരും
ചേര്‍ന്ന് ദുഷ്ടേ  , നിന്നെ  അരിയും പഞ്ചാരയും കൊണ്ട് നിറക്കുമായിരുന്നല്ലോ?
കൊല്ലാതെ വിടാമായിരുന്നില്ലേ ഞങ്ങള്ളെ കുഞ്ഞുമാളെ?
ഞങ്ങക്കവളെ അത്രക്കിഷ്ടായിരുന്നല്ലോ .......
അവളില്ലാതെ ഞങ്ങള്‍ വെറും പുറം തൊണ്ട് മാത്രമായതായി തോന്നുന്നുവല്ലോ ........
അവളില്ലാത്ത ഞങ്ങളുടെ ചായ്പ്പു, ഒന്ന് ചായാന്‍ പോലും പറ്റാത്ത, കുറച്ചു തുണിക്കഷ്ണങ്ങളും മരക്ക ഷ്ണങ്ങളും തെങ്ങോലയും  കൂട്ടിക്കെട്ടിയ എന്തോ ഒന്ന്   മാത്രമായി   തോന്നുന്നുവല്ലോ ........
അവളുടെ ജീവന്‍, അതെങ്കിലും നിങ്ങള്‍ക്ക്, ഞങ്ങള്‍ക്കായി ബാക്കി വെയ്ക്കാമായിരുന്നില്ലേ.......

പിറ്റേന്ന്, ആ ചായ്പ്പില്‍ ഉമ്മയുണര്‍ന്നത്‌ ഒരു തീരുമാനത്തിലൂന്നിയായിരുന്നു. മക്കളെല്ലാം ഓരോരു ത്തരുടെ  പണിക്ക് പോയപ്പോള്‍,പൊടി പിടിച്ചു കിടക്കുന്ന വീല്‍ ചെയര്‍ തുടച്ചു, കിടക്കപ്പായില്‍ കിടക്കുന്ന കുഞ്ഞുമാളിന്റെ കുപ്പായം ഒന്നുകൂടി മണത്തു , മാളൂന്റെ ബാഗില്‍ നിന്ന് കിട്ടിയ അവളെഴു തിയ കടലാസും കൈയിലെടുത്തു ഉമ്മ വീല്‍ചെയര്‍ സ്വയം കറക്കി നീങ്ങിത്തുടങ്ങി .........
''വക്കീല്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് അവരെയൊന്നു   കാണണം ........ഈ എഴുത്ത്  കാണിക്കണം...........''.
അപ്പോള്‍ ഉമ്മയുടെ കാഴ്ച്ച നിറയെ കുഞ്ഞുമാളോടൊപ്പം തുള്ളിക്കളിക്കാറുള്ള തുമ്പികളായിരുന്നു..... 
  പാടത്തു നിറയെ പറന്നു കളിക്കുന്ന കിളികള്‍ ഉമ്മയോട് എന്തെല്ലാമോ ചിലച്ചുകൊണ്ടിരുന്നു........
തുള്ളിക്കളിക്കുന്നതിന്റെയും, പാറിപ്പറക്കുന്നതിന്റെയും ഇടയിലൂടെ അങ്ങനെ സ്വയം ചക്രം കറക്കി നീങ്ങുമ്പോള്‍ ഉമ്മക്കെന്തോ അന്ന്,അപ്പോള്‍ ഒരു വലിയ ആശ്വാസം തോന്നി .......
മാളു എഴുതിയ ആ  വരികള്‍ ഉമ്മയിലേക്ക് കാറ്റൊന്നിച്ചു  കടന്നു വരാന്‍ തുടങ്ങി ........
ആ വരികള്‍ ഏകദേശം  ഇങ്ങനെയായിരുന്നു ......

നിങ്ങളുടെ ചൊല്പടിയില്‍,
കുറഞ്ഞ കൂലിയില്‍,
ഒരുവളെയകത്ത് കിട്ടിയാല്‍,
ആഹാരം പാകം ചെയ്യുന്നതിനിടയില്‍,
നിങ്ങളവളെ പാകപ്പെടുത്തുന്നതെങ്ങനെ?

ഇരുമ്പ് വടിയാല്‍ പൊള്ളിച്ചാണോ?
തിളച്ച വെള്ളം തെളിച്ചാണോ?
കയറില്‍ കെട്ടി വലിച്ചാണോ?
പുളിച്ചത്‌ പറഞ്ഞും 
കൊടുത്തുമാണോ?
പുത്രനൊരുത്തന് കൂട്ടു കിടത്തിയാണോ?
കീറിയതിട്ടതിലാഹ്ലാദിച്ചാണോ?
എന്തെന്ന ചോദ്യത്തിനു 
കവിളത്തടിയുത്തരം നല്‍കിയാണോ?
സഹജീവിയായ്  കാണാതെ 
കുട്ടിക്കലമായ്ക്കരുതി 
കരുതിക്കൂട്ടിയുടച്ചു കളഞ്ഞാണോ?

നിങ്ങളുടെ ചൊല്പ്പടിയ്ക്ക്, 
കുറഞ്ഞ കൂലിയ്ക്ക്,
ഒരുവളെയകത്ത് കിട്ടിയാല്‍,
മറ്റെന്തെല്ലാം സാധ്യതകളാണ് 
നിങ്ങളുടെയുള്ളിലിപ്പോഴുള്ളത് ?


          
 

9 അഭിപ്രായങ്ങൾ:

  1. ഇത് ഒരു കഥയാണെന്ന് വിചാരിക്കുന്നു. എഴുത്ത് കൊള്ളാം. കഥയ്ക്കകത്തെ കവിതയും ഇഷ്ട്ടമായി.

    മറുപടിഇല്ലാതാക്കൂ
  2. കഥയും കഥയക്ക് അകത്തെ കവിതയും ഇഷ്ടമായി...

    മറുപടിഇല്ലാതാക്കൂ
  3. നന്ദി........സാജന്‍, കനകാംബരന്‍......

    മറുപടിഇല്ലാതാക്കൂ
  4. കഥകളൊക്കെ നന്നായിട്ടുണ്ട്. ബ്ലോഗിൽ ഇപ്പോഴൊക്കെ വായനക്കാർ എത്തുന്നത് പണ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണു. എല്ലാവരും ഫേസ്‌ബുക്കിന്റെ മായികലോകത്താണല്ലൊ. കഥകൾ ബ്ലോഗിൽ എഴുതിയത് ഫേസ്‌ബുക്കിലും കോപ്പി-പേസ്റ്റ് ചെയ്ത് പോസ്റ്റാക്കിയാൽ കുറച്ചുകൂടി വായനക്കാർ കാണും. ആദ്യത്തെ കഥയിലെ നാടൻ ഭാഷ ഇഷ്ടമായി.

    ആശംസകളോടെ,

    മറുപടിഇല്ലാതാക്കൂ
  5. വായിച്ചു, ഇഷ്ടപ്പെട്ടു, സാമൂഹ്യാന്തരങ്ങള്‍ സൃഷ്ടിക്കുന്ന മുറിവുകളില്‍ ചിലത് മാത്രമേ നമ്മള്‍ കാണുന്നുള്ളൂ, ഇത് പോലെ എത്ര എത്ര മാളുക്കുട്ടിമാര്‍..

    മറുപടിഇല്ലാതാക്കൂ
  6. എഴുത്തിനൊരു ശക്തിയുണ്ട്.
    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. അടുത്തകാലത്ത് മനസ്സിനെ വല്ലാതെ നോവിച്ച ഒരു സംഭവത്തെ ഈ കഥയുമായി കൂട്ടിയോജിപ്പിക്കാം , എഴുത്ത് തുടരുക ,അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  8. ഫൈസല്‍, അജിത്‌,പ്രവീണ്‍,കെ.പി.......എല്ലാവര്‍ക്കും സ്നേഹം.

    മറുപടിഇല്ലാതാക്കൂ
  9. കഥ നന്നായിട്ടുണ്ട്.വീട്ടുകാരുടെ പീഡനമേറ്റ പല വേലക്കാരുടെയും വാര്‍ത്തകളും ഓര്‍മകളും മനസിലൂടെ കടന്നുപോയി.ഒപ്പം 'മന്ജാടിക്കുരു' സിനിമയും.അഞ്ജലി മേനോന്റെ ഈ സിനിമ നന്നായിട്ടുണ്ട്.കണ്ടിട്ടില്ലെങ്കില്‍ കാണണം.
    -സെബി ജോസഫ് ,തൃശൂര്‍ (ph : 9495089113)

    മറുപടിഇല്ലാതാക്കൂ